നീതിയും നിഷ്പക്ഷതയും ഉറപ്പാക്കാന്‍ ദുബൈയില്‍ പുതിയ നിയമ നിര്‍മാണം

ദുബൈ: നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷത നിലനിര്‍ത്തി വിവേചനങ്ങള്‍ തടഞ്ഞ് ഏവര്‍ക്കും നീതി ഉറപ്പാക്കാന്‍ ഉതകുംവിധത്തില്‍ പുതിയ നിയമനിര്‍മാണം. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പുറപ്പെടുവിച്ച ജുഡീഷ്യല്‍ അതോറിറ്റി നിയമം 13/2016 പ്രകാരം നീതിപീഠത്തിന് പരിപൂര്‍ണ സ്വാതന്ത്ര്യവും ജനങ്ങള്‍ക്ക് പൂര്‍ണ നീതിയും ഉറപ്പാക്കാന്‍ നിര്‍ദേശിക്കുന്നു.
 നീതിന്യായ വ്യവസ്ഥയിലെ അന്താരാഷ്ട്ര മര്യാദകള്‍ പാലിച്ചും സുതാര്യതയും തുല്യതയും സംരക്ഷിച്ചും കാര്യക്ഷമത പ്രകടമാക്കിയും നീതിനിര്‍വഹണം നടപ്പാക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ന്യായാധിപന്‍മാരുടെ അധികാരങ്ങള്‍ക്കുമേല്‍ ആരും കൈകടത്തില്ല. കോടതിക്കു മുന്നില്‍ ഏവര്‍ക്കും സമത്വം നിലനിര്‍ത്തും. പരാതിക്കാര്‍ക്ക് അന്വേഷണത്തിന്‍െറയും വിചാരണയുടെയും സമയത്ത് എല്ലാ അവകാശങ്ങളും വകവെച്ചു നല്‍കും. നിയമലംഘനം നടത്തിയാലല്ലാതെ ന്യായാധിപന്‍മാര്‍ക്കെതിരെ കേസ് നടത്തിപ്പ് സംബന്ധിച്ച് പരാതികള്‍ നല്‍കാനാവില്ല. നിയമം നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ക്കനുസൃതമായല്ലാതെ ഉത്തരവുകള്‍ അസാധുവാക്കപ്പെടുകയുമില്ല. 
നീതിനിര്‍വഹണം സംബന്ധിച്ച് ദുബൈ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും നൈതികതയും സുതാര്യതയും ഉറപ്പാക്കാന്‍  മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിക്കുക ഉള്‍പ്പെടെ ദൗത്യങ്ങളുമായി ദുബൈ ജുഡീഷ്യല്‍ കൗണ്‍സില്‍ നിലവില്‍ വരും.  
 ചെയര്‍മാന്‍, ഡെ.ചെയര്‍മാന്‍, വിവിധ ജഡ്ജിമാര്‍   എന്നിവരുള്‍ക്കൊള്ളുന്നതാവും സമിതി. 
 ശൈഖ് മുഹമ്മദിന്‍െറ മുന്‍കൂര്‍ അനുമതി കൂടാതെ ജഡ്ജിമാരെ അറസ്റ്റു ചെയ്യാനോ കസ്റ്റഡിയില്‍ വെക്കാനോ അവര്‍ക്കെതിരെ കേസെടുക്കാനോ പോലും പാടുള്ളതല്ല. 
എന്നാല്‍ ഇവര്‍ ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പക്ഷം 24 മണിക്കൂറിനകം വിഷയം ദുബൈ ഭരണാധികാരിക്കു മുന്നില്‍ സമര്‍പ്പിക്കണം എന്ന നിബന്ധനയില്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുക്കാം. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.