മത്സ്യവിലയ്ക്ക് പകരം മര്‍ദനം: പൊലീസുകാരനെ ഹാജരാക്കാത്ത ഐ.ജിക്കെതിരെ നടപടിക്ക് ശിപാര്‍ശ


കൊച്ചി: സ്വഭാവദൂഷ്യ പരാതിയില്‍ പൊലീസ് കംപ്ളയിന്‍റ് അതോറിറ്റിയുടെ നിര്‍ദേശം പാലിക്കാത്ത എറണാകുളം റേഞ്ച് ഐ.ജി മഹിപാല്‍ യാദവിനെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കുമെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്. കുറ്റാരോപിതനായ പൊലീസുകാരനെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ജിയുടെ ഓഫിസില്‍ നേരിട്ട് കത്ത് എത്തിച്ചിട്ടും ഇതുവരെ മറുപടി നല്‍കാത്തത് സാമാന്യമര്യാദയല്ളെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ചങ്ങനാശേരി പെരുന്നയില്‍ മത്സ്യം വാങ്ങിയ പൊലീസുകാരന്‍ അതിന്‍െറ വില കൊടുക്കാതെ പണം ചോദിച്ച വില്‍പനക്കാരനെ മര്‍ദിച്ചെന്ന പരാതിയില്‍ പ്രതിയെ ഹാജരാക്കണമെന്ന് കഴിഞ്ഞ 16ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് നല്‍കിയ കത്തിനോട് പ്രതികരിക്കാതിരുന്നതാണ് ഐ.ജിക്ക് വിനയായത്.
പണം കൊടുക്കാതെ പൊലീസ് മത്സ്യം കൊണ്ടുപോയതുപോലുള്ള ആരോപണം അതീവ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഹനീഫാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് കംപ്ളയിന്‍റ് അതോറിറ്റിക്ക് പരാതി നല്‍കിയത്. നവംബര്‍ 27ന് വൈകുന്നേരം ആറുമണിയോടെ 700 രൂപയോളം വിലവരുന്ന രണ്ടര കിലോ മത്സ്യം വാങ്ങിയശേഷം പണം നല്‍കാതെ ഉദ്യോഗസ്ഥന്‍ മടങ്ങിയതിനുപിന്നാലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ പൊലീസ് ജീപ്പിലത്തെി അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നെന്നാണ് ഹനീഫിന്‍െറ പരാതി. ഈ സമയം ജീപ്പില്‍ മത്സ്യം വാങ്ങിയ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. പൊലീസുകാരില്‍നിന്ന് പണം ചോദിക്കാറായോടാ എന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്നും അതോറിറ്റി മുമ്പാകെ വ്യാഴാഴ്ച ഹാജരായ ഹനീഫ് മൊഴിനല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.