പൂന്തുറയിൽ കോവിഡ് പരിശോധന വർധിപ്പിക്കും ^മന്ത്രി

പൂന്തുറയിൽ കോവിഡ് പരിശോധന വർധിപ്പിക്കും -മന്ത്രി തിരുവനന്തപുരം: പൂന്തുറ മേഖലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രോഗം സ്ഥിരീകരിക്കുന്നവരെ വളരെ വേഗം ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പൂന്തുറ മേഖലയിലെ രാഷ്​ട്രീയ-സാമുദായിക നേതാക്കളുമായി ഓൺലൈനിലൂടെ മന്ത്രി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനങ്ങൾ. ഈമാസം 10ന് പൂന്തുറ മേഖലയിലെ പൊതു ഇടങ്ങളിലും വീടുകളിലും അണുനശീകരണം നടത്തും. പൊതു ഇടങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിലാകും ശുചീകരണ പ്രവർത്തനങ്ങൾ. വീടുകളിൽ കുടുംബാംഗങ്ങൾ തന്നെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. രോഗപ്രതിരോധം ശക്തിപ്പെടുത്തുന്നതി​ൻെറ ഭാഗമായി പാവപ്പെട്ടവർക്ക് നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യമായി മാസ്‌ക്കുകൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വി.എസ്. ശിവകുമാർ എം.എൽ.എ, കൗൺസിലർമാരായ പ്രിയ ബിജു, ബീമാപള്ളി റഷീദ്, രാഷ്​ട്രീയ സാമുദായിക മേഖലയിലുള്ള പ്രമുഖർ തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.