സിറിയയിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ : ഖത്തര്‍ വിദേശകാര്യമന്ത്രി യു.എന്നിന് കത്തയച്ചു

ദോഹ: മോശമായി കൊണ്ടിരിക്കുന്ന സിറിയയിലെ മനുഷ്യാവകാശ പ്രതിസന്ധിയെ സംബന്ധിച്ച് ഖത്തര്‍ വിദേശകാര്യമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്‍റ് ഇലബോ ഓസ്കാര്‍ റൊസേലി ഫെരേറ, യു.എന്‍ പൊതുസഭ പ്രസിഡന്‍റ് മോഗന്‍സ് ലെയ്കെറ്റോഫ് എന്നിവര്‍ക്ക് സന്ദേശമയച്ചു. സിറിയയിലെ സബദാനി, മദായ, ബുഗന്‍, ബ്ളുദന്‍ എന്നിവിടങ്ങളിലെ ജനങ്ങളെ വലച്ചുകൊണ്ടിരിക്കുന്ന ഉപരോധം സംബന്ധിച്ച് സന്ദേശത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. 
അവശ്യസാധനങ്ങളും ആരോഗ്യ സേവനങ്ങളും ഭക്ഷണവും തടഞ്ഞുകൊണ്ട് സിവിലിയന്‍മാരെ പട്ടിണിക്കിട്ട് പീഡിപ്പിച്ചാണ് സിറിയന്‍ ഭരണകൂടവും കൂടെയുള്ളവരും മുമ്പോട്ട് നീങ്ങുന്നതെന്ന് യു.എന്നിന് അയച്ച സന്ദേശത്തില്‍ ഡോ. ഖാലിദ് അല്‍ അത്വിയ്യ ചൂണ്ടിക്കാട്ടി. ഹിംസ്, ഗത്ത, ദര്‍യ, മുഅദമി, ദമസ്കസ് തുടങ്ങിയ ജനവാസം കൂടിയ സ്ഥലങ്ങളെ കടുത്ത ഉപരോധത്തില്‍ സിറിയന്‍ ഭരണകൂടം കുടുക്കിയിരിക്കുകയാണ്. മദായ നഗരം സിറിയന്‍ സേനയുടെയും മറ്റ് മിലിറ്റന്‍റ് ഗ്രൂപ്പുകളുടെയും കടുത്ത ഉപരോധത്തില്‍ അമര്‍ന്നിരിക്കുകയാണ്. പട്ടിണിക്കിട്ട് അവരെ വധിക്കുകയാണ്. മാനുഷിക സഹായം പോലും അവിടത്തെുന്നത് പട്ടാളഗ്രൂപ്പുകള്‍ തടഞ്ഞിട്ടിരിക്കുകയാണ്. ഇത് കടുത്ത മനുഷ്യവകാശ ലംഘനമാണെന്നും പോഷകഹാരക്കുറവും പട്ടിണിയും മൂലം ഇതുവരെയായി മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടതായും മന്ത്രി സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. 
40,000ത്തോളം ജനങ്ങളാണ് ഉപരോധത്തില്‍ അകപ്പെട്ടിരിക്കുന്നത്. യു.എന്‍ സുരക്ഷാ കൗണ്‍സിലിന്‍െറ പ്രമേയങ്ങളായ 2139, 2165, 2191, 2258 പ്രമേയങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണ് അവിടെ സിറിയന്‍ സൈന്യവും കൂട്ടാളികളും നടത്തിക്കൊണ്ടിരിക്കുന്നത്. സിവിലിയന്‍മാരെ പട്ടിണിക്കിടല്‍ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങള്‍ക്ക് നേരെയുള്ള വ്യക്തമായ കടന്നുകയറ്റമാണെന്നും അല്‍ അത്വിയ്യ ഓര്‍മിപ്പിച്ചു.
അന്താരാഷ്ട്ര സമൂഹത്തിന്‍െറ മൗനത്തില്‍ ഖേദിക്കുന്നുണ്ടെന്നും സുരക്ഷാ കൗണ്‍സിലിന്‍െറ പ്രമേയങ്ങള്‍ നടപ്പിലാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം മുമ്പോട്ടുവരണമെന്നും ഇക്കാര്യത്തിലുള്ള സമൂഹത്തിന്‍െറ മൗനം വെടിയണമെന്നും ഡോ. ഖാലിദ് അല്‍ അത്വിയ്യ പറഞ്ഞു. 
സിറിയയിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനം ആവശ്യമാണ്. ഇക്കാര്യത്തില്‍ യു.എന്‍ ഉടന്‍ തന്നെ ശക്തമായ നടപടിയെടുക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും സഭക്കയച്ച സന്ദേശത്തില്‍ ഖത്തര്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. 
മദായ പോലെ ഉപരോധത്തിലകപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനും അവര്‍ക്കാവശ്യമായ അവശ്യസാധനങ്ങളും മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നതിനുമുള്ള നടപടികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും സന്ദേശത്തില്‍ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ ആവശ്യപ്പെട്ടു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.