ഗള്‍ഫ് മാധ്യമം, മീഡിയ വണ്‍ പ്രതിനിധികള്‍ക്ക് ‘കഫീഫിന്‍െറ’ ആദരം 

റിയാദ്: സൗദി തലസ്ഥാനത്തെ പ്രമുഖ ജനസേവന സംരംഭമായ ചാരിറ്റബിള്‍ അസോസിയേഷന്‍ ഫോര്‍ ബ്ളയന്‍റ്സ് (കഫീഫ്) റിയാദിലെ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു. സഹാഫ വില്ളേജിലെ അന്തൂര്‍ ഹോട്ടലില്‍ ചേര്‍ന്ന ചടങ്ങ് ശൂറ കൗണ്‍സില്‍ അംഗവും അസോസിയേഷന്‍ മേധാവിയുമായ നാസിര്‍ അല്‍മൂസ ഉദ്ഘാടനം ചെയ്തു. ദൃശ്യ, ശ്രവ്യ, പത്ര മാധ്യമ രംഗത്തെ തെരഞ്ഞെടുത്ത വ്യക്തിത്വങ്ങള്‍ക്ക് ചടങ്ങില്‍ മീഡിയ എക്സലന്‍സി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്ന് ഗള്‍ഫ്മാധ്യമം, മീഡിയവണ്‍ എന്നിവയുടെ റിയാദ് പ്രതിനിധികളും അവാര്‍ഡിനര്‍ഹരായി. ഗള്‍ഫ് മാധ്യമം മാര്‍ക്കറ്റിങ് മാനേജര്‍ റാഷിദ് ഖാന്‍, ബ്യൂറോ ചീഫ് ഇനാമുറഹ്മാന്‍ എന്നിവര്‍ക്കും മീഡിയവണില്‍ നിന്ന് സൗദി ബ്യൂറോ ചീഫ് റബീഅ് മുഹമ്മദ്, റിപ്പോര്‍ട്ടിങിന് അസ്ഹര്‍ പുള്ളിയില്‍, കെ.സി.എം അബ്ദുല്ല എന്നിവര്‍ക്കുമുള്ള എക്സലന്‍സി അവാര്‍ഡുകള്‍ ശൂറ കൗണ്‍സില്‍ അംഗം നാസിര്‍ അല്‍മൂസ സമ്മാനിച്ചു. കഫീഫിന്‍െറ ബ്രാന്‍ഡ് അംബാസഡറായ പ്രമുഖ ഫുട്ബാള്‍ താരം നായിഫ് അഹസ്സാസി, യുവകവി താഹിര്‍ അല്‍അശ്മാവി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 
‘കഫീഫി’ന്‍െറ വഖ്ഫ് പദ്ധതിയെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ നാസിര്‍ അല്‍മൂസ വിശദീകരിച്ചു. ചാരിറ്റി അസോസിയേഷന് ലഭിക്കുന്ന പിന്തുണയിലും പ്രോല്‍സാഹനത്തിലും ഏറ്റവും സുപ്രധാനമാണ് മാധ്യമ രംഗത്തുനിന്ന് ലഭിക്കുന്ന സഹകരണമെന്ന് മീഡിയ അവാര്‍ഡുകള്‍ സമര്‍പ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അലി അല്‍ഹാസിമി പരിപാടികള്‍ നിയന്ത്രിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.