നഷ്ടപ്പെട്ട വഖഫ് സ്വത്തുകൾ തിരിച്ചുപിടിക്കും -മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: അന്യാധീനപ്പെട്ട മുഴുവന്‍ വഖഫ്​ സ്വത്തുകൾ ഈ സര്‍ക്കാറിന്റെ കാലത്തുതന്നെ തിരിച്ചുപിടിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇതിന് പൊതുസമൂഹത്തി‍ന്റെ ശക്തമായ പിന്തുണ വേണം. രിസാല വാരികയുടെ വഖഫ്​ പതിപ്പ്​ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. മുസ്​ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം വിശ്വാസപ്രധാനമാണ് വഖഫ് സ്വത്തുകള്‍. ഇവ ക്രമവിരുദ്ധമായി പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കെട്ടിടം പണിയുകയും മറിച്ചുവില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം കണ്ടെത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനെ രാഷ്ട്രീയപരമായ നടപടിയെന്ന് പറഞ്ഞ്​ വിലകുറച്ചുകാണിക്കാന്‍ ശ്രമംനടത്തുന്നുണ്ട്. പ്രതിബന്ധമെന്തുതന്നെയുണ്ടായാലും സര്‍ക്കാര്‍ മുന്നോട്ടുപോകും. ഡിജിറ്റലൈസേഷന്‍ നടപടികള്‍ ഇപ്പോള്‍തന്നെ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയും കൈവശംവെച്ച വഖഫ്​ സ്വത്തുകള്‍ നഷ്ടപ്പെടുമെന്ന ഭയത്താലാണ് ചിലര്‍ സമരവുമായി രംഗത്തിറങ്ങുന്നത്. എന്നാല്‍, ഇതിനെ രാഷ്ട്രീയ വിഷയമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല -അദ്ദേഹം പറഞ്ഞു. എസ്. ശറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കാസിം ഇരിക്കൂർ, സി.എന്‍. ജഅ്ഫര്‍, ഹാമിദലി സഖാഫി പാലാഴി, സലീം അണ്ടോണ എന്നിവർ സംസാരിച്ചു. പ്രവാസികള്‍ക്ക് ഈടുരഹിത വായ്പ കോഴിക്കോട്: കോവിഡ് കാരണം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും കേരള ബാങ്ക് 8.75 ശതമാനം പലിശനിരക്കില്‍ അഞ്ചുലക്ഷം രൂപവരെ ഈടുരഹിത വായ്പ നല്‍കും. നോര്‍ക്ക റൂട്ട്‌സി‍ന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രവാസി ഭദ്രതവായ്പാ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ മൂന്നു ശതമാനം പലിശ സബ്‌സിഡിയും ഒരു ലക്ഷം രൂപവരെ കാപിറ്റല്‍ സബ്‌സിഡിയും ലഭിക്കും. പ്രവാസിഭദ്രത വായ്പയുടെ ജില്ലതല വിതരണോദ്ഘാടനം കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ് ബാബു നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.