സുമനസ്സുകള്‍ സഹായിച്ചു; ദുരിതത്തിലായ മലയാളി വനിതകള്‍ നാട്ടിലത്തെി 

റിയാദ്: വാഗ്ദാനം ചെയ്ത ശമ്പളം നല്‍കാതെ കേരളത്തിലെ വിസ ഏജന്‍റ് കാലു മാറിയതോടെ ദുരിതത്തിലായ മലയാളി വനിതകളില്‍ അഞ്ചു പേര്‍ നാട്ടിലത്തെി. ഇടുക്കി വാഗമണ്‍ ചാമരത്ത് ശോശാമ്മ ആന്‍റണി, കോട്ടയം കറുകച്ചാല്‍ കുഞ്ഞൂഞ്ഞമ്മ, മേരി കറുകച്ചാല്, എല്‍സി കൊച്ചി, കൊല്ലം കരിക്കോട് യമുന എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. ബാക്കിയുള്ളവര്‍ അടുത്തയാഴ്ച മടങ്ങും. 
അഞ്ചു മാസം മുമ്പാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുളള 13 യുവതികള്‍ തൊഴില്‍ തേടി സൗദിയിലെ പ്രമുഖ കമ്പനിയില്‍ ശുചീകരണ ജോലിക്ക് എത്തിയത്. എട്ടു പേര്‍ക്ക് റിയാദില്‍ നിന്ന് 950 കി. മീറ്റര്‍ അകലെ ഖമീസ് മുശൈതിലും അഞ്ചുപേര്‍ക്ക് റിയാദിലുമായിരുന്നു ജോലി. 1500 റിയാല്‍ ശമ്പളം, താമസ സൗകര്യം, ഭക്ഷണം, ഓവര്‍ ടൈം എന്നിവയുണ്ടാകുമെന്നായിരുന്നു കേരളത്തിലെ ഇടനിലക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മുംബൈയിലെ റിക്രൂട്ടിങ് ഏജന്‍സിയും സൗദിയിലെ കമ്പനിയും തമ്മിലുണ്ടാക്കിയ തൊഴില്‍ കരാര്‍ പ്രകാരം 800 റിയാലാണ് ശമ്പളം. ശമ്പളവും ഇഖാമയും ലഭിക്കാതായതോടെ മലയാളി യുവതികള്‍ സംഘം ചേര്‍ന്ന് പരാതി നല്‍കി. ഇതു പരിഗണിക്കാതായപ്പോള്‍ പ്രതിഷേധം അറിയിച്ചു. 
പിന്നീട് ജോലിയില്‍ നിന്ന് വിട്ടു നിന്ന് നാട്ടിലേക്ക് മടക്കി അയക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് ഇവരുടെ ദുരിതം ആരംഭിച്ചത്. ശമ്പളവും ഭക്ഷണവും പുറത്തിറങ്ങാന്‍ ഇഖാമയും ഇല്ലാതെ ഇവരെ കമ്പനിയിലെ ലേബര്‍ ക്യാമ്പില്‍ താമസിപ്പിച്ചു. ഇതിനിടെ വീട്ടുകാര്‍ എംബസിയില്‍ പരാതി നല്‍കി. പ്രശ്ന പരിഹാരത്തിന് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ സജ്ജാദ് ഖാനെ എംബസി ചുമതലപ്പെടുത്തി. സെന്‍ട്രല്‍ കമ്മിറ്റി ഇവര്‍ക്ക് ഭക്ഷണവും നല്‍കി. 
തൊഴിലുടമയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയതോടെ ജോലിയില്‍ നിന്ന് വിട്ടു നിന്ന മൂന്നു മാസത്തെ ശമ്പളവും ടിക്കറ്റും നല്‍കാന്‍ അദ്ദേഹം തയാറായി. ഇതോടെയാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്. അബഹയില്‍ ജോലി ജോലി ചെയ്തിരുന്ന മലയാളി വനിതകളെയും നാട്ടിലയക്കുന്നതിന്‍െറ ഭാഗമായി റിയാദിലെ താമസ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്നു. 
ഇവര്‍ക്കുള്ള ഭക്ഷണവും മരുന്നും സെന്‍ട്രല്‍ കമ്മിറ്റി നല്‍കി. കുഞ്ഞികുമ്പള, ഷംനാദ് കരുനാഗപ്പളളി എന്നിവരുടെ നേതൃത്വത്തിലാണ് സൗകര്യമൊരുക്കിയത്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.