കോഴിക്കോട്: മുസ്ലിം സമുദായത്തില്‍നിന്ന് വനിതാ ഡോക്ടര്‍. അതിലെന്ത് പുതുമയിരിക്കുന്നുവെന്ന് ചിന്തിക്കാം. എന്നാല്‍, മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുപോലും കാര്യമായി ചിന്തിക്കാത്തകാലത്ത് 1952ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ഡോക്ടറാണ് കഴിഞ്ഞദിവസം അബൂദബിയില്‍ നിര്യാതയായ 84കാരി ഡോ. സൗദാബീവി. 70കളിലും 80 കളിലും കോഴിക്കോട്ടെ അറിയപ്പെട്ടിരുന്ന ഏറ്റവും ജനസമ്മതിയുള്ള  ഗൈനക്കോളജിസ്റ്റായിരുന്നു അവര്‍. ജന്മംകൊണ്ട് കൊല്ലം സ്വദേശിയായ അവര്‍ ഒൗദ്യോഗിക ജീവിതത്തിന്‍െറ നല്ളൊരു ശതമാനവും ചെലവഴിച്ചത് കോഴിക്കോട്ടാണ്. 1967 വരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് വന്നത്. വിരമിക്കുംവരെ 22 വര്‍ഷം കോഴിക്കോടായിരുന്നു. 1995ല്‍ പക്ഷാഘാതം വന്നശേഷവും ഇഖ്റ ആശുപത്രിയിലും മറ്റും അവര്‍ പ്രവര്‍ത്തിച്ചു. അതിനുശേഷം കഴിഞ്ഞ 15 വര്‍ഷമായി അബൂദബിയില്‍ മകളുടെകൂടെയായിരുന്നു.

മെഡിക്കല്‍ കോളജിലെ ഏറ്റവും തിരക്കുള്ള ഒ.പികളില്‍ ഒന്നായിരുന്നു ഡോക്ടറുടെത്. ദയയും അനുതാപവും പ്രഫഷനിലുള്ള മികവും ഒന്നിച്ചപ്പോള്‍ രോഗികള്‍ക്ക് അവരൊരു ആള്‍ദൈവമായി മാറി. രാപ്പകല്‍ ഭേദമന്യേ ഒരു മുഷിപ്പുംകൂടാതെ രോഗികളെ ശുശ്രൂഷിക്കുന്നതില്‍ അവര്‍ സന്തോഷം കണ്ടത്തെി. രാവിലെ എട്ടുമുതല്‍ അഞ്ചുവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും അതിനുശേഷം വീട്ടില്‍ അര്‍ധരാത്രി വരെ മലബാറിന്‍െറ നാനാഭാഗത്തു നിന്നത്തെുന്ന ഗര്‍ഭിണികളേയും രോഗികളേയും പരിശോധിച്ചു.  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും വിവിധ സ്വകാര്യ ആശുപത്രികളില്‍നിന്നും വരുന്ന അടിയന്തര വിളികളും ഇതിനിടെ കൈകാര്യം ചെയ്യാനും സമയം കണ്ടത്തെി.

അത്തരമൊരാള്‍ അകാലത്തില്‍ രോഗിയായതില്‍ അദ്ഭുതമില്ല. അധ്യാപിക എന്നനിലക്ക് മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും കണ്ണിലുണ്ണിയായിരുന്നു. എം.ഇ.എസ്, എം.എസ്.എസ്, കാലിക്കറ്റ് മുസ്ലിം അസോസിയേഷന്‍ എന്നീ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളിലും നൂറുകണക്കിനു മെഡിക്കല്‍ ക്യാമ്പുകളിലും ബോധവത്കരണ ക്ളാസുകളിലും സജീവമായി പങ്കെടുക്കുമായിരുന്നു. അവരോടൊപ്പം പ്രവര്‍ത്തിക്കാനും സഹപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും അവര്‍ക്കുള്ള സ്നേഹാദരവ് മനസ്സിലാക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. കോഴിക്കോട് ഐ.എം.എയുടെ  മികച്ച ഡോക്ടര്‍ അവാര്‍ഡ് ഡോ. സൗദാബീവിയോടൊപ്പം ഒന്നിച്ച് സ്വീകരിക്കാന്‍ കഴിഞ്ഞുവെന്നതില്‍ അഭിമാനമുണ്ട്.

വ്യക്തിപരമായി ഒരു ജ്യേഷ്ഠ സഹോദരിയുടെ സ്ഥാനത്ത് നിന്നിരുന്ന അവര്‍ പലപ്പോഴും വിലപ്പെട്ട ഉപദേശങ്ങളും സഹായങ്ങളും തന്നിരുന്നുവെന്നത് നന്ദിപൂര്‍വം സ്മരിക്കുന്നു.ഭര്‍ത്താവ് ഡോ. കെ.എം. മൊയ്തീന്‍ കുട്ടി കാന്‍സര്‍ ആന്‍ഡ് റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിന്‍െറ തലവനായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ദുബൈയിലാണ് അദ്ദേഹം നിര്യാതനായത്. അലോപ്പതി രംഗത്ത് നിസ്വാര്‍ഥമായ സേവനമാണ് ഇവര്‍ കാഴ്ചവെച്ചത്. പ്രഫഷനല്‍ രംഗത്തെ മികവിനൊപ്പം നല്ളൊരു മനുഷ്യസ്നേഹികൂടിയാണെന്നതാണ് എക്കാലത്തും ഇവരുടെ കൈമുതല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.