ദോഹ: പശ്ചിമേഷ്യ മേഖലയിലെ ഏറ്റവും വലിയ പ്രശ്നവും വെല്ലുവിളിയും ഫലസ്തീനിനും ഇസ്രയേലിനുമിടയിലെ സമാധാന പുനസ്ഥാപനമാണെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ദ്വിരാഷ്ട്രവാദത്തിന് ഇസ്രയേലിന്‍െറ ഭാഗത്തു നിന്നുള്ള പൂര്‍ണ പിന്തുണയുണ്ടായാല്‍ മാത്രമേ മേഖലയില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയുള്ളൂവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ദോഹ ഷെറാട്ടന്‍ ഹോട്ടലില്‍ ആരംഭിച്ച ഒമ്പതാമത് അന്താരാഷ്ട്ര പോളിസി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകം മുമ്പത്തേക്കാളേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും ചില ഇരട്ടത്താപ്പ് നിലപാടുകളാണ് ഇതിന് കാരണമാകുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണ മനോഭാവം വളരണമെന്നും അത് പ്രാദേശിക തലത്തിലും അന്തര്‍ദേശീയ തലത്തിലും ഇത് സാധ്യമാക്കണമെന്നും അന്താരാഷ്ട്ര സംഘടനകളും കമ്മ്യൂണിറ്റികളും തമ്മിലും കൊടുക്കല്‍ വാങ്ങലുകള്‍ സംഭവിക്കണമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ഫലസ്തീന്‍ വിഷയത്തില്‍ ന്യായമായ പരിഹാരം കാണാന്‍ കഴിഞ്ഞില്ളെങ്കില്‍ അത് മേഖലയിലെ മുഴുവന്‍ സമാധാന ശ്രമങ്ങളെയും ബാധിക്കുമെന്നും ലോകത്തിനും അത് ഭീഷണിയാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സിറിയയില്‍ ബശ്ശാറിന്‍െറ കീഴിലെ കിരാത ഭരണം മാനുഷിക ദുരന്തമാണെന്നും സിറിയന്‍ ജനതയുടെയും ഭൂപ്രദേശത്തിന്‍െറയും ഐക്യത്തിന് ഇത് പോറലേല്‍പ്പിച്ചുവെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക മൂല്യങ്ങളും കാറ്റില്‍ പറത്തിയാണ് അസദിന്‍െറ ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നും സിറിയന്‍ ജനതയുടെ സംരക്ഷണത്തിന് അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ഭീകരവാദവും തീവ്രവാദവും അതിന്‍െറ മൂര്‍ധന്യാവസ്ഥയിലാണെന്നും ലോകത്തിന്‍െറയും മേഖലയുടെയും നിലനില്‍പിന്ന് ഇത് ഭീഷണിയാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
സുസ്ഥിര വികസനത്തിന്‍െറ കാര്യത്തില്‍ ഖത്തര്‍ ഏറെ മുന്നിലാണെന്നും ഇതിനകം തന്നെ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മനുഷ്യാവകാശം, വിദ്യാഭ്യാസം, ആരോഗ്യം, യൂവജന പങ്കാളിത്തം, തൊഴില്‍ തുടങ്ങിയ രംഗങ്ങളിലെല്ലാം രാജ്യം മുന്നേറിയിരിക്കുന്നുവെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ മഹത്തായ നേതൃത്വത്തിന്‍െറയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇതെന്നും ഖത്തര്‍ ജനതയുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അമീര്‍ ശ്രദ്ധ നല്‍കുന്നുവെന്നും അതിന്‍െറ ഭാഗമാണ് രാജ്യത്തിന്‍െറ മഹത്തായ പദ്ധതിയായ വിഷന്‍ 2030ന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ചൂണ്ടിക്കാട്ടി.
മഹത്തായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും അതിനായുള്ള മാര്‍ഗങ്ങളാരായുന്നതിനും ഇവിടെ സന്നിഹിതരായ മുഴുവന്‍ പ്രതിനിധികള്‍ക്കും സമ്മേളനത്തിലേക്ക് സ്വാഗതം പറയുന്നതോടൊപ്പം ഇതിന്‍െറ സംഘാടകര്‍ക്കും പ്രത്യേകിച്ച് ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ റിലേഷന്‍സിനും നന്ദി രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി തുടക്കത്തില്‍ വ്യക്തമാക്കി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ മന്ത്രിമാര്‍, നയതന്ത്രപ്രതിനിധികള്‍ മറ്റ് ഉന്നത വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.