കുറവിലങ്ങാട്: കരഞ്ഞുകലങ്ങിയ കണ്ണുകളോടെ വെളിയന്നൂര്‍ ഗ്രാമം സുനുവിനും പ്രണവിനും യാത്രാമൊഴിയേകി. ലിബിയയില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട വെളിയന്നൂര്‍ തുളസിഭവനത്തില്‍ വിപിന്‍െറ ഭാര്യ സുനു സത്യന്‍ (29), മകന്‍ പ്രണവ് (രണ്ട്) എന്നിവര്‍ക്കാണ് വിങ്ങിപ്പൊട്ടി നാടൊന്നാകെ വിടചൊല്ലിയത്.
ഒരു ചിതയില്‍ അമ്മയെയും മകനെയും അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ ഏവരും തേങ്ങലടക്കാന്‍ പാടുപെട്ടു. കണ്ണീരുണങ്ങാത്ത 16 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഇരുവരുടെയും ചേതനയറ്റ ശരീരം വെളിയന്നൂര്‍ തുളസിഭവനത്തിന്‍െറ മുറ്റത്തത്തെിയപ്പോള്‍ കൂട്ടക്കരച്ചില്‍ ഉയര്‍ന്നു.
തിങ്ങിക്കൂടിയവരെല്ലാം വിതുമ്പി. രണ്ടു വര്‍ഷത്തിനുശേഷം മകളായ സുനുവിനെയും മകന്‍ പ്രണവിനെയും ചേതനയറ്റ നിലയില്‍ കാണേണ്ടിവന്നതിന്‍െറ നൊമ്പരത്തില്‍ തകര്‍ന്ന മാതാപിതാക്കളായ സത്യനെയും സതിയെയും ഏകസഹോദരന്‍ അനൂപിനെയും ആശ്വസിപ്പിക്കാന്‍ കഴിയാതെ നാട് പകച്ചുനിന്നു.
ശനിയാഴ്ച രാവിലെ 7.50ന് ഇരുവരുടെയും മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു.
ഇവിടുത്തെ നടപടിക്കുശേഷം 8.30ന് മൃതദേഹവുമായി ആംബുലന്‍സ് നെടുമ്പാശേരിയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു. കൂത്താട്ടുകുളം ദേവമാത ആശുപത്രിയില്‍ എത്തിച്ച് ഫ്രീസറിലേക്ക് മാറ്റിയ മൃതദേഹം 11.25ന് വെളിയന്നൂരിലെ വിപിന്‍െറ വീടായ തുളസിഭവനത്തില്‍ എത്തി. മുറ്റത്ത് തയാറാക്കിയ പന്തലില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ ഒരു ഫ്രീസറില്‍വെച്ചു. സുനുവിന്‍െറ ഏകസഹോദരന്‍ അനൂപാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഒരു ചിതയില്‍വെച്ചായിരുന്നു അഗ്നി പകര്‍ന്നത്.സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നാടൊന്നാകെ ഒഴുകിയത്തെി.
കെ.എം. മാണി എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, ജോസ് കെ. മാണി എം.പി, സ്പെഷല്‍ തഹസില്‍ദാര്‍ എം.എസ്. സെബാസ്റ്റ്യന്‍, വില്ളേജ് ഓഫിസര്‍ സ്വപ്ന എം. നായര്‍, തോമസ് ചാഴികാടന്‍, സ്റ്റീഫന്‍ ചാഴികാടന്‍, മാണി സി. കാപ്പന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എം. ഹരി, സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ തുടങ്ങിയവര്‍ സ്ഥലത്തത്തെിയിരുന്നു.
കണ്‍നിറയെ കാണാനിരുന്നവര്‍ കണ്ടത് പ്രണവിന്‍െറ ജീവനറ്റ ശരീരം
പ്രണവിന് ആദ്യ ചുംബനം നല്‍കാനിരുന്നവര്‍ അന്ത്യചുംബനം നല്‍കിയത് ഹൃദയം പിളര്‍ക്കുന്ന കാഴ്ചയായി. ഇതുവരെ പ്രണവിനെ കണ്ടിട്ടില്ലാത്ത ബന്ധുക്കളും നാട്ടുകാരും അമ്മ സുനുവിനോട് ചേര്‍ന്ന് നിശ്ചലമായി കിടക്കുന്ന നിലയിലാണ് കണ്ടത്.
ഫ്രീസറില്‍ സുനുവിന്‍െറ ഇടതുവശത്താണ് പ്രണവിനെ കിടത്തിയിരുന്നത്. മരണത്തിലും വേര്‍പെടാതെ പ്രിയമകനെ ചേര്‍ത്തുപിടിച്ചിട്ടുണ്ടായിരുന്നു. ഈ അവധിക്കാലം പ്രണവിനോടൊപ്പം കളിചിരിയുമായി കഴിയാനിരുന്ന കുടുംബങ്ങളെ അഗാധമായ ദു$ഖത്തിലാഴ്ത്തിയാണ് രണ്ടു വയസ്സുകാരന്‍ ലോകത്തോട് വിടപറഞ്ഞത്.
വിവാഹം കഴിഞ്ഞയുടന്‍ ലിബിയയിലേക്ക് ജോലിക്ക് പോയ വിപിനും സുനുവിനുമുണ്ടായ ആദ്യ കണ്‍മണിയെ ഇരുവരുടെയും വീട്ടുകാര്‍ കണ്ടിരുന്നില്ല. ഈ മാസം അവസാനം നാട്ടിലേക്ക് വരാനിരുന്ന പ്രണവിനെ സ്വീകരിക്കാന്‍ സുനുവിന്‍െറ സഹോദരന്‍ അനൂപ് കളിക്കോപ്പുകള്‍ വാങ്ങിവെച്ചിരുന്നു. 2011ല്‍ വിപിന്‍െറ മാതാവ് ലക്ഷ്മിക്കുട്ടിയമ്മക്ക് ചിതയൊരുക്കിയ അതേ സ്ഥലത്താണ് ഇരുവര്‍ക്കും ചിതയൊരുങ്ങിയത്.
സുനുവിന്‍െറയും മകന്‍െറയും മരണവിവരം അറിഞ്ഞതു മുതല്‍ കണ്ണീരില്‍ മുങ്ങിയതാണ് ഈ കുടുംബങ്ങള്‍. പ്രണവിനെ വാരിപ്പുണരാനിരുന്ന കൈകള്‍ വിറങ്ങലോടെ ചേതനയറ്റ ശരീരത്തില്‍ തലോടിയപ്പോള്‍ വെളിയന്നൂര്‍ ഗ്രാമം ഇതുവരെ കണ്ടതിലേറ്റവും കരളലിയിക്കുന്ന കാഴ്ചയായിരുന്നു.
ഇന്നലെ നാട് വീട്ടിലേക്ക് ഒഴുകിയത് ഇവരെ അവസാനമായി ഒന്നുകാണാനായിരുന്നു. നൂറുകണക്കിനാളുകളാണ് സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. പ്രിയസഹോദരിക്കും പ്രണവിനും അന്ത്യകര്‍മങ്ങള്‍ ചെയ്ത് ചിതക്ക് അഗ്നി പകരേണ്ടിവന്നതിന്‍െറ നൊമ്പരത്തില്‍ നെഞ്ചുപൊട്ടിയുളള അനൂപിന്‍െറ കരച്ചില്‍ കണ്ടുനിന്നവര്‍ക്കും താങ്ങാവുന്നതിലപ്പുറമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.