പ്ളീഡര്‍ക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി

കൊച്ചി: ഗവ. പ്ളീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ തന്നെ കടന്നുപിടിച്ചെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി ആരോപണവിധേയയായ യുവതി. ഗവ. പ്ളീഡര്‍ക്കെതിരെ പരാതി നല്‍കിയതിന് ചിലകേന്ദ്രങ്ങള്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ധനേഷിന്‍െറ പിതാവും ഭാര്യയും ബന്ധുക്കളുംമറ്റും വന്ന് കരഞ്ഞ് പറഞ്ഞതിനാലാണ് ഇയാളെ അറിയില്ളെന്ന് ആദ്യം പറഞ്ഞത്. പരാതി പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. അത് നിരസിച്ചു. പിന്നീട്, ജാമ്യം കിട്ടാന്‍ സഹായിക്കണമെന്നായി ആവശ്യം. അങ്ങനെയാണ് അവര്‍ തയാറാക്കിയ പേപ്പറില്‍ ഒപ്പിട്ടുനല്‍കിയത്. ഇതിന് അഭിഭാഷകനും മറ്റുമായാണ് അവര്‍ വന്നത്. മാത്രമല്ല, അയാള്‍ തനിക്കുനേരെ തെറ്റ് ചെയ്തെന്ന് പിതാവ് രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ മുദ്രപ്പത്രത്തില്‍ എഴുതി നല്‍കുകയും ചെയ്തു. ഇതൊക്കെ കഴിഞ്ഞ് ജാമ്യം നേടിയശേഷമാണ് അപവാദപ്രചാരണം ആരംഭിച്ചത്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും നീതി കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും യുവതി പറഞ്ഞു.
കേസ് റദ്ദാക്കാനാകില്ളെന്ന് ഹൈകോടതിയില്‍ പൊലീസ് അറിയിച്ചിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണ്. കുറ്റം നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.
ജൂലൈ 14ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം കാനന്‍ ഷെഡ് റോഡിലൂടെ ജോലി കഴിഞ്ഞ് പോവുകയായിരുന്ന പരാതിക്കാരിയെ ധനേഷ് മാത്യു മാഞ്ഞൂരാന്‍ കടന്നുപിടിച്ചെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.