വിദേശികള്‍ പണമയക്കുന്നതിന് നികുതി ഏര്‍പ്പെടുത്തില്ല -സാമ 

റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശ്യമില്ളെന്ന് സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി (സാമ) മേധാവി അഹ്മദ് അല്‍ഖലീഫി പറഞ്ഞു. സാമ്പത്തിക പരിഷ്കരണവും മൂല്യവര്‍ധിത നികുതിയും ഏര്‍പ്പെടുത്തുന്ന പശ്ചാത്തലത്തില്‍ വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതിയും ഏര്‍പ്പെടുത്താന്‍ പോകുന്നു എന്ന രീതിയില്‍ അഭ്യൂഹം പരന്ന സാഹചര്യത്തിലാണ് സാമ മേധാവിയുടെ വെളിപ്പെടുത്തല്‍. മോണിറ്ററി ഏജന്‍സിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് സല്‍മാന്‍ രാജാവിന് സമര്‍പ്പിച്ച സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാമ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. 
രാജ്യത്തിന്‍െറ സാമ്പത്തിക മേഖലക്ക് കൂടുതല്‍ സജീവത ലഭിക്കാന്‍ കൂടുതല്‍ വിദേശ ബാങ്കുകള്‍ക്കും ശാഖകള്‍ക്കും സൗദിയില്‍ പ്രവര്‍ത്തനാനുമതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഡോളറുമായി സൗദി റിയാലിന്‍െറ വിനിമയ മൂല്യത്തില്‍ മാറ്റം വരുത്തില്ല. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ച ജസ്റ്റ നിയമമോ പ്രസിഡന്‍റ് പദവിയിലേക്കുള്ള ഡൊണാള്‍ഡ് ട്രംപിന്‍െറ വിജയമോ സൗദിയുടെ അമേരിക്കയുമായുള്ള സാമ്പത്തിക ബന്ധത്തിനും നിക്ഷേപത്തിനും അസ്വസ്ഥത സൃഷ്ടിക്കില്ല. സൗദി അറേബ്യയുടെ സാമ്പത്തിക സ്ഥിതി ഇപ്പോഴും ഭദ്രമാണെന്ന് മോണിറ്ററി ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ നാണയം ഉടന്‍ പുറത്തിറക്കും. എന്നാല്‍ 1000 റിയാലിന്‍െറ കറന്‍സി പുറത്തിറക്കാന്‍ ഇപ്പോള്‍ ഉദ്ദേശ്യമില്ളെന്നും  അഹ്മദ് അല്‍ഖലീഫി വിശദീകരിച്ചു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.