കൊച്ചി: ആലുവ ജലശുദ്ധീകരണ ശാലയിൽ സ്ഥാപിക്കുന്ന പുതിയ പ്ലാന്‍റ് പ്രവർത്തനക്ഷമമാകുന്നതോടെ കൊച്ചി നഗരത്തിൻെറ കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ. 190 എം.എൽ.ഡി ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പുതിയ പ്ലാന്‍റിലൂടെ വൈപ്പിൻ, മുളവുകാട്, ചേരാനല്ലൂർ തുടങ്ങിയ മേഖലകളിലും കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. രൂക്ഷമായ കുടിവെള്ളക്ഷാമം നിലനിൽക്കുന്ന അവസ്ഥയിൽ അവതരിപ്പിച്ച കോർപറേഷൻ ബജറ്റിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. പുതിയ പ്ലാന്‍റിന് 180 കോടിയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകിയിരുന്നു. കൊച്ചിക്കുപുറമെ നാല് മുനിസിപ്പാലിറ്റികൾക്കും 13 പഞ്ചായത്തുകൾക്കും സഹായകമാകുന്നതാണ് പദ്ധതി. നിലവിൽ ആലുവ പ്ലാന്‍റിൽനിന്ന് പ്രതിദിനം 225 ദശലക്ഷം ലിറ്റർ ശുദ്ധജലം ഉൽപാദിപ്പിക്കുന്നുണ്ട്. മരടിലെ 100 എം.എൽ.ഡി ജലശുദ്ധീകരണ പ്ലാന്‍റിൻെറ ഉപയോഗം പൂർണതോതിലാക്കാൻ ആലുവയിൽ പുതിയ പ്ലാന്‍റ് സജ്ജമാകണം. നിലവിൽ നഗരത്തിൽ അഞ്ച് വ്യത്യസ്ത മേഖലയിലായി 282 കോടിയുടെ അമൃത് പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിൽ 114 കോടിയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടതാണ്. 120 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ആറ് ഓവർ ഹെഡ് ടാങ്കുകളും ഉൾപ്പെടുന്നു. നാലുകോടിയോളം ചെലവഴിച്ച 10 ലക്ഷം ലിറ്ററിൻെറ തേവര പദ്ധതിയും 7.75 കോടിയുടെ 15 ലക്ഷം ലിറ്ററിൻെറ വടതോട് പദ്ധതിയും പൂർത്തീകരിച്ചിട്ടുണ്ട്. കലൂർ (40 ലക്ഷം ലിറ്റർ), ഇടക്കൊച്ചി (13 ലക്ഷം ലിറ്റർ), കരുവേലിപ്പടി (25 ലക്ഷം ലിറ്റർ), പച്ചാളം (17 ലക്ഷം ലിറ്റർ) എന്നീ ടാങ്കുകളുടെ നിർമാണം ഈ സാമ്പത്തിക വർഷം പൂർത്തീകരിക്കുമെന്ന് ബജറ്റിൽ പറയുന്നു. തമ്മനത്തുനിന്ന് കടവന്ത്ര ഒ.എച്ച്.എസ്.ആറിലേക്കുള്ള കുടിവെള്ള ലൈനിന് റെയിൽവേയുടെ അനുമതി ലഭ്യമാക്കി ഈ വർഷം പൂർത്തീകരിക്കും. ഈ പദ്ധതിക്കായി എട്ടുകോടിയോളം ചെലവഴിക്കും. ഇതോടൊപ്പം മരടിൽനിന്ന് നഗരത്തിലേക്ക് 18 എം.എൽ.ഡി ജലം കൊണ്ടുവരുന്ന പദ്ധതി ദേശീയപാത അതോറിറ്റി, റെയിൽവേ എന്നിവയുടെ അനുമതി ലഭ്യമാക്കി ഈ വർഷം പൂർത്തീകരിക്കുമെന്നും ഉറപ്പ് പറയുന്നുണ്ട്. പെരുമാനൂരിൽനിന്ന് രവിപുരത്തേക്ക് വെള്ളം കൊണ്ടുപോകാൻ പുതിയ പൈപ്പ് ലൈനിൻെറ പണിക്ക് നാലരക്കോടിയും ചെലവഴിക്കും. പ്രവർത്തനരഹിത കുടിവെള്ള ലൈനുകളും കണക്ഷനുകളും മാറ്റി സ്ഥാപിക്കാൻ അഞ്ചുകോടിയുടെ പദ്ധതിയും ബജറ്റിൽ വിഭാവനം ചെയ്യുന്നുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ ഇവ പൂർത്തീകരിക്കുമെന്നും വാഗ്ദാനമുണ്ട്. അമൃത് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ഈ സാമ്പത്തിക വർഷം തുടക്കമാകും. കുടിവെള്ള പദ്ധതികൾക്ക് 180 കോടിയും മലിനജല സംസ്കരണ പദ്ധതികൾക്ക് 156 കോടിയുമാണ് ചെലവഴിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.