റാഞ്ചി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അതിജീവിതമാരുടെ പുനരധിവാസത്തിനും നിർണായക ഇടപെടലുമായി ഝാർഖണ്ഡ് ഹൈകോടതി.ലൈംഗികാതിക്രമങ്ങളിലൂടെ ജനിക്കുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ പ്ലസ് ടു വരെ സൗജന്യ വിദ്യാഭ്യാസവും ക്ഷേമപദ്ധതികളും ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു. ലൈംഗികാതിക്രമ കേസുകളിൽ 'സീറോ എഫ്.ഐ.ആർ' നിർബന്ധമാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ലൈംഗികാതിക്രമത്തിന് ഇരയായവരുടെ സംരക്ഷണവും പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എം.എസ്. സോനക്, ജസ്റ്റിസ് രാജേഷ് ശങ്കർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ചരിത്രപരമായ ഉത്തരവ്.
ലൈംഗികാതിക്രമങ്ങളെ തുടർന്ന് ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നോഡൽ ഓഫീസർമാരെ നിയമിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇങ്ങനെയുള്ള കുട്ടികൾക്ക് പന്ത്രണ്ടാം ക്ലാസ് വരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കണം. ഐ.ഐ.ടി, എൻ.ഐ.ടി, എയിംസ്, ഐ.ഐ.എം തുടങ്ങിയ രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ കുട്ടികൾക്ക് പ്രവേശനം ലഭിക്കുകയാണെങ്കിൽ അവർക്ക് പ്രത്യേക സ്കോളർഷിപ്പ് നൽകണമെന്നും കോടതി ഉത്തരവിട്ടു.
ശാസ്ത്രീയ അടിത്തറയില്ലാത്തതും അതിജീവിതമാരെ വീണ്ടും അപമാനിക്കുന്നതുമായ 'രണ്ട് വിരൽ പരിശോധന' എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ സ്ഥാപനങ്ങളിലും നിരോധിച്ചുകൊണ്ട് അടിയന്തരമായി സർക്കുലർ ഇറക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് ഗുരുതരമായ ഔദ്യോഗിക വീഴ്ചയായി കണക്കാക്കുമെന്നും കുറ്റക്കാർക്കെതിരെ നിയമപ്രകാരം കർശന നടപടിയുണ്ടാകുമെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ച് സുപ്രീം കോടതി നേരത്തെ തന്നെ ഈ പരിശോധന നിരോധിച്ചിട്ടുള്ളതാണെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും ഇത് തുടരുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ജാർഖണ്ഡ് ഹൈകോടതിയുടെ ഈ കർശന നിർദ്ദേശം.
ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവരെ സമൂഹം പ്രതികളെപ്പോലെ കണ്ട് പരിഹസിക്കുന്ന സാഹചര്യം നിലനിൽക്കുന്നത് വേദനാജനകമാണെന്ന് ഹൈകോടതി നിരീക്ഷിച്ചു. പല കേസുകളിലും അതിജീവിതമാരും അവരുടെ കുടുംബങ്ങളും കടുത്ത സാമൂഹിക ബഹിഷ്കരണവും മാനസിക പീഡനവും നേരിടുന്നുണ്ട്. ഈ വിഷയത്തിൽ വലിയ സാമൂഹിക ബോധവൽക്കരണം ആവശ്യമാണെന്നും ഇരകളെ കുറ്റപ്പെടുത്തുന്ന പൊതുസമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി.
ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവരോട് അതീവ ജാഗ്രതയോടും സഹാനുഭൂതിയോടും കൂടി പെരുമാറാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ട്. അതിജീവിതമാരുടെ മൊഴികൾ സബ് ഇൻസ്പെക്ടർ പദവിയിൽ കുറയാത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥർ തന്നെ രേഖപ്പെടുത്തണം. ഇരകൾക്ക് ഭയമില്ലാതെ സത്യം വിളിച്ചുപറയാൻ സാധിക്കുന്ന സൗഹൃദപരമായ അന്തരീക്ഷം സ്റ്റേഷനുകളിൽ ഒരുക്കണം. യാതൊരുവിധ സമ്മർദ്ദവും ഭീഷണിയും ഇവരുടെ മേൽലുണ്ടാകരുത് എന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.