തിരുവനന്തപുരം: മലബാര്‍ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ പ്രതിയായ എന്‍.ആര്‍. സുബ്രഹ്മണ്യനെ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് സി.എം.ഡി സ്ഥാനത്തുനിന്ന് പുറത്താക്കി. കോടികളുടെ അഴിമതിക്കേസുകളില്‍ പ്രതിയായ ഉദ്യോഗസ്ഥന് മുന്‍ സര്‍ക്കാറുകളുടെ സംരക്ഷണം ലഭിച്ചിരുന്നു. ഇത് കോടതിയില്‍ ചോദ്യംചെയ്യപ്പെടുമെന്നും വിമര്‍ശത്തിനിടയാകുമെന്നും ഉറപ്പായ സാഹചര്യത്തിലാണ് സുബ്രഹ്മണ്യനെ പുറത്താക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്ന് അറിയുന്നു.
സുപ്രധാന തസ്തികകളില്‍നിന്ന് സുബ്രഹ്മണ്യനെ ഒഴിവാക്കണമെന്ന വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചാണ് ഇത്രയുംകാലം സര്‍ക്കാര്‍ അദ്ദേഹത്തെ സംരക്ഷിച്ചത്. സുബ്രഹ്മണ്യന് മലബാര്‍ സിമന്‍റ്സിലെ വിവാദകരാറുകാരന്‍ വി.എം. രാധാകൃഷ്ണനുമായി ഇടപാടുകളുണ്ടെന്നാണ് വിജിലന്‍സ് കണ്ടത്തെിയത്. ഇതേതുടര്‍ന്നാണ് ഇദ്ദേഹത്തെ മലബാര്‍ സിമന്‍റ്സില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് 2015ല്‍ വിജിലന്‍സ് സര്‍ക്കാറിന് കത്തയച്ചത്. എന്നാലിത് വ്യവസായവകുപ്പ് പൂഴ്ത്തി. പുതിയ സര്‍ക്കാര്‍ വന്നശേഷവും ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. സെപ്റ്റംബര്‍ മൂന്നിന് ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് സി.എം.ഡി ആയി നിയമിക്കുകയും ചെയ്തു. ഇതിനെതിരെ ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. എന്നാല്‍, സുബ്രഹ്മണ്യനെ സംരക്ഷിക്കാനായിരുന്നു വ്യവസായവകുപ്പിന്‍െറ നീക്കം.
വിജിലന്‍സ് റിപ്പോര്‍ട്ട് മറികടന്ന് സുബ്രഹ്മണ്യനെ തുടരാന്‍ അനുവദിക്കുന്നതിനെതിരെ മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസിലെ പരാതിക്കാരന്‍ കോടതിയെ സമീപിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. കേസ് കോടതിയിലത്തെിയാല്‍ സര്‍ക്കാറിന് രൂക്ഷവിമര്‍ശം നേരിടേണ്ടിവരുമെന്ന് വ്യവസായവകുപ്പ് ഉന്നതര്‍ വകുപ്പ് മന്ത്രിയെ ധരിപ്പിച്ചത്രെ. തുടര്‍ന്നാണ് സുബ്രഹ്മണ്യനെ ഒഴിവാക്കാന്‍ ബുധനാഴ്ച ധൃതിപിടിച്ച് ഉത്തരവിറക്കിയത്. അഴിമതിക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴും വ്യവസായവകുപ്പ് അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.