യുനസ്കോ പുരസ്കാരം പുതിയ ഊര്‍ജ്ജം  നല്‍കി  -പി.വി.അബ്ദുല്‍ വഹാബ് 

ജിദ്ദ: അരികുവല്‍കരിക്കപ്പെട്ടവരുടെ പുരോഗതിക്ക് വേണ്ടി നിശ്ശബ്ദമായി നടത്തിയ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണ് ഇത്തവണത്തെ യുനസ്കോ പുരസ്കാരമെന്ന് മലപ്പുറം ജെ.എസ്.എസ് (ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്‍) ചെയര്‍പേഴ്സണ്‍ പി.വി അബ്ദുല്‍ വഹാബ് എം.പി. ജിദ്ദയില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ വിധവകളുടെയും ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകളുടെയും അവിവാഹിതകളുടെയും ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് മലപ്പുറം ജെ.എസ്.എസിന്‍േറത്. തീരദേശവാസികളുടെയും ആദിവാസി വിഭാഗങ്ങളുടെയും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ചക്കുവേണ്ടി നടത്തിയ ആത്മാര്‍ഥമായ ശ്രമമാണ് അംഗീകാരത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ്  20,000 ഡോളറും വെള്ളിമെഡലുമടങ്ങുന്ന പുരസ്കാരം പാരീസില്‍ നടന്ന ചടങ്ങില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണില്‍ നിന്ന് വഹാബ് ഏറ്റുവാങ്ങിയത്. ചൈന സ്പോണ്‍സര്‍ ചെയ്യുന്നതാണ് അവാര്‍ഡ്. ചൈനയില്‍ കണ്‍ഫ്യൂഷ്യസ് ദിനാചരണത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടിയില്‍ ഇതിന്‍െറ പേരില്‍ ആദരിക്കപ്പെട്ടത് അവിസ്മരണീയ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. സാക്ഷരതയില്‍ ഊന്നിയ തൊഴില്‍ പരിശീലന പദ്ധതികള്‍ നടപ്പാക്കിയതിനാണ് അവാര്‍ഡ് ലഭിച്ചത്. ആദിവാസി മേഖലയിലെ പ്രായം ചെന്ന അമ്മമാര്‍ക്കു പോലും സാക്ഷരത നേടാന്‍  ഞങ്ങള്‍ ഏര്‍പെടുത്തിയ ‘ടോകിങ് പെന്‍‘ വലിയ വിപ്ളവമാണ് ഉണ്ടാക്കിയത്. അക്ഷരങ്ങളിലേക്ക് ചേര്‍ത്തുവെക്കുമ്പോള്‍ പേന തന്നെ മലയാള അക്ഷരം വായിക്കുന്നതാണ് ‘ടോകിങ് പെന്‍’. ഇത് യുനസ്കോയുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയ പരിപാടിയാണ്. 
2006 -ലാണ് ജെ.എസ്.എസിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറത്ത് തുടക്കം കുറിച്ചത്. സാക്ഷരതാപ്രവര്‍ത്തനമേഖലയിലെ മികവിന് 2014-ല്‍ കേന്ദ്രസര്‍ക്കാറിന്‍െറ ‘സാക്ഷര്‍ ഭാരത്’ അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ സ്വപ്നം കണ്ടതാണ് യുനസ്കോ പുരസ്കാരം. 2016-ല്‍ അത് സാക്ഷാത്കരിക്കാനായതിന്‍െറ ആത്മഹര്‍ഷത്തിലാണ്. 
മലപ്പുറം ജെ.എസ്്.എസ് നടപ്പാക്കിയ ‘ഉല്ലാസം’ പദ്ധതി 3000 സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കി. വെറും ജോലിയും കുലിയും എന്നതിലുപരി അവരിലെ കലാ- സാംസ്കാരിക ബോധവും സര്‍ഗാത്മകമായ കഴിവുകളും പരിപോഷിപ്പിക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തത്. തൊഴില്‍ പരിശീലനം നല്‍കി അവരെ സ്വയം പര്യാപ്തരാക്കിയ ശേഷം സര്‍ക്കാറില്‍ നിന്നുള്ള എല്ലാ  ആനുകൂല്യങ്ങളും ലഭ്യമാക്കിയാണ് സ്ത്രീകള്‍ക്ക് പുരോഗതിയിലേക്കുള്ള വഴി തുറന്നുകൊടുക്കുന്നത്. ഇവയെല്ലാം ജെ.എസ്.എസിന്‍െറ നിരീക്ഷണത്തിലാണ് എന്നതിനാല്‍ പദ്ധതി പാളിപ്പോയില്ല. ആജീവനാന്ത വിദ്യാഭ്യാസമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജെ.എസ്്എസിന്‍െറ പുതിയ കാഴ്ചപ്പാട്. എല്ലാ മേഖലയിലും പാവപ്പെട്ടവരെയും അരികുവല്‍കരിക്കപ്പെട്ടവരെയും സാക്ഷരരാക്കുന്നതാണ് പുതിയ രീതി. ആയിരം സ്ത്രീകള്‍ക്ക് തുന്നല്‍ മെഷിന്‍ വിതരണം ചെയ്ത് നടപ്പാക്കുന്ന ‘ഉന്നതി’ എന്ന പദ്ധതി വിജയകരമായി മുന്നേറുകയാണ്. മലപ്പുറം ജില്ലയിലെ തീരദേശത്തെ സ്ത്രീകള്‍ക്കുവേണ്ടിയാണ് ഇത് നടപ്പാക്കുന്നത്. 30 ലക്ഷം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നത്. ഇത് കൊണ്ട് ബൃഹത്തായ പദ്ധതികള്‍ നടപ്പാക്കാനാവില്ല. സാമ്പത്തികശേഷിയുള്ള സമൂഹത്തിലെ ഉദാരമനസ്കരുടെ  സഹായം കൊണ്ടാണ് വിപുലമായ രീതിയില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുന്നത്. പത്ത് വര്‍ഷത്തിനകം 40,000 ലധികം സ്ത്രീകള്‍ക്ക്  മലപ്പുറം ജെ.എസ്്.എസിന്‍െറ തൊഴില്‍ പരിശീലന പദ്ധതിയുടെ ഗുണം ലഭിച്ചതായാണ് കണക്കെന്നും അദ്ദേഹം പറഞ്ഞു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.