റിയാദ്: സൗദി ധനകാര്യ മന്ത്രിയെ മാറ്റി നിശ്ചയിച്ചുകൊണ്ട് സല്‍മാന്‍ രാജാവ് വിജ്ഞാപനമിറക്കി. തിങ്കളാഴ്ച രാത്രി വൈകി പുറത്തിറക്കിയ 13 രാജ വിജ്ഞാപനത്തിലാണ് മന്ത്രി തലത്തിലും വിവിധ മേഖലകളിലുമുള്ളവര്‍ക്ക് സ്ഥാന ചലനമുണ്ടായത്. മുന്‍ ധനകാര്യ മന്ത്രി സഹമന്ത്രി പദവിയില്‍ മന്ത്രിസഭയില്‍ തുടരും. 21 വര്‍ഷമായി ധനകാര്യം കൈകാര്യം ചെയ്തിരുന്ന ഡോ. ഇബ്രാഹീം അല്‍ അസ്സാഫിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയാണ് സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി മേധവിയായിരുന്ന മുഹമ്മദ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ജദ്ആനെ പകരം പ്രതിഷ്ഠിച്ചത്. തലസ്ഥാനത്തെ ഇമാം മുഹമ്മദ് ബിന്‍ സുഊദ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും അഡ്മിനിസ്ട്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡിപ്ളോമയും കരസ്ഥമാക്കിയ മുഹമ്മദ് അല്‍ജദ്ആന്‍ കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ സാരഥ്യം വഹിക്കുന്നതിന് മുമ്പ് സാഗിയ, റിയാദ് ചേംബര്‍ തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗദിയുടെ സമ്പദ് വ്യവസ്ഥ ശക്തമാണെന്നും വെല്ലുവിളികള്‍ ഏറ്റെടുത്ത് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ മന്ത്രിയായി നിയമിതനായതിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൗദി റെഡ്ക്രസന്‍റ് മേധാവിയായി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ഖാസിമിനെയും രാജാവ് നിയമിച്ചിട്ടുണ്ട്. ഈ തസ്തിക മന്ത്രി പദവിക്ക് തുല്യമാണ്. ഡോ. അബ്ദുറഹ്മാന്‍ ആല്‍ ഇബ്രാഹീമിനെ ജല ശുദ്ധീകരണ അതോറിറ്റി മേധാവി സ്ഥാനത്തുനിന്ന് നീക്കി ആ ഉത്തരവാദിത്തം താല്‍ക്കാലികമായി എഞ്ചിനീയര്‍ അലി അല്‍ഹാസിമിയെ ഏല്‍പിച്ചു.
ഡോ. റുമൈഹ് ബിന്‍ മുഹമ്മദിനെ റയില്‍വെയുടെയും പൊതു ഗതാഗാതത്തിന്‍െറയും മേധാവിത്വം ഏല്‍പിച്ചിട്ടുണ്ട്. മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റി മേധാവിയായി ഡോ. ഹാതിം അല്‍മര്‍സൂഖിയെയും തയ്ബ സര്‍വകലാശാലയുടെ മേധാവിത്വം ഡോ. അബ്ദുല്‍ അസീസ് അസ്സര്‍റാനിയെയും ശഖ്റ യൂനിവേഴ്സിറ്റി മേധാവിത്വം ഇവദ് അല്‍അസ്മരിയെയും ഏല്‍പിച്ചതായി രാജ വിജ്ഞാപനത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.