സൗരോര്‍ജ രംഗത്ത് ദുബൈ കുതിക്കുന്നു

ദുബൈ: പരിസ്ഥിതി സൗഹൃദ സൗരോര്‍ജ പദ്ധതി നടപ്പാക്കുന്നതില്‍ ദുബൈ കുതിപ്പ് തുടരുകയാണെന്ന് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അല്‍ താഇര്‍. ഭാവിയില്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരമാകാന്‍ സൗരോര്‍ജത്തിന് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കി.
ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ആവശ്യകതയും വിലയും കൂടുതലാണ്. എന്നാല്‍ സൗരോര്‍ജം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനാകും. അതുകൊണ്ടുതന്നെ ഭാവിയിലെ ഊര്‍ജ സ്രോതസ്സ് സൂര്യനാണ്. ഫോസില്‍ ഇന്ധനങ്ങളുടെ കേന്ദ്രമായിരുന്ന മിഡിലീസ്റ്റ് രാജ്യങ്ങള്‍ അതിവേഗം സൗരോര്‍ജത്തിലേക്ക് ചുവടുമാറ്റുകയാണ്. യു.എ.ഇയാണ് ഇക്കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. 2050ഓടെ 75 ശതമാനം ഊര്‍ജോല്‍പാദനവും പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളിലൂടെയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യം മുന്നോട്ടുപോകുന്നത്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ദീര്‍ഘവീക്ഷണം ഇക്കാര്യത്തില്‍ നിര്‍ണായകമായി. ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുതി പ്ളാന്‍റ് ദുബൈയിലാണെന്നതിന് ഇത് തെളിവാണ്. 2030ഓടെ 5000 മെഗാവാട്ട് വൈദ്യുതി ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കാനാവും. ഇതിന് പുറമെ വീടുകള്‍ക്ക് മുകളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ശംസ് ദുബൈ പദ്ധതിക്കും ദീവ തുടക്കം കുറിച്ചിട്ടുണ്ട്. വീടുകളുടെ ഉപയോഗം കഴിഞ്ഞ് അധികം വരുന്ന വൈദ്യുതി ദീവക്ക് കൈമാറും. വരും വര്‍ഷങ്ങളില്‍ സൗരോര്‍ജ വൈദ്യുതി ഉല്‍പാദന രംഗത്ത് നിര്‍ണായക നേട്ടം കൈവരിക്കാന്‍ ദീവക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.