ചെങ്ങറ പാക്കേജ്​: ഇനിയൊരു പ്രക്ഷോഭം ഭരണകൂടവും ജനങ്ങളും ആഗ്രഹിക്കുന്നില്ല -ഹൈകോടതി

കൊച്ചി: ഭൂമിക്ക്​ വേണ്ടി ഇനിയൊരു പ്രക്ഷോഭം ഭരണകൂടവും ജനങ്ങളും ആഗ്രഹിക്കുന്നില്ലെന്ന്​ ഹൈകോടതി. ഭൂരഹിതർക്ക്​ ഭൂമി നൽകാനുള്ള മുൻ വാഗ്ദാനങ്ങളടക്കം നടപ്പാക്കാൻ സർക്കാറിന്​ ബാധ്യതയുണ്ട്​. മതിയായ ഭൂമി ലഭ്യമല്ലെന്ന്​ പേരിൽ വാഗ്ദാനം നടപ്പാക്കാതിരിക്കുന്നത്​ വരാനിരിക്കുന്ന വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട്​ വലിയ ആശങ്കയുണ്ടാക്കുമെന്നും ജസ്റ്റിസ്​ ദേവൻ രാമച​ന്ദ്രൻ നിരീക്ഷിച്ചു. ചെങ്ങറ ഭൂസമരത്തെത്തുടർന്ന് തയാറാക്കിയ ഭൂവിതരണ പാ​ക്കേജ്​ നടപ്പാക്കാത്തതിനെതിരായ ഹരജികളിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ്​ ഈ പരാമർശങ്ങൾ​. പാക്കേജ്​ നടപ്പാക്കാൻ ഭൂമി കണ്ടെത്താനുള്ള​ ശ്രമങ്ങൾ പുരോഗമിക്കുന്നതായി അറിയിച്ച്​ സർക്കാർ സത്യവാങ്​മൂലം സമർപ്പിച്ചിട്ടുണ്ട്​. ഇതിലെ വിശദാംശങ്ങൾ പരിശോധിച്ചിട്ടില്ലെങ്കിലും വിതരണത്തിന്​ തയാറായ ഭൂമി സംസ്ഥാനത്ത്​ ലഭ്യമല്ലെന്ന വസ്തുത ആശങ്കയുണ്ടാക്കുന്നതാണെന്ന്​ കോടതി പറഞ്ഞു. വാഗ്ദാനം നൽകുകയും കരാറുണ്ടാക്കുകയും ചെയ്ത സർക്കാറിന്​ അത്​ നടപ്പാക്കാനുള്ള ബാധ്യത തീർച്ചയായുമുണ്ട്​. അല്ലാത്തപക്ഷം ഭരണകൂടം നൽകുന്ന ഉറപ്പിന്‍റെ വിശുദ്ധിയാണ്​ നഷ്ട​പ്പെടുന്നത്​. വൻകിട പദ്ധതികളുമായി മുന്നോട്ടു പോകുമ്പോൾ ഭൂമി ലഭ്യതയുടെ കാര്യത്തിലും കൂടുതൽ ബാധ്യതകളാണുണ്ടാവുന്നത്​​. ഭൂരഹിതർ നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ്​ ഭൂമി നൽകാനുള്ള ചെങ്ങറ പാക്കേജുണ്ടായത്​. എന്നാൽ, ഇത്തരമൊരു സമരത്തിന്​ ഇനി ജനത്തിനോ ഭരണക്കാർക്കോ താൽപര്യമുണ്ടാകില്ലെന്ന്​ ഉറപ്പാണ്​. സാമൂഹികനീതി സങ്കൽപങ്ങൾ കൂടി അടങ്ങുന്നതാണ്​ ഇത്തരം വിഷയങ്ങൾ. അതിനാൽ വർഷങ്ങളായി ഭൂമി കാത്ത്​ കഴിയുന്ന ഹരജിക്കാരടങ്ങുന്നവരോട്​ ഇനിയും ഒഴികഴിവുകൾ പറയാനാവില്ല.​ ഉറപ്പ്​ പാലിക്കാൻ സർക്കാറിന്​ ബാധ്യതയുണ്ടെന്ന്​ വിലയിരുത്തിയ കോടതി, ഹരജി വീണ്ടും 29ന്​ പരിഗണിക്കാൻ മാറ്റി. ഈ കാലയളവിൽ ബന്ധപ്പെട്ട കക്ഷികൾക്ക്​ മറുപടി നൽകാമെന്നും വ്യക്​തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.