കാസര്‍കോട്: മഞ്ചേശ്വരം താലൂക്ക് രൂപവത്കൃതമാകുന്നതിന് മുമ്പുള്ള പഴയ കാസര്‍കോട് താലൂക്കില്‍പെട്ട എട്ട് പഞ്ചായത്തുകളില്‍ ഭരണസമിതിയുടെ മിനിറ്റ്സ് എഴുതുന്നത് കന്നടയിലാണ്. മഞ്ചേശ്വരം,  കാസര്‍കോട് താലൂക്കുകളിലെ എല്ലാ പഞ്ചായത്തുകളും കന്നട ഭാഷാന്യൂനപക്ഷ പഞ്ചായത്തുകളാണ് എന്നത് സര്‍ക്കാറിന്‍െറ കണക്ക്. ഇത്തരം മേഖലയിലെ സര്‍ക്കാര്‍ ഓഫിസിലെ മേധാവി കന്നട ഭാഷാ പരിജ്ഞാനം ഉള്ളയാളായിരിക്കണം. അങ്ങനെയല്ളെങ്കില്‍ തൊട്ടു കീഴിലുള്ളയാള്‍ക്ക്  പ്രമോഷന്‍ നല്‍കി മേധാവിയാക്കണം എന്നതും സര്‍ക്കാര്‍ ഉത്തരവാണ്.  കേരളത്തില്‍നിന്ന് ഭാഷാപരമായി ‘അനൈക്യ’ത്തിലുള്ള കാസര്‍കോട് ജനതയെ കേരളത്തിന്‍െറ സാംസ്കാരികവും ഭൗതികവുമായ ഭാഗമാക്കിമാറ്റുന്നതിനാണ് ഈ നടപടികള്‍ കൈക്കൊണ്ടത്. സംഭവിച്ചതോ?
ഈ ഓഫിസുകള്‍ ഭരിക്കുന്നത് 90 ശതമാനവും കന്നട അറിയാത്തവര്‍, ജില്ലക്ക് പുറത്തുള്ളവര്‍, ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലം മാറ്റപ്പെട്ടവര്‍. 60 വര്‍ഷമായി കണ്ണൂരിന്‍െറ ഭാഗമായും 30 വര്‍ഷത്തിലധികമായി കാസര്‍കോടിന്‍െറ ഭാഗമായും നിന്ന കന്നട ജനത കേരളത്തില്‍നിന്ന് ബഹിഷ്കൃതരാക്കപ്പെട്ടിരിക്കുന്നു. കാസര്‍കോട്ടെ കന്നട (തുളു) സാംസ്കാരികമായും മലയാള ജനത ഭൗതികമായും ഐക്യകേരളത്തില്‍നിന്ന് തിരസ്കൃതരാണ്. ഭാഷയും അധികാരത്തില്‍നിന്ന് അകലെയായതിന്‍െറ അവഗണനയും കാരണമാണ് കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ ജനങ്ങള്‍ കേരളത്തില്‍നിന്ന് തിരസ്കൃതരാകുന്നത്. അധികാരിയുടെ ഭാഷ ജനം പഠിക്കണമെന്ന ഫ്യൂഡല്‍ മനോഭാവം ഇപ്പോഴും കേരള സര്‍ക്കാറില്‍നിന്ന് ഇവര്‍ അനുഭവിക്കുന്നുണ്ട്. 16ാം നൂറ്റാണ്ടില്‍ ഇക്കേരി രാജാക്കന്മാരുടെ വരവ് കാസര്‍കോടിന്‍െറ അധികാരഘടനയെ കര്‍ണാടകവത്കരിച്ചു. കോട്ടകള്‍ കെട്ടി വാണ ഇക്കേരിയന്മാരില്‍നിന്ന് അധികാരം പോയത് ഹൈദര്‍, ടിപ്പു സുല്‍ത്താന്മാരിലേക്കാണ്. ഇവരുടെ ആസ്ഥാനമായിരുന്നു ബേക്കല്‍. ടിപ്പുവിനുശേഷം ബ്രിട്ടീഷ് ഭരണത്തിലായിരുന്നപ്പോള്‍ ബോംബെ പ്രസിഡന്‍സിക്ക് കീഴില്‍ ദക്ഷിണ കാനറയുടെ ഭാഗമായ താലൂക്കുകളില്‍ ഒന്നായി ബേക്കല്‍ മാറി. മറ്റ് താലൂക്കുകള്‍ ഇന്നത്തെ കര്‍ണാടകത്തിലാണ്. പിന്നീട് മദ്രാസ് പ്രസിഡന്‍സിയിലേക്ക് മാറ്റിയപ്പോഴാണ് കാസര്‍കോട് താലൂക്ക് നിലവില്‍വന്നത്.  ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനം നിലവില്‍വന്നപ്പോള്‍ കാസര്‍കോടിനെ കേരളത്തില്‍ ലയിപ്പിച്ചു. സംസാരവും വ്യവഹാരവും ഭൂമിയുടെ ആധാരവും എഴുത്തും വായനയും വിദ്യാഭ്യാസവും കന്നടയിലും തുളുവിലുമായി നടത്തിവന്ന സമൂഹത്തെ കേരളത്തോട് ചേര്‍ത്തപ്പോള്‍ ശക്തമായ എതിര്‍പ്പും ഭാഷാവാദവും ഉണ്ടായി.
ഇതിന്‍െറ ഹിതപരിശോധനയായിരുന്നു 57ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തുണ്ടായത്. അവിടെ  കര്‍ണാടക സമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പോരാട്ടങ്ങളില്ലാതെ കന്നട ജനത ഇപ്പോഴും മനസ്സില്‍ പൊരുതിക്കൊണ്ടിരിക്കുന്ന കാസര്‍കോടിന്‍െറ വടക്കന്‍പാതി കേരളവുമായി ഇന്നും ഐക്യപ്പെട്ടില്ല. എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്കെതിരെ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ മലയാളത്തില്‍ എഴുതിയ മുന്നറിയിപ്പ് ഈ മേഖലയില്‍ ആര്‍ക്കും വായിക്കാന്‍ കഴിഞ്ഞില്ല. ഇതാണ് ദുരന്തത്തിന്‍െറ ആഴം വര്‍ധിപ്പിച്ച ഒരു കാരണം. ഇവിടെ ഏറ്റവും പ്രചാരം കന്നട പത്രങ്ങള്‍ക്കാണ്. അറിയുന്നത് കര്‍ണാടക വാര്‍ത്തകള്‍, ആധാരം ഇപ്പോഴും കന്നടയില്‍, കന്നട അറിയാത്ത ഉദ്യോഗസ്ഥര്‍ ഭൂമാഫിയക്ക് അറിയാതെ കീഴടങ്ങി. ഈ താലൂക്കില്‍നിന്ന് രണ്ടു മന്ത്രിമാര്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായില്ല. പി.എസ്.സി പരീക്ഷ എഴുതാന്‍ ഇവര്‍ക്ക് ആവില്ല. ചോദിക്കുന്നത് മലയാളത്തില്‍, അല്ളെങ്കില്‍ ഇംഗ്ളീഷില്‍. ചോദ്യങ്ങള്‍ തിരുവിതാംകൂറിന്‍െറ ചരിത്രം. പി.എസ്.സി പരീക്ഷയില്‍ തോല്‍ക്കുന്നവരില്‍ ഒന്നാമത് കാസര്‍കോട്ടുകാര്‍ എന്നായി. അങ്ങനെ പി.എസ്.സി പരീക്ഷ കന്നടക്കാര്‍ ഉപേക്ഷിച്ചു. പുതുതലമുറക്ക് പി.എസ്.സി എന്താണെന്ന് അറിയില്ല.  ഈ മേഖലയിലെ ബോര്‍ഡുകളില്‍ മലയാളമില്ല.  ഒ.എന്‍.വിയുടെ എഴുത്ത് പദവിക്ക് തുല്യനായിരുന്നു കയ്യാര്‍ കിഞ്ഞണ്ണറൈ. അദ്ദേഹം കേരളമറിയാതെ ഈയിടെ മരിച്ചു. കേരളമറിയാത്ത പ്രതിഭകള്‍ ഏറെയുണ്ട്.
അനില്‍ കുംബ്ളെയുടെ തലമുറവരെ കുമ്പളയില്‍നിന്ന് കേരളം വിട്ടത് അങ്ങനെയാണ്. കന്നട മേഖലയില്‍ മലയാളം പഠിപ്പിക്കാത്തതിന് പ്രതിഷേധം ഉയരുന്നതോടെ കേരളം ബഹിഷ്കരിച്ച ജനതയായി  കാസര്‍കോട്ടെ പ്രബല കന്നട മേഖല മാറുന്നു. ഐക്യകേരളത്തിന്‍െറ 60 ഇവര്‍ എങ്ങനെ ആഘോഷിക്കാനാണ്.

 

Tags:    
News Summary - kannade region in north kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.