ലഖ്നോ: മഥുര ജവഹര്‍ ബാഗിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെയുണ്ടായ അക്രമത്തില്‍ പൊലീസ് സൂപ്രണ്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമടക്കം 29 പേര്‍ മരിച്ച സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റിനെയും സീനിയര്‍ പൊലീസ് സൂപ്രണ്ടിനെയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലംമാറ്റി. മുഖ്യമന്ത്രി അഖിലേഷ് യാദവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. സീനിയര്‍ പൊലീസ് സൂപ്രണ്ട് രാകേഷ്കുമാര്‍ സിങ്ങിന് പകരം ജാലൂന്‍ പൊലീസ് സൂപ്രണ്ട് ബബ്ലൂ കുമാറിന് ചുമതല നല്‍കി. എന്നാല്‍, മജിസ്ട്രേറ്റ് രാജേഷ് കുമാറിന് പകരം ആരെയും നിയമിച്ചിട്ടില്ല.
പൊലീസ് വീഴ്ചയെക്കുറിച്ച് വ്യാപക വിമര്‍ശമുണ്ടായ സാഹചര്യത്തിലാണ് നടപടി. കലാപത്തിന് നേതൃത്വം നല്‍കിയ ആള്‍ദൈവം രാം ബൃക്ഷ് യാദവും അക്രമത്തിനിടെ കൊല്ലപ്പെട്ടിരുന്നു. 45 കേസുകളിലായി 3000ത്തോളം കൈയേറ്റക്കാരെ പൊലീസ് പ്രതിചേര്‍ത്തിട്ടുണ്ട്. സംഭവം നടക്കാനുള്ള സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ അലീഗഢ് ഡിവിഷനല്‍ കമീഷണര്‍ ചന്ദ്രകാന്തിനെ ചുമതലപ്പെടുത്തി.
അതേസമയം, സംഭവത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ശിവ്പാല്‍ സിങ് യാദവ് രാജിവെക്കണമെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ നിയമസഭാ മന്ദിരത്തിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു. ഗവര്‍ണര്‍ രാം നായികിന് നിവേദനം കൊടുക്കുമെന്ന് ബി.ജെ.പി വക്താവ് വിജയ് ബഹാദൂര്‍ പഥക് പറഞ്ഞു.
കലാപത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് യു.പി സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ സുപ്രീംകോടതി ചൊവ്വാഴ്ച വാദംകേള്‍ക്കും. ഡല്‍ഹിയിലെ ബി.ജെ.പി വക്താവ് അശ്വിനി ഉപാധ്യായ് ആണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്. അക്രമത്തിനുശേഷം തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായും 200 വാഹനങ്ങള്‍ കത്തിച്ചതായും ഹരജിയില്‍ പറയുന്നു.
അവധിക്കാല ബെഞ്ചിലെ ജസ്റ്റിസുമാരായ പി.സി. ഘോഷും അമിത്വ റോയിയും കേസിന്‍െറ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഉടന്‍ വാദം കേള്‍ക്കുമെന്നറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.