കോഴിക്കോട്: സംസ്ഥാന വ്യാപകമായി വിവാഹ തട്ടിപ്പ് നടത്തിയ യുവാവിനെ പിടികൂടാന്‍ സഹായിച്ചത് വിവാഹം നിശ്ചയിച്ച മലപ്പുറം സ്വദേശിയായ യുവതിയുടെ കുടുംബത്തിന്‍െറ സഹായത്താല്‍. മാനന്തവാടി നല്ലൂര്‍നട പൈങ്ങാട്ടേരിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ വെള്ളോറ ചെന്നിക്കര വീട്ടില്‍ പൊറോട്ട ബിജു എന്ന ആന്‍റണി ബിജുവിന്‍െറ (35) തട്ടിപ്പിനെ സംബന്ധിച്ച് നടക്കാവിലെ യുവതി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മലപ്പുറത്ത് ഇയാളുടെ വിവാഹം നിശ്ചയിച്ച വിവരം ലഭിച്ചത്. പൊലീസ് അറിയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ യുവതിയുടെ വീട്ടുകാര്‍ കല്യാണത്തില്‍നിന്ന് പിന്മാറി. അവരുടെ സഹായത്തോടെ പ്രതിയെ പിടികൂടാനുള്ള പൊലീസ് ശ്രമം മണത്തറിഞ്ഞ് രക്ഷപ്പെട്ടെങ്കിലും മാനന്തവാടി പൈങ്ങാട്ടേരിയില്‍വെച്ച് വലയിലാവുകയായിരുന്നു. ഇയാള്‍ സ്വന്തം മേല്‍വിലാസത്തില്‍ സിം കാര്‍ഡ് എടുക്കാറില്ല. ആരുടെയെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്‍െറ പകര്‍പ്പും മരിച്ചവരുടെ ഫോട്ടോയും ഉപയോഗിച്ചാണ് സിം കാര്‍ഡ് തരപ്പെടുത്തുന്നത്. പത്രങ്ങളുടെ ചരമ കോളത്തില്‍നിന്ന് ഫോട്ടോ വെട്ടിയെടുത്ത് സ്റ്റുഡിയോയില്‍നിന്ന് പകര്‍പ്പ് ഉണ്ടാക്കിയാണ് ഉപയോഗിക്കുന്നത്. ചെറുപ്പത്തിലേ നാടുവിട്ട പ്രതി എറണാകുളത്ത് ഹോട്ടല്‍ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ 2008ല്‍ വന്ന നിരവധി വിവാഹ തട്ടിപ്പു കേസില്‍ പ്രതിയായ ഒരാളെക്കുറിച്ചുള്ള വാര്‍ത്ത വായിച്ച് അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തട്ടിപ്പ് തുടങ്ങിയത്. കാണാന്‍ സുമുഖനായ പ്രതി അനാഥനാണെന്ന് പറഞ്ഞ് മാന്യമായ പെരുമാറ്റത്തിലൂടെയും സരസമായ സംസാരത്തിലൂടെയുമാണ് പരിചയപ്പെടുന്ന സ്ത്രീകളെ വലയില്‍ വീഴ്ത്തുന്നത്. അനാഥനാണെന്നും പുനര്‍വിവാഹക്കാരായ സ്ത്രീകളെയും വിധവകളെയും പരിഗണിക്കുമെന്നും പത്രമാധ്യമങ്ങളില്‍ നല്‍കുന്ന വിവാഹ പരസ്യങ്ങളിലൂടെയാണ് തട്ടിപ്പിനുള്ളവരെ കണ്ടത്തെുന്നത്. ഇത്തരമൊരു പരസ്യം കണ്ട് അതിലെ ഫോണ്‍ നമ്പറിലേക്ക് വിളിച്ച നടക്കാവിലെ യുവതിക്ക് ഫോണിലൂടെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ചു. വീട് വാടകക്കെടുക്കുന്നതിന് 30,000 രൂപയുടെ കുറവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പണം കൈക്കലാക്കി മുങ്ങിയതോടെയാണ് പരാതി നല്‍കിയത്. ഇതേ പരസ്യം കണ്ട് വിളിച്ച കണ്ണൂര്‍ സ്വദേശിയായ മറ്റൊരു യുവതിയില്‍നിന്ന് പണവും സ്വര്‍ണാഭരണവും കവര്‍ന്നതിന് മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയായിരുന്നു. ഓരോ സ്ഥലത്തും ഓരോ പേരിലാണ് തട്ടിപ്പ് നടത്തുന്നത്. റോബിന്‍ എന്ന പേരിലാണ് പരാതിക്കാരിയെ കബളിപ്പിച്ചത്. ഭാര്യയും രണ്ട് കുട്ടികളുമുള്ള പ്രതി കണ്ണൂര്‍ സ്വദേശിയെ വിവാഹം ചെയ്ത് അവരോടൊപ്പം താമസിക്കുന്ന സമയത്ത് ചൊക്ളി സ്വദേശിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചപ്പോള്‍ പിടിക്കപ്പെട്ടിരുന്നു. ചൊക്ളി സ്റ്റേഷനിലെ ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതിനാല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എസ്.ഐ ജി. ഗോപകുമാര്‍, എ.എസ്.ഐമാരായ ശ്രീനിവാസന്‍, ഗജേന്ദ്രന്‍, സീനിയര്‍ സി.പി.ഒമാരായ രണ്‍ധീര്‍, മുഹമ്മദ് ഷബീര്‍, സി.പി.ഒമാരായ ബാബു, രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.