കലയുടെ രംഗ വേദി ഉണരുന്നു

ദുബൈ: വിവിധ സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ ദുബൈ ഇനി ലോകോത്തര കലാപ്രകടനങ്ങളുടെ രംഗവേദി കൂടിയായി മാറും. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് സമീപം ദുബൈ ഡൗണ്‍ടൗണില്‍ നിര്‍മിച്ച ഓപറ ഹൗസ് ബുധനാഴ്ച പൊതുജനങ്ങള്‍ക്കായി തുറക്കും. സ്പാനിഷ് കലാകാരന്‍ പ്ളാസിഡോ ഡോമിങ്ങോയുടെ നേതൃത്വത്തില്‍ നടക്കുന്ന കലാപ്രകടനങ്ങളോടെയാകും ഓപറ ഹൗസിന്‍െറ തിരശ്ശീല ഉയരുക. 2000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഓപറ ഹൗസിന്‍െറ ഉദ്ഘാടന ചടങ്ങിന്‍െറ ടിക്കറ്റുകള്‍ ഇതിനകം വിറ്റുപോയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിന്‍െറ അവസാനവട്ട ഒരുക്കങ്ങള്‍ ഓപറ ഹൗസില്‍ പുരോഗമിക്കുകയാണ്. അടുത്ത നാലുമാസം വിവിധ കലാപ്രകടനങ്ങള്‍ക്ക് ഓപറ ഹൗസ് വേദിയാകും. സെപ്റ്റംബര്‍ രണ്ട്, നാല് തിയതികളില്‍ ഇറ്റാലിയന്‍ ഓപറയായ ‘ദി ബാര്‍ബര്‍ ഓഫ് സെവില്ളെ’ അരങ്ങേറും. ഇതിന്‍െറ റിഹേഴ്സല്‍ ചൊവ്വാഴ്ച ഓപറ ഹൗസില്‍ നടന്നു. പരമ്പരാഗത അറേബ്യന്‍ ഉരുവിന്‍െറ മാതൃകയിലുള്ള ഓപറ ഹൗസ് രൂപകല്‍പന ചെയ്തത് ഡബ്ള്യൂ.എസ് അറ്റ്കിന്‍സിലെ ആര്‍ക്കിടെക്റ്റ് ജാനസ് റോസ്റ്റോക്കാണ്്. മികച്ച സൗകര്യങ്ങളാണ് ഓപറ ഹൗസില്‍ ഒരുക്കിയിരിക്കുന്നതെന്ന് സി.ഇ.ഒ ജാസ്പര്‍ ഹോപ് പറഞ്ഞു. 
ഓഡിറ്റോറിയത്തില്‍ എവിടെയിരുന്നാലും സ്റ്റേജിലെ പരിപാടികള്‍ വ്യക്തമായി കാണാവുന്ന തരത്തിലാണ് സജ്ജീകരണം. പരമ്പരാഗതവും ആധുനികവും പ്രാദേശികവുമായ സംസ്കാരങ്ങള്‍ സംയോജിപ്പിച്ചാണ് ഓഡിറ്റോറിയത്തിന്‍െറ രൂപകല്‍പന. 
ബാല്‍ക്കണിയുടെയും ബോക്സിന്‍െറയും കൈവരികള്‍ മരം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. മെറൂണ്‍ നിറത്തിലുള്ള തുകല്‍ ഇരിപ്പിടങ്ങള്‍ ഓഡിറ്റോറിയത്തിന് അഴകേകുന്നു. അത്യാധുനിക ശബ്ദ സംവിധാനങ്ങള്‍ പരിപാടികള്‍ക്ക് ഗാംഭീര്യമേകും.  
ഉദ്ഘാടന ചടങ്ങിന് പിന്നാലെ സെപ്റ്റംബര്‍ ഒന്ന്, മൂന്ന് തിയതികളില്‍ ഫ്രഞ്ച് ഓപറയായ ‘ദി പേള്‍ ഫിഷേഴ്സ്’ അരങ്ങേറും. സെപ്റ്റംബര്‍ 16ന് റൊമാന്‍റിക് ബാലെ ‘ഗിസലെ’യും ഓപറ ഹൗസിലത്തെും. ഒക്ടോബറില്‍ ജോസ് കരേരയുടെ ‘എ ലൈഫ് ഇന്‍ മ്യൂസിക്’, നവംബറില്‍ ‘ലേ മിസറബേല്‍സ്’ ബ്രോഡ്വേ ഷോ, ഫെബ്രുവരിയില്‍ ‘വെസ്റ്റ് സൈഡ് സ്റ്റോറി’ എന്നിവയും നടക്കും. 250 ദിര്‍ഹം മുതലാണ് സാധാരണ ഇരിപ്പിടങ്ങളുടെ ടിക്കറ്റ് നിരക്ക്. ബോക്സുകള്‍ക്കും ബാല്‍ക്കണിക്കും നിരക്കേറും. ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കാനുള്ള ശ്രമത്തിലാണ് ഓപറ ഹൗസിന്‍െറ അണിയറ പ്രവര്‍ത്തകര്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.