അയ്യങ്കാളിപ്പടയുടെ ബന്ദി സമരം പ്രമേയമാക്കി 'പട' പുറത്തിറങ്ങി

കൊച്ചി: ആദിവാസികളുടെ മണ്ണിനായി പോരാടാനിറങ്ങിയ അയ്യങ്കാളിപ്പട നടത്തിയ ബന്ദിസമരം പ്രമേയമാക്കിയ 'പട' തിയറ്ററുകളിലെത്തി. ​ഒരു ജനതയുടെ പോരാട്ടത്തിന്‍റെ ചരിത്രം അടയാളപ്പെടുത്തുന്നതാണ്​ സിനിമയെന്ന്​ സംവിധായകൻ കെ.എം. കമൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1996 ഒക്ടോബര്‍ നാലിന് ആദിവാസി ഭൂപ്രശ്‌നം ഉന്നയിച്ച് അയ്യങ്കാളിപ്പട നടത്തിയ ബന്ദി സമരം 26 വര്‍ഷം പിന്നിടുന്ന സാഹചര്യത്തിൽ അതിനെ ഓർമപ്പെടുത്തുകയാണ്​ 'പട'. രാജ്യം മുഴുവനും ചര്‍ച്ച ചെയ്യപ്പെട്ട സംഭവം സംസ്ഥാന രാഷ്ട്രീയത്തിലും വലിയ കോളിളക്കം സൃഷ്ടിച്ചു. ഒമ്പതുമണിക്കൂർ പാലക്കാട് ജില്ല കലക്ടര്‍ ഡബ്ല്യു.ആര്‍. റെഡ്​ഡിയെ ബന്ദിയാക്കിയതിലൂടെ ആദിവാസി ഭൂമി പ്രശ്‌നം ദേശീയ ശ്രദ്ധയാകർഷിച്ചു. സമരത്തിന്​ അയ്യങ്കാളിപ്പട നടത്തിയ ഒരുക്കവും കലക്​ടറേറ്റിനുള്ളിലെ സംഭവങ്ങളുമാണ്​ സിനിമ പറയുന്നത്​. വിളയോടി ശിവന്‍കുട്ടി, മണ്ണൂര്‍ അജയന്‍, കാഞ്ഞങ്ങാട് രമേശന്‍, കല്ലറ ബാബു എന്നിവരാണ്​ സമരത്തിലെ പോരാളികൾ. അന്ന്​ നടന്ന സംഭവങ്ങളോട്​ നീതി പുലർത്തുന്ന രീതിയിലാണ്​ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന്​ ഇത്​ കണ്ടശേഷം സമരനേതാക്കൾ പറഞ്ഞു. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു ജോർജ്, വിനായകൻ എന്നിവരാണ്​ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്​. ഗാനരചന നടത്തിയ വിനു കിടിച്ചുലന്‍, എഡിറ്റിങ് നിർവഹിച്ച ഷാന്‍ മുഹമ്മദ്​​ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു. photo - abhijith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.