അബൂദബിയില്‍ കൂടുതല്‍ വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധന നിലവില്‍ വന്നു 

അബൂദബി: തലസ്ഥാന എമിറേറ്റില്‍ അധികമായി ജലവും വൈദ്യുതിയും ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് നിരക്ക് വര്‍ധന നിലവില്‍ വന്നു.  അബൂദബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി ഡിസംബര്‍ അവസാനം പുറത്തുവിട്ട നിരക്കുകള്‍ പ്രകാരമാണ്   നിര്‍ദിഷ്ട പരിധിയില്‍ കൂടുതല്‍ വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്നവര്‍ക്ക് അധിക നിരക്ക് നല്‍കേണ്ടി വരുക.   വില്ലകളിലും ഫ്ളാറ്റുകളിലും താമസിക്കുന്നവര്‍ക്ക് പുതിയ നിരക്ക് ബാധകമാണ്. വില്ലകളില്‍ പ്രതിദിനം 5000 ലിറ്ററിലും ഫ്ളാറ്റുകളിലും 700 ലിറ്ററിലും കൂടുതലും വെള്ളം ഉപയോഗിച്ചാലാണ് നിരക്ക് വര്‍ധിക്കുക. ഈ പരിധിക്കുള്ളില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ നിലവിലുള്ള തുകയായ 1000 ലിറ്ററിന് 5.95 ദിര്‍ഹം വീതം നല്‍കിയാല്‍ മതിയാകും. അതേസമയം, കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ 1000 ലിറ്റര്‍ ആണെങ്കില്‍ 9.90 ദിര്‍ഹവും 5000 ലിറ്റര്‍ ആണെങ്കില്‍ 10.55 ദിര്‍ഹവം വീതം നല്‍കണം.  
വില്ലകളിലും ഫ്ളാറ്റുകളിലും താമസിക്കുന്നവര്‍ കുറഞ്ഞ വൈദ്യുതിയാണ് ഉപയോഗിക്കുന്നതെങ്കില്‍ നിലവിലെ നിരക്കായ കിലോ വാട്ടിന് 0.21 ദിര്‍ഹം വീതം നല്‍കിയാല്‍ മതിയാകും. ഫ്ളാറ്റുകളില്‍ പ്രതിദിന ഉപയോഗം 20 കിലോവാട്ടും വില്ലകളില്‍ 200 കിലോവാട്ടുമാണ് നിശ്ചയിച്ചിരിക്കുന്നത്. 
ഇതിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ ഒരു കിലോവാട്ടിന് 0.381 ദിര്‍ഹം വീതം നല്‍കണം.  
വൈദ്യുതി- വെള്ളം നിരക്കുകളില്‍ പെട്ടെന്നല്ല മാറ്റങ്ങള്‍ വരുത്തിയതല്ളെന്ന്  അബൂദബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി വ്യക്തമാക്കി. 2015ല്‍ നടപ്പാക്കിയ പുതിയ താരിഫ് സംവിധാന പ്രകാരം പ്രവാസികള്‍ക്ക് മൂന്നിരട്ടി വര്‍ധന ബില്ലുകളില്‍ വരുത്തിയിരുന്നു. സ്വദേശികള്‍ക്ക് ആദ്യമായി വൈദ്യുതി, വെള്ളം നിരക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. സ്വദേശികളുടെ നിരക്കില്‍ അടുത്ത വര്‍ഷവും വ്യത്യാസവും ഏര്‍പ്പെടുത്തില്ല. ഫ്ളാറ്റുകളില്‍ 1000 ലിറ്ററിന് 1.70 ദിര്‍ഹവും വില്ലകളില്‍ 1.89 ദിര്‍ഹവുമാണ് വെള്ളത്തിന്‍െറ നിരക്ക്. 400 കിലോവാട്ട് വരെ വൈദ്യുതിക്ക് അഞ്ച് ഫില്‍സ് വീതവും അതിന് മുകളില്‍ 5.5 ഫില്‍സുമാണ് സ്വദേശികള്‍ നല്‍കേണ്ടത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.