1586 പേർ വിരമിക്കുന്നു; നിയമനം വേണ്ടെന്ന്​ കെ.എസ്​.ഇ.ബി

പി.പി. പ്രശാന്ത്​ തൃശൂർ: കെ.എസ്​.ഇ.ബിയിൽ നടപ്പു സാമ്പത്തികവർഷം വിരമിക്കുന്ന 1586 തസ്തികയിൽ പുതുനിയമനം ഉണ്ടായേക്കില്ല. ബോർഡിലെ പുനഃസംഘടനയുടെ ഭാഗമായി ചെലവുകുറക്കുന്നതിന്​ വേണ്ടിയാണിത്​. ഈ മാസം ആദ്യവാരം ചേർന്ന കെ.എസ്​.ഇ.ബി ലിമിറ്റഡിന്‍റെ ഡയറക്ടർമാരുടെ യോഗമാണ്​ കഴിഞ്ഞ​ 11 മുതലുള്ള വിരമിക്കൽ നിയമനങ്ങൾ മരവിപ്പിക്കുന്ന കാര്യം പരിഗണിക്കാൻ തീരുമാനിച്ചത്​. തൊഴിൽ സംഘടനകളുമായും സർക്കാറുമായും മന്ത്രിയുമായും കൂടിയാലോചിച്ചാണ്​ അന്തിമ തീരുമാനമെടുക്കുക. കെ.എസ്​.ഇ.ബി ലിമിറ്റഡിൽ നടപ്പാക്കിയ കമ്പ്യൂട്ടർവത്​കരണത്തിന്‍റെയും നൂതന സാ​ങ്കേതികവിദ്യകളുടെയും ഫലമായി നിലവിലെ ജീവനക്കാരുടെ എണ്ണവും ചെലവുകളും കുറക്കാനും അധികമായി കണ്ടെത്തുന്ന ജീവനക്കാരെ പുനർവിന്യസിക്കാനും റെഗുലേറ്ററി കമീഷൻ കെ.എസ്​.ഇ.ബിക്ക്​ നിർദേശം നൽകിയിരുന്നു. കെ.എസ്​.ഇ.ബി ലിമിറ്റഡിൽ നിലവിൽ ജോലി ചെയ്യുന്ന 33,000ത്തോളം ജീവനക്കാരിൽ 27,175 പേർക്ക്​​ ശമ്പളവും മറ്റ്​ ആനുകൂല്യങ്ങളും നൽകാനുള്ള തുക മാത്രമേ കേരള സ്​റ്റേറ്റ്​ ഇലക്​ട്രിസിറ്റി റെഗുലേറ്ററി കമീഷൻ അനുവദിച്ചിട്ടുള്ളൂ. മറ്റുള്ളവരുടെ ശമ്പള-ആനുകൂല്യ ചെലവ്​ താരിഫ്​ ഇനത്തിൽ കിട്ടാത്ത സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള വഴികൾ തേടുകയാണ്​ കെ.എസ്​.ഇ.ബി. ബോർഡിലെ അനാവശ്യ തസ്തികകളെയും ചില ഓഫിസുകളിലെ അധിക ജീവനക്കാരെയും പുനഃക്രമീകരിക്കുക എന്നതാണ്​ ഇപ്പോൾ വിരമിക്കുന്നവർക്കു പകരം ആളെ നിയമിക്കേണ്ടതില്ലെന്ന തീരുമാനത്തിന്​ പിന്നിലെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. അനാവശ്യ തസ്തികകൾ വഴി കോടിക്കണക്കിന്​ രൂപയാണ്​ പ്രതിമാസം നഷ്ടമാകുന്നതെന്ന്​ വിദഗ്​ധർ ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള നടപടികൾക്ക്​ വിലക്ക്​ വരുമോ എന്ന ആശങ്കയിലാണ്​ ജീവനക്കാർ. പുതുനിയമനം കാത്തിരുന്നവർക്കും നീക്കം തിരിച്ചടിയായിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.