റിയാദ്: യമനില്‍ സൗദിയുടെ നേതൃത്വത്തില്‍ സഖ്യ സൈന്യം നടത്തുന്ന സൈനിക നടപടി അധികം വൈകാതെ അവസാനിപ്പിക്കുമെന്ന പ്രഖ്യാപനം അമേരിക്ക സ്വാഗതം ചെയ്തു. വൈറ്റ് ഹൗസ് വക്താവ് ജോണ്‍ ഏണസ്റ്റ് ഇറക്കിയ പ്രസ്താവനയിലാണ് സൗദിയുടെ നീക്കത്തെ അമേരിക്ക സ്വാഗതം ചെയ്യുന്നതായി അറിയിച്ചത്. യമനില്‍ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്. യമനില്‍ രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടതെന്നാണ് അമേരിക്കയുടെ നയം. അത് വൈകാതെ സാധ്യമാവുമെന്നാണ് കരുതുന്നതെന്നും ഏണസ്റ്റ് വ്യക്തമാക്കി.
അതുകൊണ്ട് തന്നെ സഖ്യ സേന വക്താവ് ജനറല്‍ അഹ്മദ് അസീരിയുടെ പ്രസ്താവന എല്ലാ അര്‍ഥത്തിലും സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൂതി വിമതര്‍ക്കും മുന്‍ യമന്‍ പ്രസിഡന്‍റ് അലി സാലിഹ് പക്ഷക്കാര്‍ക്കും എതിരായി ഒരു വര്‍ഷം മുമ്പാണ് യമനില്‍ സഖ്യ സേന ആക്രമണം തുടങ്ങിയത്. സൈനിക നടപടിയുടെ പ്രധാന ഘട്ടം ഉടന്‍ അവസാനിപ്പിക്കുമെന്ന് അസീരി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
യമനില്‍ നിന്ന് സൈന്യം പിന്മാറിയാല്‍ രാഷ്ട്രീയ സ്ഥിരത കൈവരിക്കുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാവിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാഷ്ട്ര പുനര്‍നിര്‍മാണമാണ് അടുത്ത ഘട്ടത്തില്‍ നടക്കുക.
യമനില്‍ അബ്ദുറബ്ബ് ഹാദിയുടെ നേതൃത്വത്തിലുള്ള നിയമാനുസൃത സര്‍ക്കാറിനെയാണ് സഖ്യ സേന പിന്തുണക്കുന്നത്. അവര്‍ക്കുള്ള പിന്തുണ തുടരുമെന്നും മാധ്യമ പ്രവര്‍ത്തകരെ അസീരി അറിയിച്ചിരുന്നു.
ഇതിന് പിറകെയാണ് അമേരിക്കയുടെ പ്രതികരണം വന്നത്. ഏപ്രില്‍ 21ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ സൗദി സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സന്ദര്‍ശന കാലയളവില്‍ സൗദിയുടെ ആതിഥ്യത്തില്‍ നടക്കുന്ന ജി.സി.സി ഉച്ചകോടിയിലും ഒബാമ സംബന്ധിക്കുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.