ഗുരു ദര്‍ശനങ്ങള്‍ വികലമാക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കണം -ആനത്തലവട്ടം ആനന്ദന്‍

ദമ്മാം: ശ്രീ നാരായണ ഗുരു അവതരിപ്പിച്ച ദര്‍ശനങ്ങള്‍ ലോകം അവസാനിക്കുന്നത് വരെ നിലനില്‍ക്കേണ്ടതാണെന്നും അത് വികലമാക്കി അവതരിപ്പിക്കാനുള്ള ബി.ജെ.പിയുടെയും എസ്.എന്‍.ഡി.പിയുടെയും ശ്രമങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. നവോദയ സാംസ്കാരികവേദി ഈസ്റ്റേണ്‍ പ്രോവിന്‍സ് പതിനാലാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി, മത ധ്രുവീകരണത്തിലൂടെ നാടിനെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തുകയാണ്  സംഘ്പരിവാര്‍ ശക്തികള്‍. കഴിഞ്ഞ യു.പി.എ സര്‍ക്കാരിനെ കടത്തിവെട്ടുന്ന വേഗതയില്‍ ബി.ജെ.പി സര്‍ക്കാര്‍ അഴിമതി നടപ്പാക്കി കൊണ്ടിരിക്കുകയാണ്. പതിനഞ്ചു ലക്ഷം ബാങ്ക് അക്കൗണ്ടില്‍ വരുമെന്നും ഐ.ടി മേഖലയില്‍ വലിയ തൊഴില്‍ വിപ്ളവം സൃഷ്ടിക്കുമെന്നും വാഗ്ദാനം നല്‍കി. കാലുമാറി വന്‍തുക വാങ്ങി ബി.ജെ.പിയിലത്തെിയ ഇതര രാഷ്ട്രീയ നേതാക്കളും ബി.ജെ.പി തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിനാല്‍  തിരിച്ചുപോയികൊണ്ടിരിക്കുകയാണ്.
ജാതി, മത സംഘടനകള്‍ക്ക് പരവതാനി വിരിക്കുന്ന ഉമ്മന്‍ചാണ്ടി വികസനത്തില്‍ കേരളത്തെ പത്ത് വര്‍ഷം പിറകോട്ടു കൊണ്ടുപോയി. ആര്‍.എസ്.എസിനും ബി.ജെ.പി അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യം യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കുന്നത് രാഷ്ട്രീയ നേട്ടത്തിനാണ്. കേരളത്തിലെ സാമുദായിക സൗഹാര്‍ദവും നവോഥാന ചിന്തകളും ഉയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷ ചേരി ശക്തിപ്പെടുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നവോദയ പ്രസിഡന്‍റ് സിദ്ദീഖ് കല്ലായി അധ്യക്ഷനായിരുന്നു. ആസാദ് തിരൂര്‍, ബഷീര്‍ വരോട്, എം.എം നയീം, പ്രദീപ് കൊട്ടിയം തുടങ്ങിയവര്‍ പങ്കെടുത്തു. നവോദയ ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ് സ്വാഗതവും സുധീഷ് തൃപ്രയാര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.