സ്പെഷൽ കാഷ്വൽ അവധി റദ്ദാക്കൽ;കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഒഴിവാക്കണമെന്ന ആവശ്യം ശക്തം

കോഴിക്കോട്: കോവിഡ് സമ്പർക്കമുള്ള സർക്കാർ ജീവനക്കാർ ഓഫിസുകളിൽ എത്തണമെന്ന ഉത്തരവിൽനിന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാവുന്നു. കോവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അനുവദിച്ച ഒരാഴ്ചത്തെ സ്പെഷൽ കാഷ്വൽ അവധിയാണ് സർക്കാർ റദ്ദാക്കിയത്. കഴിഞ്ഞ സെപ്റ്റംബർ 15 മുതൽ ലഭിച്ചിരുന്ന ആനുകൂല്യമാണ് ഇപ്പോൾ ഒഴിവായത്. പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന ഡ്രൈവർമാരും കണ്ടക്​ടർമാരും ജോലിക്ക് പ്രവേശിച്ചാൽ കോവിഡ് വ്യാപനം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. നിലവിൽ കോഴിക്കോട് ഡിപ്പോയിൽ ഒരു സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 40 ഓളം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കോവിഡ് ബാധിച്ച് അവധിയിലാണ്. 85 ഒാളം ഷെഡ്യൂളുകളുണ്ടായിരുന്ന കോഴിക്കോട് ഡിപ്പോയിൽ കോവിഡ് ആരംഭിച്ചതോടെ 75 മുതൽ 73 ഷെഡ്യൂളുകളായി ചുരുക്കിയിരുന്നു. വ്യാപനം തീവ്രമായതോടെ യാത്രക്കാരുടെ കുറവുകാരണം ഷെഡ്യൂളുകൾ വീണ്ടും കുറച്ച് 55 മുതൽ 60 ഷെഡ്യൂളുകളാക്കി. നിലവിൽ ഷെഡ്യൂളുകൾ കുറച്ചതിനാൽ ജീവനക്കാരുടെ കുറവ് കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നില്ല. എന്നാൽ, രോഗവ്യാപനം ക്രമാതീതമായി കൂടിയാൽ സർവിസുകൾ മുടങ്ങുമെന്നാണ് തൊഴിലാളികൾ പറയുന്നത്. കോവിഡ് സമ്പർക്കമുള്ള ജീവനക്കാർ സുരക്ഷിതമായി പ്രത്യേകം മാറിയിരുന്ന് ജോലിചെയ്യണമെന്നാണ് പുതിയ നിർദേശം. എന്നാൽ, കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇത് പ്രായോഗികമാവില്ല. ഈ സാഹചര്യത്തിൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കോവിഡ് സമ്പർക്കമുണ്ടായാൽ കാഷ്വൽ ലീവ് അനുവദിക്കണമെന്നാണ് കെ.എസ്.ടി.ഇ.ഒ (എസ്.ടി.യു) ആവശ്യപ്പെടുന്നത്. കെ.എസ്.ആർ.ടി.ഇ.യു (സി.ഐ.ടി.യു) ജീവനക്കാർക്കുൾപ്പെടെ സർക്കാർ ഉത്തരവിനോട് പൂർണ യോജിപ്പില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.