എണ്ണവില കുറയുമ്പോഴും സൗദിയില്‍ 4.5 ശതമാനം ശമ്പള വര്‍ധന

ദമ്മാം: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഇടിയുമ്പോഴും ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യമായ സൗദിയില്‍ ജീവനക്കാരുടെ ശമ്പളയിനത്തില്‍ വര്‍ധന. ഈ വര്‍ഷം ശരാശരി 4.5 ശതമാനമാണ് രാജ്യത്ത് തൊഴില്‍ വിപണിയില്‍ വിവിധ മേഖലയിലെ ജീവനക്കാരുടെ വേതനം വര്‍ധിച്ചിരിക്കുന്നത്. സ്വകാര്യ സേവന ദാതാക്കള്‍ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. ഇവര്‍ നടത്തിയ സര്‍വേയില്‍ മൊത്തം ജീവനക്കാരില്‍ 40 ശതമാനവും ഒരേ കമ്പനിയില്‍ അഞ്ചു വര്‍ഷമായി ജോലി ചെയ്യുന്നവരാണെന്നും കണ്ടത്തെിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച ്എണ്ണ വിലയില്‍ 50 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിട്ടും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെയോ തൊഴിലാളികളുടെയോ ശമ്പളത്തിലോ മറ്റാനുകൂല്യങ്ങളിലോ കുറവ് വന്നിട്ടില്ളെന്നും സാധാരണ ഗതിയിലുള്ള വര്‍ധനവാണുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറഞ്ഞ വേതനം വാങ്ങുന്ന തൊഴിലാളികളുടെ കൂലിയില്‍ ഏകദേശം 5.7 ശതമാനം വര്‍ധനവാണുണ്ടായത്. ബാങ്കിങ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ ശമ്പള വര്‍ധനവ് നല്‍കിയിരിക്കുന്നത്. 7.1 ശതമാനമാണ് ഈ മേഖലയിലുള്ള ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിപ്പിച്ചിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ബോണസും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതും ബാങ്കിങ് മേഖലയാണ്.
 മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരന്‍െറയും താഴ്ന്ന ജോലയിലുള്ളവന്‍െറയും വരുമാനത്തിലുള്ള അന്തരം ഏറ്റവും കുറഞ്ഞ രാജ്യമാണ് സൗദി അറേബ്യ. വനിത ജീവനക്കാര്‍ക്കും സാധാരണ നിരക്കിനെക്കാള്‍ കൂടുതലാണ് വേതനം ലഭിക്കുന്നത്. ബാങ്കിങ് മേഖലയില്‍ കുറഞ്ഞ വേതനമുള്ള തസ്തികകളില്‍ ജോലികള്‍ ചെയ്യുന്ന വനിതകള്‍ക്ക് പുരുഷന്മാരെക്കാള്‍ 10 ശതമാനം അധികം ശമ്പളമാണ് നല്‍കുന്നത്. എണ്ണ വിലയിടിവ് തുടരുകയും ആഗോള സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടാലും സൗദിയില്‍ അടുത്ത വര്‍ഷം ഏകദേശം അഞ്ച് ശതമാനം വേതന വര്‍ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എണ്ണയിതര മേഖലകള്‍ കണ്ടത്തെി വരുമാനം വര്‍ധിപ്പിക്കാന്‍ സൗദി ഭരണകൂടം വിപുലമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇക്കാരണത്താലാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില താഴ്ന്നു കിടക്കുമ്പോഴും തൊഴില്‍ വിപണിയേയോ സാമ്പത്തിക വളര്‍ച്ചയേയോ ബാധിക്കാത്തതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.