മെഹബൂബ ഉടന്‍ മുഖ്യമന്ത്രിയാകും

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി ബി.ജെ.പി പിന്തുണ സ്വീകരിച്ച് ഉടന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച ശ്രീനഗറില്‍ നടക്കുന്ന യോഗത്തില്‍ അവരെ നിയമസഭാകക്ഷിനേതാവായി തെരഞ്ഞെടുക്കും. രണ്ടു പാര്‍ട്ടികള്‍ക്കുമിടയില്‍ നിലനിന്ന തര്‍ക്കവിഷയങ്ങള്‍ മെഹബൂബ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയോടെ പരിഹരിച്ചു.

മുഫ്തി മുഹമ്മദ് സഈദിന്‍െറ നിര്യാണത്തെ തുടര്‍ന്ന് മൂന്നു മാസമായി പുതിയ സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതത്വത്തിലായിരുന്നു. മുഫ്തിയുമായി ബി.ജെ.പി ഉണ്ടാക്കിയ ധാരണകളില്‍ മാറ്റമില്ളെന്ന വ്യക്തമായ ഉറപ്പാണ് മകള്‍കൂടിയായ മെഹബൂബ ആവശ്യപ്പെട്ടത്. ഇതേച്ചൊല്ലി പലവട്ടം ചര്‍ച്ച നടന്നെങ്കിലും തീര്‍പ്പുണ്ടായില്ല. ജനുവരി ഏഴുമുതല്‍ ഗവര്‍ണര്‍ ഭരണത്തിലാണ് ജമ്മു-കശ്മീര്‍.

പി.ഡി.പിയുമായുള്ള നീക്കുപോക്കു ചര്‍ച്ചക്ക് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവിനെ ചുമതലപ്പെടുത്തിയെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും മെഹബൂബയും തമ്മില്‍ നടന്ന ചര്‍ച്ചയും അന്തിമ ധാരണ ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു. ഇതേതുടര്‍ന്നാണ് നരേന്ദ്ര മോദിയുമായി ചര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാവിലെ നടന്ന അര മണിക്കൂര്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ബി.ജെ.പിയോ പി.ഡി.പിയോ വെളിപ്പെടുത്തിയില്ല.

പ്രധാനമന്ത്രിയുമായി ചര്‍ച്ച നിശ്ചയിക്കുമ്പോള്‍ ജമ്മു-കശ്മീര്‍ ജനതയുടെ ആവശ്യങ്ങളില്‍ വ്യക്തതയുള്ള തീരുമാനം ഉണ്ടാകുമെന്നാണ് സ്വാഭാവികമായും പ്രതീക്ഷിക്കേണ്ടതെന്നായിരുന്നു മെഹബൂബയുടെ പ്രതികരണം. പി.ഡി.പിയും ബി.ജെ.പിയും വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ സ്വീകരിച്ച നടപടി വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.