ഇന്ത്യന്‍ മാസ്റ്റേഴ്സ് സോക്കര്‍: ദുബൈ എക്സ്പാറ്റ്സ് ടീം ദക്ഷിണാഫ്രിക്കയിലേക്ക്

ദുബൈ: ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടക്കുന്ന പത്താമത് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ മാസ്റ്റേഴ്സ് സോക്കറില്‍ യു.എ.ഇയെ പ്രതിനിധീകരിച്ച് പ്രവാസി മലയാളികളുടെ ദുബൈ എക്സ്പാറ്റ്സ് ടീം പങ്കെടുക്കും. ഒക്ടോബര്‍ മൂന്ന് മുതല്‍ ആറുവരെ നടക്കുന്ന ടൂര്‍ണമെന്‍റിനായി ടീം രണ്ടിന് ദുബൈയില്‍ നിന്ന് യാത്ര തിരിക്കും. 
മുന്‍ ഇന്ത്യന്‍ താരം നജീബ് ഉള്‍പ്പെടെയുള്ളവര്‍ ടീമിലുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ഫുട്ബാള്‍ ടീം മുന്‍ ക്യാപ്റ്റനും മുന്‍ ടൈറ്റാനിയം കളിക്കാരനുമായ പി.വി. സുമന്‍ ടീമിനെ നയിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
40 വയസ്സിന് മുകളിലുള്ളവരാണ് മാസ്റ്റേഴ്സ് സോക്കര്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. മുന്‍ ഫുട്ബാള്‍ താരങ്ങളുടെ കൂട്ടായ്മയും സഹകരണവുമാണ് ടൂര്‍ണമെന്‍റിന്‍െറ ലക്ഷ്യം. നാലുദിവസവും രാവിലെ മുതല്‍ വൈകിട്ട് വരെ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ ടൂര്‍ണമെന്‍റിന്‍െറ പ്രത്യേകതയാണ്. കഴിഞ്ഞവര്‍ഷം മലേഷ്യയില്‍ നടന്ന ടൂര്‍ണമെന്‍റിലും ദുബൈ എക്സ്പാറ്റ്സ് ടീം പങ്കെടുത്തിരുന്നു. ഇത്തവണ ഇന്ത്യ, ദക്ഷിണാഫ്രിക്ക, മലേഷ്യ, മൗറീഷ്യസ്, ഇന്തോനേഷ്യ, സിങ്കപ്പൂര്‍ ടീമുകളുമായി ദുബൈ എക്സ്പാറ്റ്സ് ഏറ്റുമുട്ടും.  
സര്‍വകലാശാല, സംസ്ഥാന, ദേശീയതലങ്ങളില്‍ മികവ് തെളിയിച്ച കളിക്കാരാണ് ദുബൈ എക്സ്പാറ്റ്സ് ടീമിലുള്ളത്. മുന്‍ ഇന്ത്യന്‍ താരം നജീബാണ് ടീമിലെ പുതുമുഖം. 50 വയസ്സിന് മുകളില്‍ പ്രായമുള്ള രണ്ടുപേരുണ്ട്. അന്‍വര്‍ സാദത്ത് (വൈസ് ക്യാപ്റ്റന്‍), രജത്ത് രാധാകൃഷ്ണന്‍ (ടെക്നിക്കല്‍ മാനേജര്‍), സന്തോഷ് മേനോന്‍ (ടീം മാനേജര്‍), സലാം, അബ്ദുന്നാസര്‍, അബൂബക്കര്‍ ഇഫ്തിഖാര്‍ (ഗോള്‍ കീപ്പര്‍), സുബൈര്‍, നൗഷാദ്, യൂസുഫ്, റിയാസ്, സൈദലവി, ഹാരിസ്, അബ്ദുല്‍ സലാം, ഷസാന്‍ (റഫറി) എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. 
കുട്ടികള്‍ക്കായി ദുബൈ എക്സ്പാറ്റ്സിന്‍െറ നേതൃത്വത്തില്‍ സ്കോളേഴ്സ് സ്കൂളില്‍ പരിശീലന ക്ളാസുകള്‍ നടത്തുന്നുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന ക്ളാസില്‍ 200ഓളം കുട്ടികള്‍ക്ക് പരിശീലനം നല്‍കിവരുന്നു. 
സ്പെയിനില്‍ ജൂലൈയില്‍ നടന്ന ഡൊണോസ്റ്റി കപ്പ് ടൂര്‍ണമെന്‍റില്‍ ദുബൈ എക്സ്പാറ്റ്സിന്‍െറ അണ്ടര്‍- 16 ഗേള്‍സ് ടീം പങ്കെടുത്തു. 
വാര്‍ത്താസമ്മേളനത്തില്‍ ടീം ചെയര്‍മാന്‍ എ.പി.സലാഹ്, വൈസ് ചെയര്‍മാന്‍ സലാം, ഡയറക്ടര്‍ അബൂബക്കര്‍ ഇഫ്തിഖാര്‍, ക്യാപ്റ്റന്‍ പി.വി. സുമന്‍, മാനേജര്‍ സന്തോഷ് മേനോന്‍, ഇല്യാസ് എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.