കെ.ജി പ്രവേശനം: ഇന്ത്യന്‍ സ്കൂളുകളില്‍ സീറ്റ് തേടി രക്ഷിതാക്കള്‍ വലയുന്നു

അബൂദബി: വരുന്ന അധ്യയന വര്‍ഷത്തേക്കുള്ള കിന്‍റര്‍ഗാര്‍ട്ടന്‍ പ്രവേശനത്തിന് അബൂദബി എമിറേറ്റിലെ ഇന്ത്യന്‍ സ്കൂളുകളില്‍ സീറ്റ് തേടി രക്ഷിതാക്കള്‍ വലയുന്നു. താങ്ങാവുന്ന ഫീസില്‍ കുട്ടികളെ പഠിപ്പിക്കാന്‍ സാധിക്കുമെന്നതും പഠനനിലവാരവുമാണ് രക്ഷിതാക്കളെ ഇന്ത്യന്‍ സ്കൂളുകളിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍, ആവശ്യത്തിന് അനുസരിച്ച് സീറ്റ്  ലഭ്യമല്ലാത്തത് പലരെയും നിരാശരാക്കുന്നു. പതിനഞ്ചോളം ഇന്ത്യന്‍ സ്കൂളുകളാണ് അബൂദബി എമിറേറ്റിലുള്ളത്. 500ല്‍ താഴെ കെ.ജി സീറ്റുകളാണ് ബഹുഭൂരിപക്ഷം ഇന്ത്യന്‍ സ്കൂളുകളിലുമുള്ളത്. എന്നാല്‍, ആയിരങ്ങളാണ് കുട്ടികളെ ചേര്‍ക്കാന്‍ സ്കൂളുകളില്‍ അപേക്ഷ നല്‍കുന്നത്. ഇത്രയധികം പേരില്‍നിന്ന് കുറഞ്ഞ സീറ്റിലേക്ക് പ്രവേശനം നല്‍കേണ്ടതിനാലും കിന്‍റര്‍ഗാര്‍ട്ടന്‍ വിഭാഗത്തില്‍ പ്രവേശന പരീക്ഷ അനുവദനീയമല്ലാത്തതിനാലും നറുക്കെടുപ്പാണ് സ്കൂള്‍ അധികൃതര്‍ സ്വീകരിക്കുന്ന വഴി.
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തള്ളിക്കയറ്റം കാരണം ഇന്ത്യന്‍ പാഠ്യക്രമം പിന്തുടരുന്ന പുതിയ സ്കൂളുകള്‍ വിവിധയിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഉയര്‍ന്ന ഫീസ് കാരണം പലര്‍ക്കും അവിടങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ സാധിക്കുന്നില്ല.  മിക്ക ഇന്ത്യന്‍ സ്കൂളുകളും  5,000 ദിര്‍ഹത്തിന് താഴെ  ഫീസ് വാങ്ങുമ്പോള്‍ 13,000 ദിര്‍ഹം മുതല്‍ 15,000 ദിര്‍ഹം വരെയാണ് ഇവിടങ്ങളിലെ വാര്‍ഷിക ഫീസ്.   
കഴിഞ്ഞ ദിവസം അബൂദബി ഇന്ത്യന്‍ സ്കൂളില്‍ നടന്ന കെ.ജി പ്രവേശനത്തിന് 40 സീറ്റിലേക്ക് 2000ത്തോളം പേരാണ് പേരാണ് എത്തിയത്. സഹോദരങ്ങള്‍ പഠിക്കുന്ന സ്കൂളെന്ന നിലയില്‍ 130ഓളം പേര്‍ നറുക്കെടുപ്പില്ലാതെ ഇതേ സ്കൂളില്‍ പ്രവേശനം നേടിയിരുന്നു. ബാക്കി 40 സീറ്റുകളിലേക്കാണ് കഴിഞ്ഞ ദിവസം പ്രവേശനം നടത്തിയത്. 
മോഡല്‍ സ്കൂള്‍ അബൂദബിയില്‍ 400 സീറ്റുകളാണുള്ളത്. ഇതിലേക്ക് 2200 പേരാണ് അപേക്ഷ നല്‍കിയത്. ഇവിടെ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങള്‍ക്കും നറുക്കെടുപ്പില്ലാതെ പ്രവേശനം നല്‍കിയിട്ടുണ്ട്. 
കിന്‍റര്‍ഗാര്‍ട്ടന്‍ പ്രവേശന നടപടികള്‍ തിങ്കളാഴ്ച പൂര്‍ത്തിയാകുമെന്ന് മോഡല്‍ സ്കൂള്‍ അബൂദബി പ്രിന്‍സിപ്പല്‍ ഡോ. വി.വി. അബ്ദുല്‍ ഖാദര്‍ അറിയിച്ചു. ഡിസംബര്‍ അവസാനത്തിലാണ് ഇവിടെ ഒന്ന്, രണ്ട് ക്ളാസുകളിലേക്കുള്ള പ്രവേശന പരീക്ഷ നടത്തിയത്. മുന്നൂറോളം കുട്ടികള്‍ പരീക്ഷ എഴുതിയതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.
പ്രവേശനത്തിന് എത്തുന്നവരുടെ ബാഹുല്യം കാരണമായുള്ള നീണ്ട കാത്തിരിപ്പും ഗതാഗതക്കുരുക്കും രക്ഷിതാക്കളെ ഏറെ പ്രയാസപ്പെടുത്തുന്നു. ജോലിയില്‍നിന്ന് അവധിയെടുത്താണ് മിക്കവരും മക്കളുടെ പ്രവേശനത്തിന് എത്തുന്നത്. ഇത്രയൊക്കെ പ്രയാസം സഹിച്ചാലും  ഭൂരിപക്ഷം പേരും നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്.
ഇന്ത്യന്‍ സ്കൂളുകളില്‍ പ്രവേശനം ലഭിക്കാത്തവര്‍ ഉയര്‍ന്ന ഫീസ് കൊടുത്ത് മറ്റു സ്കൂളുകളില്‍ ചേരാന്‍ നിര്‍ബന്ധിതരാവുകയാണ്. അതേസമയം, പ്രവേശനം ലഭിക്കാത്തതിനാല്‍ കുടുംബത്തെ നാട്ടിലേക്ക് അയച്ച് മക്കളെ അവിടെ പഠിപ്പിക്കാം എന്ന് തീരുമാനിക്കുന്നവരും ഉണ്ട്. 


 

News Summary - indian school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.