സഫാരിക്ക് പോകാം; അല്‍ഐനിലേക്ക്

അബൂദബി: സാഹസികത ആഗ്രഹിക്കുന്നവരുടെയെല്ലാം മോഹമാണ് ആഫ്രിക്കന്‍ സഫാരി. ചെലവും ദൂരവും അടക്കമുള്ള അസൗകര്യങ്ങള്‍ മൂലം ഭൂരിഭാഗം പേരുടെയും ആഫ്രിക്കന്‍ സഫാരിയെന്ന മോഹം പൂവണിയാറില്ല. എന്നാല്‍, യു.എ.ഇയിലുള്ളവര്‍ക്ക് താങ്ങാവുന്ന ചെലവില്‍ സഫാരി അനുഭവിക്കാന്‍ അവസരം ഒരുങ്ങുകയാണ്. അല്‍ഐന്‍ മൃഗശാലയിലാണ് ആഫ്രിക്കന്‍ സഫാരി ഒരുങ്ങിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത സഫാരിയെന്ന ബഹുമതിയോടെ അല്‍ഐന്‍ സഫാരിക്ക് ബുധനാഴ്ച തുടക്കമാകും. പ്രകൃതി ദത്തമായ സാഹചര്യങ്ങളില്‍ വന്യ മൃഗങ്ങള്‍ ജീവിക്കുന്നത് അടുത്ത് കാണുന്നതിനുള്ള അവസരമാണ് അല്‍ഐനില്‍ ഒരുക്കിയിരിക്കുന്നത്. 304 ഫുട്ബാള്‍ ഗ്രൗണ്ടുകള്‍ക്ക് തുല്യമായ സ്ഥലത്ത് സ്വാഭാവിക സാഹചര്യങ്ങളില്‍ കഴിയുന്ന 250ലധികം മൃഗങ്ങളെ കാണുന്നതിനാണ് അവസരം. തനത് ജീവിത ചുറ്റുപാടുകളില്‍ മൃഗങ്ങളെ വളരെ അടുത്ത് നിന്ന് കാണുന്നതിനും അവസരമുണ്ട്. അല്‍ഐന്‍ സഫാരിക്കൊപ്പം അല്‍ഐന്‍ സൂവിന്‍െറ വിപുലീകകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുന്നുണ്ട്. ശൈഖ് സായിദ് ഡെസര്‍ട്ട് ലേണിങ് സെന്‍ററും ബുധനാഴ്ച തുറക്കും. 
നാല് വാഹനങ്ങളിലാണ് ആഫ്രിക്കന്‍ സഫാരിക്ക് അവസരമുള്ളത്. പുല്ലുകള്‍ക്കും മണലുകള്‍ക്കും കുന്നുകള്‍ക്കും ഇടയിലായി മൃഗങ്ങള്‍ ഓടിച്ചാടി നടക്കുന്നതും വിശ്രമിക്കുന്നതും കാണാന്‍ സാധിക്കും. അല്‍ഐന്‍ എന്ന ആധുനിക നഗരത്തിന് നടുവിലായി വന്യ ജീവി സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. സിംഹം, സീബ്ര, ജിറാഫ്, ഒറിക്സ്, അറബ്- ആഫ്രിക്കന്‍ മാനുകള്‍ തുടങ്ങിയവക്കൊപ്പം 2500 മരങ്ങളും ചെടികളും സഫാരിയിലുണ്ട്. സഫാരി ആരംഭിച്ചതിന് ശേഷം കൂടുതല്‍ മൃഗങ്ങളെ ഉള്‍പ്പെടുത്തും. 
സുരക്ഷിതമാക്കിയ വാഹനങ്ങളിലാണ് സഫാരിക്ക് അവസരം. ഇമാറാത്തികളാണ് വാഹനം ഓടിക്കുക. മൃഗങ്ങളെ കാണുന്നതിനൊപ്പം ഇമാറാത്തി സംസ്കാരവും പാരമ്പര്യവും ആതിഥ്യമര്യാദയും അനുഭവിച്ചറിയുന്നതിനും സഫാരിയിലൂടെ അവസരമൊരുക്കുകയാണ് സ്വദേശി ഡ്രൈവര്‍മാരിലൂടെ ലക്ഷ്യമിടുന്നത്. 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ നീളുന്നതാണ് യാത്ര. ഒരു സീറ്റിന് 200 ദിര്‍ഹമാണ് ഫീസ്. ആറ് യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന നിസാന്‍ പട്രോള്‍ 1000 ദിര്‍ഹത്തിന് വാടകക്ക് നല്‍കുകയും ചെയ്യും.  അല്‍ഐന്‍ സഫാരി സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമായിരിക്കുമെന്ന് അല്‍ഐന്‍ സൂ ഡയറക്ടര്‍ ജനറല്‍ ഗാനിം അല്‍ ഹജിരി പറഞ്ഞു. 
മുതലകള്‍, ഹിപ്പോകള്‍ അടക്കം കൂടുതല്‍ മൃഗങ്ങളെ സഫാരിയില്‍ വൈകാതെ ഉള്‍പ്പെടുത്തുമെന്ന് അല്‍ഐന്‍ സൂ സഫാരി മാനേജര്‍ ലൂക്ക് ബ്രൗണ്‍ പറഞ്ഞു.  സഫാരിക്ക് എത്തുന്നവരെ ലക്ഷ്യം വെച്ച് ഹോട്ടലിന്‍െറ നിര്‍മാണവും നടക്കുന്നുണ്ട്. വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന അല്‍ഐന്‍ സൂവില്‍ സഫാരിയും ആരംഭിക്കുന്നതോടെ കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.