ട്വന്റി20 പ്രവർത്തകന്‍റെ ​​കൊലപാതകം: ജാമ്യഹരജി പരിഗണിക്കുന്ന കോടതി മാറ്റാൻ പിതാവ്​ ഹൈകോടതിയിൽ

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിനെ ​​കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യഹരജി എറണാകുളം പ്രിൻസിപ്പൽ ജില്ല സെഷൻസ്​ കോടതിയിൽനിന്ന്​ മാറ്റണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയിൽ പിതാവിന്‍റെ ഹരജി. ഈ കോടതിയിൽ ന്യായമായ വിചാരണ നടക്കില്ലെന്ന ആരോപണവുമായാണ്​ പിതാവ്​ കുഞ്ഞാറു ഹരജി നൽകിയിരിക്കുന്നത്​. ഹരജി പരിഗണിച്ച ജസ്റ്റിസ്​ എ.എ. സിയാദ്​ റഹ്​മാൻ സർക്കാറിന്‍റെ വിശദീകരണം തേടി. ഫെബ്രുവരി 12ന്​ സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിനിരയായ ദീപു 18ന് ആശുപത്രിയിലാണ്​ മരിച്ചത്​. അറസ്റ്റിലായ സി.പി.എം കാവുങ്ങൽപറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്​ദുൽറഹ്​മാൻ, പാറാട്ട്​ വീട്ടിൽ സൈനുദ്ദീൻ സലാം, നെടുങ്ങാടൻ ബഷീർ, വലിയപറമ്പിൽ അസീസ് എന്നിവരുടെ ജാമ്യഹരജിയാണ്​ പരിഗണനയിലുള്ളത്​. കോടതിയിൽനിന്ന്​ തനിക്കോ വീട്ടുകാർക്കോ നോട്ടീസ്​ ലഭിച്ചിട്ടില്ലെന്നും ഹരജി നൽകിയതറിഞ്ഞ്​ അതിനെ എതിർത്ത്​ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കുഞ്ഞാറു പറയുന്നു. എഫ്.ഐ.ആറിന്റെ പകർപ്പ് ഉൾപ്പെടെ നൽകുകയോ അന്വേഷണ പുരോഗതി അറിയിക്കുകയോ ചെയ്തില്ല. പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തടയുന്ന നിയമത്തിലെ 15ാം വകുപ്പ്​ പ്രകാരം ഇതിന്​ അവകാശമുണ്ടെന്ന് വാദിച്ചെങ്കിലും ഇത്തരത്തിൽ നിയമത്തെ വ്യാഖ്യാനിക്കാനാകില്ലെന്ന നിലപാടാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി സ്വീകരിച്ചത്​. പ്രിൻസിപ്പൽ സെഷൻസ് ജഡ്​ജിയുടെ പിതാവ് സി.പി.എം തൃശൂർ ജില്ല സെക്രട്ടറിയാണെന്നും പാർട്ടിയിൽ ഉന്നതസ്ഥാനം വഹിക്കുന്നയാളാണെന്നും പിന്നീട് അറിഞ്ഞു. സി.പി.എം പ്രവർത്തകർ പ്രതികളായ കേസിൽ അവർക്കായി ഹാജരായത് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയാണ്. ന്യായമായ വിചാരണ നടക്കില്ലെന്ന് ആശങ്കയുള്ളതിനാലാണ്​ കേസ്​ മറ്റൊരു കോടതിയിലേക്ക്​ മാറ്റണമെന്ന്​ ആവശ്യപ്പെടുന്നതെന്ന്​ ഹരജിയിൽ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.