മാവൂര്‍: പരസ്യ ആവശ്യം കഴിഞ്ഞ് ഒഴിവാക്കിയ ഫ്ളക്സ് ഷീറ്റുപയോഗിച്ച് നിര്‍മിച്ച ചെലവുകുറഞ്ഞയിനം തോണിയില്‍ മീന്‍പിടിത്തം സജീവം. മാവൂര്‍ കല്‍പള്ളി - തെങ്ങിലക്കടവ് നീര്‍ത്തടത്തിലും പരിസരത്തുമാണ് ഇത്തരത്തില്‍ ‘ന്യൂജെന്‍ സ്റ്റെലിലുള്ള’ മീന്‍പിടിത്തം വ്യാപകമായത്. മീന്‍പിടിത്തത്തിന് ഉപയോഗിക്കാവുന്ന ചെറിയ മരത്തോണികള്‍ക്ക് 25,000 രൂപയോ അതിലധികമോ വില വരുമ്പോള്‍ 5000ത്തില്‍ കുറവ് രൂപ ചെലവഴിച്ച് ഇത്തരം തോണികള്‍ ഉണ്ടാക്കാനാവുന്നതാണ് ഇതിന് പ്രിയമേറാന്‍ കാരണം. സ്റ്റൈല്‍ പുതിയതാണെങ്കിലും ഇത്തരം പുതിയ തോണികള്‍ ഉപയോഗിക്കുന്നവരില്‍ കൂടുതലും മുതിര്‍ന്നവര്‍ തന്നെയാണ്.
തുടക്കത്തില്‍ മുള വളച്ചുകെട്ടിയാണ് ചെറിയ തോണി ഉണ്ടാക്കിയിരുന്നത്. ഫ്ളക്സിനു പകരം ചാക്ക് നെയ്തും അതിനുമുകളില്‍ ടാര്‍ തേച്ചുമായിരുന്നു നിര്‍മാണം. ടാര്‍ തേച്ചുപിടിപ്പിച്ച് രണ്ട് ദിവസം ഉണക്കാനിടും. ഒന്നിനുമുകളില്‍ മറ്റൊന്നായി രണ്ട് ചാക്കിന്‍െറ കനത്തിലായിരുന്നു രൂപകല്‍പന. ഇത്തരം തോണിക്ക് പരിണാമം സംഭവിച്ചാണ് ഇപ്പോള്‍ ഫ്ളക്സ് ഉപയോഗിച്ചുള്ളവ വ്യാപകമായത്. മുളക്ക് പകരം ഇരുമ്പ് കമ്പിയോ പട്ടയോ ആണ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. കമ്പിയോ പട്ടയോ വെല്‍ഡ് ചെയ്ത് തോണിയുടെ ഘടന ഉണ്ടാക്കിയശേഷം ഫ്ളക്സ് കൊണ്ട് പൊതിയുകയാണ് ചെയ്യുക. വക്കുകളില്‍ പഴയ സൈക്കിള്‍ ട്യൂബ് തുന്നിപ്പിടിപ്പിച്ച് ഭംഗി കൂട്ടുന്നവരുമുണ്ട്. രണ്ട് ദിവസംകൊണ്ട് ഇത്തരം തോണിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാവുമെന്നതാണ് ഇതിന്‍െറ പ്രത്യേകതയെന്ന് നിര്‍മാണത്തില്‍ വൈദഗ്ധ്യം നേടിയ എറക്കോട്ടുമ്മല്‍ അഹമദ്കുട്ടി പറയുന്നു.
മരത്തോണിക്ക് രണ്ടോ മൂന്നോ വര്‍ഷം ഉപയോഗിച്ചാല്‍ വീണ്ടും വലിയ തുക ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്നു. എന്നാല്‍, ചുരുങ്ങിയ രൂപക്ക് ഫ്ളക്സ് ഷീറ്റ് മാറ്റിയിട്ടാല്‍ തീരാവുന്ന പ്രശ്നമേ ഫ്ളക്സ് തോണിക്കുണ്ടാകുന്നുള്ളൂ. കല്‍പള്ളി എറക്കോട്ടുമ്മല്‍ അഹ്മദുകുട്ടിക്കുപുറമെ 11ഓളം പേര്‍ കല്‍പള്ളിയിലും പരിസരത്തുമായി ചെറിയ തോണിയില്‍ മീന്‍പിടിത്തത്തില്‍ സജീവമായുണ്ട്. ഇവരെല്ലാം കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം നേടിയവരും വര്‍ഷങ്ങളായി രംഗത്തുള്ളവരുമാണ്.
പാടത്തൊടി രാജന്‍, പൂത്തോട്ടത്തില്‍ ഉസ്മാന്‍, സഹോദരന്‍ മുഹമ്മദലി, കഞ്ഞിക്കാട്ടില്‍ അബൂബക്കര്‍, തോട്ടത്തില്‍ ഖാദര്‍, ശിവന്‍, സാമി തുടങ്ങിയവരാണ് പതിവായി മീന്‍പിടിത്തത്തില്‍ ഏര്‍പ്പെടുന്നവര്‍. ഇവരിലേറെയും മണല്‍വാരല്‍ തൊഴിലാളികളുമാണ്. ചാലിയാറില്‍ മണല്‍ വാരല്‍ നിരോധനം നിലവില്‍ വന്നതോടെ പലരുടെയും ഉപജീവനമാര്‍ഗം മീന്‍പിടിത്തമായി. കല്‍പള്ളി-തെങ്ങിലക്കടവ് നീര്‍ത്തടത്തില്‍ അരിഞ്ഞില്‍, വാള, ചേറുമീന്‍, ഇരീമീന്‍, വിവിധയിനം പരലുകള്‍, കൈതക്കോര, ആരല്‍, മുഴു, വരാല്‍ തുടങ്ങിയ നിരവധിയിനം മീനുകളുണ്ട്. അതേസമയം, രാത്രിയുടെ മറവില്‍ വിദൂര സ്ഥലങ്ങളില്‍നിന്നത്തെി വിഷം കലക്കി മീന്‍പിടിക്കുന്നവര്‍ കല്‍പള്ളിയിലെ മീന്‍പിടിത്തക്കാര്‍ക്കും മത്സ്യസമ്പത്തിനും ഭീഷണിയാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.