പ്രത്യേക നികുതി; പുകയില ഉല്‍പന്നങ്ങള്‍ക്കും  ശീതള പാനീയങ്ങള്‍ക്കും വിലകൂടും

ജിദ്ദ: ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ക്കും ശീതള പാനീയങ്ങള്‍ക്കും സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ബജറ്റില്‍ പ്രത്യേക നികുതി നിര്‍ദേശം വന്നതോടെ ഇവക്ക് വില വര്‍ധിക്കും. 
ശീതള പാനീയങ്ങള്‍ക്ക് 2017 രണ്ടാം പാദത്തില്‍ 50 ശതമാനം ലെവി ഏര്‍പ്പെടുത്താനാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നത്. പുകയിലക്കും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും എനര്‍ജി ഡ്രിങ്സിനും 100 ശതമാനമാണ് നികുതി. 
ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന വസ്തുക്കള്‍ക്ക് കനത്ത നികുതി ചുമത്തണമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്‍െറ 36ാമത് സമ്മേളനം തീരുമാനമെടുത്തിരുന്നു. ഇതിന്‍െറ ചുവടുപിടിച്ചാണ് സൗദി ബജറ്റില്‍ പ്രഖ്യാപനമുണ്ടായത്. പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്ന ഉല്‍പന്നങ്ങളുടെ പട്ടിക ഇനിയും നീട്ടുമെന്നും സൂചനയുണ്ട്. എല്ലാത്തരം മധുര പാനീയങ്ങളും പ്രമേഹത്തിനും പൊണ്ണത്തടിക്കും കാരണമാകുന്ന മറ്റ് പാനീയങ്ങളും ഇതിന്‍െറ പരിധിയില്‍ കൊണ്ടുവന്നേക്കും. 
പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്ന വസ്തുക്കളുടെ പൂര്‍ണ പട്ടിക ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്‍െറ പുതിയ നീക്കത്തെ ആരോഗ്യ രംഗത്തുള്ളവര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. സൗദി യുവാക്കളെ പലതരം രോഗങ്ങളിലേക്ക് തള്ളിവിടുന്ന വിവിധ ശീതളപാനീയങ്ങളുടെ ഉപയോഗം കുറക്കാന്‍ ഇത് ഉപകരിക്കുമെന്ന് അവര്‍ പറയുന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.