കീഴില്ലം-പാണിയേലിപോര് റോഡ് അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ചു

പെരുമ്പാവൂര്‍: കീഴില്ലം-പാണിയേലിപോര് റോഡിന്റെ അറ്റകുറ്റപ്പണിക്ക്​ കിഫ്ബിയിൽനിന്ന് ഒന്നേമുക്കാല്‍ കോടി അനുവദിച്ചു. അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് കിഫ്ബി ഏറ്റെടുത്തതാണ് കീഴില്ലം പാണിയേലിപോര് വരെയുള്ള 16 കി.മീ. റോഡ്. എന്നാല്‍, നിര്‍മാണം ആരംഭിക്കാന്‍ സാധിച്ചില്ല. കിഫ്ബി ഏറ്റെടുക്കുന്ന റോഡുകള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ഉള്ളതുകൊണ്ട് വിവിധങ്ങളായ പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുകയായിരുന്നു. എന്നാല്‍, കിഫ്ബി ഏറ്റെടുത്ത റോഡുകള്‍ക്ക് പൊതുമരാമത്ത് വകുപ്പ് ഫണ്ട് വകയിരുത്താത്തതുമൂലം വലിയ പ്രതിസന്ധി ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വകുപ്പ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിക്കുകയും പ്രശ്‌നങ്ങള്‍ റിവ്യൂ മീറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കീഴില്ലം മുതല്‍ പാണിയേലി പോര് വരെയുള്ള റോഡ് അറ്റകുറ്റപ്പണി ചെയ്യാന്‍ കിഫ്ബി ധാരണയായി. കീഴില്ലം മുതല്‍ നെല്ലിമോളം വരെയും കുറുപ്പംപടി പാറ ജങ്ഷന്‍ മുതല്‍ കൊമ്പനാട് വരെയും കൊമ്പനാട് മുതല്‍ പാണിയേലിപോര് വരെയുമുള്ള ഭാഗം എന്നിങ്ങനെ മൂന്ന് ഘട്ടമായി തിരിച്ചാണ് തുക അനുവദിച്ചത്. നിലവില്‍ ഒമ്പത് മീറ്റര്‍ വീതിയിലുള്ള റോഡ് 18.6 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്ത് പുനര്‍ നിര്‍മിക്കാനാണ് ധാരണ. മൂന്ന്​ വര്‍ഷംകൊണ്ട് റോഡ് കടന്നുപോകുന്ന ഭാഗങ്ങളിലെ ഭൂമി പൂര്‍ണമായി ഏറ്റെടുക്കും. ആവശ്യമെങ്കില്‍ റോഡിന്റെ വളവുകള്‍ നിവര്‍ത്താന്‍ പുതിയ റോഡ് നിര്‍മിക്കാനും തീരുമാനമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.