ഗുരുവായൂര്‍: പടിഞ്ഞാറെ നടയിലെ അപ്പാര്‍ട്ട്‌മെന്‍റിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. പടിഞ്ഞാറെ നട ചാവക്കാട് റോഡില്‍ ബസ്റ്റോപ്പിന് എതിര്‍വശത്തുള്ള ഗണപത് അപ്പാര്‍ട്ട്‌മെന്‍റിന്‍റെ രണ്ടാംനിലയിലെ ബി ആറ് നമ്പര്‍ ശ്രീവൈകുണ്ഠം അപ്പാര്‍ട്ട്‌മെന്‍റിലാണ് തീപിടിത്തമുണ്ടായത്. രാവിലെ എട്ടോടെയായിരുന്നു സംഭവം.
മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന തിരുവനന്തപുരം പുജപ്പുര കേശവ്ദാസ് റോഡില്‍ വിഷ്ണുമംഗലം അമലം വീട്ടില്‍ കെ. സദാശിവന്‍ നായര്‍ (സുധാകരന്‍), ഭാര്യ സി. സത്യഭാമ അമ്മ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. 70 ശതമാനത്തോളം പൊള്ളലേറ്റ സദാശിവന്‍ നായരെയും 30 ശതമാനത്തോളം പൊള്ളലേറ്റ സത്യഭാമ അമ്മയേയും മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിച്ചു. പിന്നീട് പൊള്ളലിന്‍റെ തീവ്രപരിചരണ വിഭാഗമുള്ള ജൂബിലി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പാചക വാതക സിലിണ്ടറിനുണ്ടായ ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണം എന്ന് കരുതുന്നു. തീപിടിത്തത്തെ തുടര്‍ന്ന് മുറിയിലുണ്ടായ പൊട്ടിത്തെറിയിൽ കസേരകളും പാത്രങ്ങളും അടക്കമുള്ള ഉപകരണങ്ങള്‍ സമീപത്തെ റോഡിലേക്ക് വരെ തെറിച്ചുവീണു. തീ കെടുത്താനുള്ള ശ്രമത്തിനിടെ ഫയര്‍മാന്‍ ടി.പി. മഹേഷിന് പരിക്കേറ്റു.
--
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.