തൃശൂർ: കോവിഡ് 19 സ്ഥിരീകരിച്ച വിദേശപൗരൻ കുട്ടനെല്ലൂർ പൂരത്തിനിടെ ജനങ്ങളുമായി ഇടപഴകിയിട്ടുണ്ടെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ തദ്ദേശവാസികളുടെ സംശയനിവാരണത്തിനായി കുട്ടനെല്ലൂർ ക്ഷേത്രത്തിനടുത്ത് ആരോഗ്യവകുപ്പ് ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. കൂടാതെ ഇരിങ്ങാലക്കുട, കെ.എസ്.ആർ.ടി.സി, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലും നിരീക്ഷണസംവിധാനം ശക്തമാക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കുന്നതിനും കൂടുതൽ ഹെൽപ് ഡെസ്‌കുകൾ ആരംഭിച്ചു.
കഴിഞ്ഞദിവസം യു.കെയിൽനിന്ന് വന്ന പോസിറ്റീവ് ആയ വ്യക്തി സന്ദർശിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ഉണ്ടാക്കുകയും അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങൾ ഇവർ സന്ദർശിച്ചിട്ടുണ്ട്. എങ്കിലും, ഈ പ്രദേശങ്ങളിലെ ആളുകൾ പരിഭ്രാന്തരാകേണ്ട കാര്യമില്ല. സുരക്ഷാനടപടികൾ സ്വീകരിക്കുന്നതിൽ ശ്രദ്ധപുലർത്തിയാൽ മതി. വിദേശങ്ങളിൽനിന്ന് വന്നവരായ ചിലരെങ്കിലും നിരീക്ഷണത്തിൽ തുടരാൻ വിമുഖത കാണിക്കുന്നുണ്ട്. അത്തരം പ്രവർത്തനങ്ങൾ ആശാസ്യകരമല്ലാത്തതുകൊണ്ട് ചില സന്ദർഭങ്ങളിൽ പൊലീസിെൻറ ഇടപെടൽ ആവശ്യമായിവരുന്നുണ്ട്.
ആരോഗ്യവിഭാഗവുമായി ബന്ധപ്പെടണം
തൃശൂർ: കോർപറേഷൻ 27ാം ഡിവിഷനിലെ കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നടന്ന പൂരത്തിൽ പങ്കെടുത്ത ഒരു വിദേശപൗരന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ പൗരനുമായി സെൽഫി എടുക്കുകയും ഡാൻസ് ചെയ്യുകയും ഹസ്തദാനം ഉൾപ്പെടെ ഏതെങ്കിലുംതരത്തിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഉണ്ടെങ്കിൽ അടിയന്തരമായി ആരോഗ്യ വിഭാഗത്തിലോ ദിശയുമായോ (0487 2320466) ബന്ധപ്പെടണമെന്ന് മേയർ അജിത ജയരാജൻ അറിയിച്ചു.
റെയിൽവേ സ്റ്റേഷനിൽ നിരീക്ഷണം ശക്തം
തൃശൂർ: റെയിൽവേ സ്റ്റേഷനിലുള്ള നിരീക്ഷണം ശക്തമായി തുടരുന്നു. യാത്രികരായ 1230 പേർക്ക് വീടുകളിൽ കഴിയാനായി നിർദേശം കൊടുത്തു. ഇവർ ബംഗളൂരു, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽനിന്ന് വന്നവരാണ്. അന്തർസംസ്ഥാന ബസുകളിൽ മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ എന്നിവരടങ്ങിയ 12 അംഗസംഘം 1395 യാത്രകാരെ സ്‌ക്രീൻ ചെയ്തു.
ഹെൽത്ത് ഇൻസ്‌പെക്ടർമാരെ ഉൾപ്പെടുത്തി കൺട്രോൾ റൂം
തൃശൂർ: വിമാനത്താവളത്തിലെ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ജില്ലയിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീമിനെ നിയോഗിച്ചുകൊണ്ട് കൺട്രോൾ റൂം ആരംഭിച്ചു. ട്രെയിനുകളിലും കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ്സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ ബോധവത്കരണ നോട്ടീസുകൾ വിതരണം ചെയ്യുകയും ക്ലാസുകൾ നൽകുകയും ചെയ്യുന്നത് തുടർന്നുവരുന്നു. ഇതിൽ 38 നഴ്‌സിങ് വിദ്യാർഥികൾ, 11 ഡി.ടി.പി.സി വളൻറിയർമാർ, പ്രളയവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വളൻറിയർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരടക്കം 60 പേർ പങ്കെടുത്തു.
അദാലത്ത് മാറ്റി
തൃശൂർ: തൃശൂർ താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി മാർച്ച് 25ന് തൃശൂർ ഗവ. ലോ കോളജിൽ നടത്താനിരുന്ന അദാലത്ത് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.