ഷാര്‍ജ: പൂവട്ടിയും കൈയിലേന്തി പൂവിറുത്ത് പൂവേ പൊലി പാടി നടക്കാനുള്ള പാട വരമ്പുകളും ഇടവഴികളും കന്നുകള്‍ മെയ്യുന്ന കുന്നിന്‍ ചെരിവുകളും ഇല്ളെങ്കിലും പ്രവാസ മലയാള മുറ്റത്തും അത്തം നാളില്‍ പൂക്കളം ഒരുങ്ങും. കര്‍ക്കടകം കഴുകി വൃത്തിയാക്കിയ നാട്ടുമണ്ണില്‍ മുക്കുറ്റിയും തുമ്പയും കാക്കപൂവും വിരിഞ്ഞ് നില്‍ക്കുകയാണ്. ഗ്രാമങ്ങളില്‍ നിന്ന് പൂക്കള്‍ ഇപ്പോളും കുറ്റിയറ്റു പോയിട്ടില്ല. വേലിയിലും വള്ളിയിലും അവ യഥേഷ്ടം വിടര്‍ന്ന് നില്‍ക്കുന്നുണ്ട്. നാട്ടിലെ ഈ കാഴ്ചകള്‍ മനസില്‍ നിറച്ച് കമ്പോളങ്ങളില്‍ നിന്ന് പൂക്കള്‍ വാങ്ങി അത്തത്തെ സ്വീകരിക്കാന്‍ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു. ശനിയാഴ്ച പ്രധാന കച്ചവട കേന്ദ്രങ്ങളില്‍ പൂക്കളത്തെിയിരുന്നു.
അത്തപൂക്കളത്തില്‍ ഒരു നിര പൂവിടാനെ പാടുള്ളു എന്നാണ് ചൊല്ല്. ചുവന്ന പൂക്കള്‍ ഇടാനും പാടില്ല. അതിനനുസരിച്ചുള്ള പൂക്കളാണ് വിപണികളില്‍ കണ്ടത്. ഓരോ ദിവസം കൂടും തോറും കളത്തിലെ പൂക്കള്‍ വര്‍ധിക്കും. ഉത്രാടത്തിന് പൂക്കളം പലവര്‍ണ പൂക്കള്‍ കൊണ്ട് നിറവും വട്ടവും കൂടും. എന്നാല്‍ ചോതി നാള്‍ മുതല്‍ മാത്രമാണ് ചെമ്പരത്തി പൂവിന് കളത്തില്‍ പ്രവേശം. അത്തത്തിനുള്ള പൂക്കള്‍ മാത്രമല്ല കച്ചവട കേന്ദ്രങ്ങളില്‍ എത്തിയിരിക്കുന്നത്. സെറ്റ് സാരികളും മുണ്ടും ജുബ്ബയുമെല്ലാം എത്തിയിട്ടുണ്ട്.
ഇത്തവണ എത്തിയിരിക്കുന്ന ജുബ്ബകളെല്ലാം കടും നിറത്തിലുള്ളതാണ്. മുണ്ടിന്‍െറ കസവിനും വീതി കൂടുതലുണ്ട്. പെരുന്നാളും ഓണവും അടുത്തടുത്ത ദിവസങ്ങളിലായത് കൊണ്ട് ഇത്തവണ ആഘോഷത്തിന് പൊലിമ കൂടും. സംഘടനകള്‍ക്കാവട്ടെ രണ്ടാഘോഷവും ഒന്നിച്ച് നടത്താനുള്ള അസുലഭ അവസരവുമാണ്.
പ്രവാസ ലോകത്തെ ഓണാഘോഷം ഒരു കൊല്ലം നീളുമെന്നത് വെറും ചൊല്ലല്ല. അതങ്ങിനെയാണ്. അവധി ദിവസങ്ങള്‍ തെരഞ്ഞെടുത്താണ് മലയാളി ഓണത്തെ അവിസ്മരണിയമാക്കുന്നത്. ഓണമെന്നത് ഇന്ന് പ്രവാസ ലോകത്ത് കഴിയുന്ന എല്ലാ രാജ്യക്കാര്‍ക്കും അറിയാം. ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള കാത്തിരിപ്പിലാണ് ഇതര രാജ്യക്കാരും. പൂ നിറഞ്ഞ കളവും വിഭവങ്ങള്‍ നിറഞ്ഞ തൂശനിലയും വിദേശീയരുടെ പ്രധാന ഇഷ്ടമാണ്. അത്തം എത്തിയതോടെ തന്നെ ഓണ വിഭവങ്ങള്‍ ഒരുക്കാനുള്ള പ്രധാന കറികൂട്ടുകളെല്ലാം കച്ചവട കേന്ദ്രങ്ങളില്‍ എത്തിയിട്ടുണ്ട്. എളുപ്പത്തില്‍ പായസവും സാമ്പാറും മറ്റും തയാറാക്കാനുള്ള കൂട്ടുകളാണ് കൂടുതല്‍. സമയമില്ലാത്തവര്‍ക്ക് ഇത് വലിയ അനുഗ്രഹമാണ്.
ഓണ സദ്യ ഒരുക്കാനുള്ള പാചകക്കാരെ നാട്ടില്‍ നിന്ന് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രധാന ഭക്ഷണശാലകള്‍. ഓണത്തിന്‍െറ അന്ന് സദ്യക്ക് വലിയ തിരക്കാണ് ഭക്ഷണശാലകളില്‍ അനുഭവപ്പെടാറുള്ളത്. മുന്‍കൂട്ടി ആവശ്യപ്പെട്ടാല്‍ മാത്രമെ നേരത്തിന് സദ്യ കിട്ടാറുള്ളു. മലയാളികള്‍ മാത്രമല്ല സദ്യക്കായി ഭക്ഷണശാലകള്‍ക്ക് മുന്നില്‍ വരി നില്‍ക്കാറുള്ളത്. ഭാഷയുടെ അതിര്‍ വരമ്പുകള്‍ രുചികള്‍ കൊണ്ട് ഭേദിച്ച പെരുമ പ്രവാസ ഓണത്തിനുണ്ട്. പണം എത്ര കൈയിലുണ്ടെങ്കിലും ഉത്രാടത്തിന് സാധനങ്ങള്‍ വാങ്ങി കൂട്ടാനാണ് എല്ലാവര്‍ക്കും ഇഷ്ടം. ഓണാഘോഷത്തിലെ ഒരു ചടങ്ങല്ലാ ചടങ്ങായി അത് മാറി കഴിഞ്ഞു. പ്രവാസ മലയാളവും അത് തുടരുന്നു.
തിരുവോണത്തെ വര്‍ണാഭവും രുചികരവുമാക്കാന്‍ ഉത്രാട പാച്ചില്‍ നടത്തിയെ തീരുവെന്നാണ് പ്രവാസി മലയാളികളും പറയുന്നത്. ഇത് കണക്കിലെടുത്ത് നാക്കില മുതലുള്ള സാധനങ്ങള്‍ കേരളത്തില്‍ നിന്ന് ഉത്രാട നാളില്‍ ഗള്‍ഫ് വിപണികളിലത്തെുന്നു. നേന്ത്രപ്പഴം കേരളത്തില്‍ നിന്നും ഒമാനില്‍ നിന്നുമാണ് എത്തുന്നത്. ഓണം കണക്കിലെടുത്ത് കച്ചവട കേന്ദ്രങ്ങള്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ വലിയ അനുഗ്രഹമാണ്. കച്ചവട കേന്ദ്രങ്ങളില്‍ വസ്ത്രങ്ങള്‍ മുതല്‍ ഭക്ഷണ സാധനങ്ങള്‍ വരെയുള്ളവക്ക് ഇപ്പോള്‍ തന്നെ ആനുകുല്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരുന്നാളും ഓണവും അടുത്തടുത്ത ദിവസങ്ങളിലായതിനാല്‍ പെരുന്നാളിന് പ്രഖ്യാപിച്ച അവധി ഓണത്തെയും വര്‍ണഭമാക്കും. ഇത് സദ്യയുടെ രുചിയും കൂട്ടും. അത് കൊണ്ട് തന്നെ പ്രധാന വിനോദസഞ്ചാര മേഖലകളില്‍ നല്ല തിരക്കും പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.