കൈവെട്ട് കേസ് 33ാം പ്രതി കീഴടങ്ങി

കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ടി.ജെ. ജോസഫിന്‍െറ കൈവെട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. കേസിലെ 33ാം പ്രതി ഓടക്കാലി കിഴക്കനിയില്‍ അസീസാണ് (34) വ്യാഴാഴ്ച എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയില്‍ കീഴടങ്ങിയത്. കോടതി നടപടി തുടങ്ങിയ ഉടന്‍ അഭിഭാഷകനൊപ്പമത്തെി കീഴടങ്ങിയ പ്രതിയെ പ്രത്യേക കോടതി ജഡ്ജി സന്തോഷ്കുമാര്‍ റിമാന്‍ഡ് ചെയ്തു.  ഇതിനുപിന്നാലെ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.
വെള്ളിയാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച് പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്.
2010 ജൂലൈ നാലിന് രാവിലെ 8.05ഓടെയാണ് പ്രഫ. ടി.ജെ. ജോസഫ് മൂവാറ്റുപുഴയില്‍വെച്ച് ആക്രമിക്കപ്പെട്ടത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന അദ്ദേഹത്തെ വാനിലത്തെിയ ഏഴംഗസംഘമാണ് ആക്രമിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് അസീസ് ഒളിവില്‍ പോയത്. ഇതിനിടെ കോടതി 31 പ്രതികളുടെ വിചാരണ നടത്തുകയും 13 പേരെ ശിക്ഷിക്കുകയും ചെയ്തു. പ്രഫസറെ ആക്രമിക്കാന്‍, 2010 മാര്‍ച്ച് 28ന് പെരുമ്പാവൂര്‍ സീമാസ് ഓഡിറ്റോറിയത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് അസീസിനെതിരെയുള്ളത്. കൂടാതെ, കുറ്റകൃത്യത്തിലേര്‍പ്പെട്ട പ്രതികളെ ഒളിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. കേസില്‍ അവസാനം അറസ്റ്റിലായ പ്രധാന പ്രതി എം.കെ. നാസര്‍, നജീബ് എന്നിവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒന്നാംപ്രതി സവാദ് അടക്കം ഏതാനും പ്രതികള്‍ കൂടി ഇനി പിടിയിലാകാനുണ്ട്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.