അപ്പീല്‍ കോടതികള്‍: ഹരജി അഞ്ചംഗ ബെഞ്ചിന്


ന്യൂഡല്‍ഹി: ഹൈകോടതികളില്‍നിന്നുള്ള അപ്പീലുകള്‍ പരിഗണിക്കുന്നതിന് ദേശീയ അപ്പീല്‍ കോടതികള്‍ സ്ഥാപിക്കണമെന്ന ആവശ്യം സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഏപ്രില്‍ നാലിന് വിപുലമായ ബെഞ്ച് കേസ് പരിഗണിക്കുമ്പോള്‍ ഏതെല്ലാം പ്രശ്നങ്ങള്‍ പരിശോധിക്കണമെന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിക്കും മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലിനും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കി.
ഹൈകോടതികളില്‍നിന്നുള്ള അപ്പീലുകള്‍ സുപ്രീംകോടതിയില്‍ കെട്ടിക്കിടക്കുന്നതു ചൂണ്ടിക്കാട്ടി ചെന്നൈയില്‍നിന്നുള്ള അഭിഭാഷകനായ വി.വി. വസന്തകുമാര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. കേസില്‍ മുതിര്‍ന്ന അഭിഭാഷകരായ കെ.കെ. വേണുഗോപാല്‍, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരെ അമിക്കസ് ക്യൂറിയായും കോടതി നിയമിച്ചിരുന്നു.
ചൊവ്വാഴ്ച കേസ് പരിഗണിക്കവേ, അപ്പീലുകള്‍ക്കു മാത്രമായി ഉന്നത കോടതികള്‍ സ്ഥാപിക്കുന്നതു സാധ്യമല്ളെന്ന് അറ്റോണി ജനറല്‍ വാദിച്ചു. എന്നാല്‍, അയര്‍ലന്‍ഡ് അടക്കമുള്ള രാജ്യങ്ങളില്‍ ഇത് നിലവിലുണ്ടെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന തലത്തില്‍പോലും അത് സാധ്യമാണെന്നും അദ്ദേഹം വാദിച്ചു. ഇതേതുടര്‍ന്നാണ് കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍െറ പരിഗണനക്കു വിട്ട് സുപ്രീംകോടതി ഉത്തരവിറക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.