തിരുവനന്തപുരം: ഫയര്‍ഫോഴ്സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റിയ സംഭവം വിവാദത്തിലേക്ക്. നിയമം നടപ്പാക്കിയതിനാണ് തന്നെ സ്ഥലംമാറ്റിയതെന്നും എ.ഡി.ജി.പി ഇരുന്ന സ്ഥാനം ഏറ്റെടുക്കാനാവില്ളെന്നും ജേക്കബ് തോമസ് തുറന്നടിച്ചു. തന്നെ മാറ്റിയതു സംബന്ധിച്ച് ഇതുവരെ സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിച്ചാല്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്നെ തരം താഴ്ത്തുന്നതിന് തുല്യമാണ് ഈ ഉത്തരവ്. അഗ്നിശമന സേനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന ഉത്തരവില്‍ എതിര്‍പ്പുള്ളവര്‍ക്ക് കോടതിയില്‍ പോയി നിയമപരമായി നേരിടാമായിരുന്നു. എന്നാല്‍ ആരും കോടതിയില്‍ പോയില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമയം, കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജേക്കബ് തോമസിന്‍െറ ആലോചനയിലുണ്ട്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജേക്കബ് തോമസിനെ മാറ്റാന്‍ തീരുമാനിച്ചത്. പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലേക്കാണ് മാറ്റം. എ.ഡി.ജി.പി അനില്‍ കാന്തിനാണ് അഗ്നിശമന സേനയുടെ ചുമതല.
ഫ്ളാറ്റ് മാഫിയയുടെ സമ്മര്‍ദമാണ് തീരുമാനത്തിന് പിന്നിലെന്നറിയുന്നു. നാഷനല്‍ ബില്‍ഡിങ് കോഡ് നടപ്പാക്കുന്നതില്‍ കാര്‍ക്കശ്യം കാണിച്ച ജേക്കബ് തോമസ് ഫ്ളാറ്റ് മാഫിയയുടെ കണ്ണിലെ കരടായിരുന്നു. പുതുതായി തുടങ്ങുന്ന പത്തനാപുരം ഫയര്‍ സ്റ്റേഷനിലെ നിയമനവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയുടെ ഓഫിസ് ഇടപെടലുകള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഇത് ചില കല്ലുകടികള്‍ക്ക് ഇടയാക്കിയിരുന്നുവെന്നും പറയപ്പെടുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ജേക്കബ് തോമസിനെ മാറ്റണമെന്ന് മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെട്ടത്. എല്ലാ മന്ത്രിമാരും നീക്കത്തെ പിന്തുണച്ചു.
കെട്ടിട നിര്‍മാണത്തില്‍ അഗ്നിശമന സേനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജേക്കബ് തോമസ് നിര്‍ദേശിച്ചിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബില്‍ഡര്‍മാര്‍ക്ക് മാത്രമേ എന്‍.ഒ.സി നല്‍കൂവെന്ന നിലപാടായിരുന്നു ജേക്കബ് തോമസിന്‍േറത്. ഫ്ളാറ്റ് നിര്‍മാതാക്കളുടെ ഇഷ്ടക്കാരായ ചില ഉദ്യോഗസ്ഥരെ ജേക്കബ് തോമസ് താക്കീത് ചെയ്യുകയും ചെയ്തു. ഈ നടപടിയില്‍ മന്ത്രിമാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്നിശമന സേനാംഗങ്ങളെ ഉപയോഗിക്കാനാവില്ളെന്ന് വ്യക്തമാക്കി അദ്ദേഹം പുറത്തിറക്കിയ സര്‍ക്കുലറും മന്ത്രിമാരുടെ എതിര്‍പ്പിനിടയാക്കി.
ബാര്‍കോഴ കേസ് അന്വേഷണ സംഘത്തലവനായിരുന്ന സമയത്താണ് എ.ഡി.ജി.പിയായിരുന്ന ജേക്കബ് തോമസിന് ഡി.ജി.പിയായി ഉദ്യോഗക്കയറ്റം നല്‍കിയത്. തുടര്‍ന്ന് അദ്ദേഹത്തെ വിജിലന്‍സില്‍ നിന്നുമാറ്റി അഗ്നിശമനസേന ഡി.ജി.പിയായി നിയമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.