ചെറുപുഴ വീണ്ടെടുപ്പിന്​ അയ്യായിരം പേരിറങ്ങും

കോഴിക്കോട്: ലോക ജലദിനമായ മാര്‍ച്ച് 22ന് കടിയങ്ങാട് ചെറുപുഴ വീണ്ടെടുപ്പിനും പരിപാലനത്തിനുമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ നാട്ടുകാര്‍ കർമരംഗത്തിറങ്ങും. കൂത്താളി പഞ്ചായത്ത് അതിര്‍ത്തിയോട് ചേര്‍ന്ന പര്യായി-ഏരംതോട്ടം കോവുപ്പുറം മുതല്‍ കല്ലൂര്‍മൂഴി വരെയുള്ള ഏഴ് കിലോമീറ്ററാണ് മാലിന്യങ്ങള്‍ നീക്കി കുളിക്കടവുകളൊരുക്കി സംരക്ഷിക്കുക. അയ്യായിരത്തോളം സന്നദ്ധ പ്രവര്‍ത്തകരെ പദ്ധതിക്കായി രംഗത്തിറക്കുമെന്ന്​ സംഘാടക സമിതി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. കടിയങ്ങാട് പാലത്തിനടുത്ത് 22ന് രാവിലെ ഒമ്പതിന് ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ സന്നദ്ധ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടറും ജനപ്രതിനിധികളും പങ്കെടുക്കും. വീണ്ടെടുപ്പ് ദൗത്യത്തിന്റെ സംഘാടക സമിതി ഓഫിസ് കഴിഞ്ഞ ദിവസം തുറന്നിരുന്നു. കടിയങ്ങാട് പാലത്തിനു സമീപമാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ചെയര്‍മാനും കെ.വി. കുഞ്ഞിക്കണ്ണന്‍ ജന. കണ്‍വീനറും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ് ട്രഷററുമാണ്​. 5000 സന്നദ്ധ പ്രവര്‍ത്തകര്‍ അടങ്ങുന്ന കമ്മിറ്റിയാണ് പുഴ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്നത്​. വാർത്തസമ്മേളനത്തില്‍ ഉണ്ണി വേങ്ങേരി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.