അബൂദബി: മഫ്റഖ്-ഗുവൈഫാത് ഹൈവേ പദ്ധതിയുടെ മുക്കാല്‍ ഭാഗത്തോളം പൂര്‍ത്തിയായതായി അബൂദബി പൊതു സേവന കമ്പനി ‘മുസനദ അറിയിച്ചു. 2017 മധ്യത്തോടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പടിഞ്ഞാറന്‍ മേഖലയെ ബന്ധിപ്പിക്കാനുദ്ദേശിച്ചുകൊണ്ടുള്ള റോഡ് നിര്‍മാണ പ്രവൃത്തികള്‍ എല്ലാ ദിവസവും 24 മണിക്കൂറും നടക്കുന്നുണ്ടെന്നും 530 കോടി ദിര്‍ഹമാണ് പദ്ധതി ചെലവെന്നും മുസനദ റോഡ് ആക്ടിങ് ഡയറക്ടര്‍ ഹംദാന്‍ അഹ്മദ് ആല്‍ മസൂറി അറിയിച്ചു. ആറ് പാക്കേജുകളുള്ള പദ്ധതിയില്‍ കണ്‍സള്‍ട്ടന്‍റുമാര്‍, എന്‍ജീനീയര്‍മാര്‍, തൊഴിലാളികള്‍ തുടങ്ങി 8500 പേര്‍ ജോലി ചെയ്യുന്നു. 16 പുതിയ ഇന്‍റര്‍ചേഞ്ചുകള്‍, മഫ്റഖ്, ഹമീം, അബു ആല്‍ അബ്യദ്, മദീന സായിദ് എന്നിവിടങ്ങളില്‍ നിലവിലുള്ള ഇന്‍റര്‍ചേഞ്ചുകളുടെ നവീകരണം എന്നിവ നിര്‍മാണത്തില്‍ ഉള്‍പ്പെടുന്നു. മഫ്റഖിനും ബയ്നൂന വനപ്രദേശത്തിനും ഇടയിലും ബറകക്കും ഗുവൈഫാതിനും ഇടയിലുമുള്ള റോഡുകളില്‍ ഇരു ദിശകളിലേക്കും പുതിയ പാതകള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍, സിലാക്കും ഗുവൈഫാതിനും സമീപം ഒട്ടകങ്ങള്‍ക്ക് കടന്നുപോകാനുള്ള ഭൂഗര്‍ഭപാത എന്നിവയും നിര്‍മിക്കും. മഫ്റഖില്‍നിന്ന് സൗദി അറേബ്യയുടെ അതിര്‍ത്തിയായ ഗുവൈഫാത് വരെ നീളുന്ന റോഡിന് 246 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.