ഖത്തറിലെ കായിക സൗകര്യങ്ങള്‍  ലോകനിലവാരമുള്ളത് -അഞ്ജു

ദോഹ: ഖത്തറിലെ കായിക സൗകര്യങ്ങള്‍ ലോക നിലവാരത്തിലുള്ളതാണെന്ന് ഇന്ത്യയുടെ മികച്ച അത്ലറ്റുകളിലൊരാളും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷയുമായ അഞ്ജു ബോബി ജോര്‍ജ്. 2006ല്‍ ദോഹ ആതിഥ്യം വഹിച്ച ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഖത്തറില്‍ നടന്ന സൂപ്പര്‍ ഗ്രാന്‍റ് പ്രീയോടെയാണ് താന്‍ അത്ലറ്റിക്സ് മത്സരം തുടങ്ങിയതെന്നും അവര്‍ പറഞ്ഞു. വക്റ സ്റ്റേഡിയത്തില്‍ നടക്കുന്ന ചാലിയാര്‍ ദോഹ സ്പോര്‍ട്സ് ഫെസ്റ്റ് ഉദ്ഘാടനത്തിനത്തെിയ അഞ്ജു ദോഹയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. ഖത്തര്‍ തനിക്കേറെ ഇഷ്ടപ്പെട്ട വേദിയാണെന്നും കായിക മത്സരങ്ങള്‍ക്ക് ഇത്രയേറെ പ്രാധാന്യം കല്‍പിക്കുന്ന മറ്റൊരു ഗള്‍ഫ് രാജ്യവുമുണ്ടാകില്ളെന്നും സമ്പൂര്‍ണ അവധി കൊടുത്ത് നാടൊന്നാകെ കായികദിനം ആചരിക്കുന്ന രാജ്യം ഒരുപക്ഷെ ഖത്തര്‍ മാത്രമായിരിക്കുമെന്നും അവര്‍ പറഞ്ഞു. 
നിലവാരമുള്ള പരിശീലകരെയും മികച്ച അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി അത്ലറ്റുകളെ വളര്‍ത്തുകയാണ് സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷയെന്ന നിലയില്‍ പ്രഥമ പരിപാടി. പരിശീലകര്‍ക്കും അത്ലറ്റുകള്‍ക്കും മികച്ച സൗകര്യങ്ങളും തുടര്‍ പരിശീലന പരിപാടികളും ലഭ്യമാക്കും. നിലവിലുള്ള സ്കോളര്‍ഷിപ്പുകള്‍ കായിക പ്രതിഭകള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. സ്കൂള്‍ ഗെയിംസ് ചെറുപ്പക്കാരായ കായിക താരങ്ങള്‍ക്ക് മികച്ച അവസരമാണ്. അതു നഷ്ടപ്പെടുന്നത് വലിയ നഷ്ടമാകുമെന്നത് കൊണ്ടുതന്നെയാണ് ചുരുങ്ങിയ കാലയളവില്‍ ഇത്തവണത്തെ ദേശീയ സ്കൂള്‍ ഗെയിംസിന് ആതിഥ്യം വഹിക്കാന്‍ കേരളം ആത്മാര്‍ഥമായി ശ്രമിച്ചതെന്നും എല്ലാവരുടെയും സഹകരണത്തോടെ നല്ല നിലയില്‍ നടത്താന്‍ സാധിച്ചെന്നും അഞ്ജു പറഞ്ഞു.
അഞ്ജു ബോബി ജോര്‍ജ് അകാദമി രണ്ടു മാസത്തിനകം പ്രവര്‍ത്തനം തുടങ്ങാനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അഞ്ജു, ലോങ് ജംപിലെ പ്രതിഭകള്‍ക്കാണ് പരിശീലനം നല്‍കുകയെന്നും വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ബാംഗ്ളൂരിലെ സായ് കേന്ദ്രത്തിലും രണ്ടാംഘട്ടത്തില്‍ കൊച്ചിയിലും പരിശീലനം നല്‍കും. ലോക ചാമ്പ്യന്‍ഷിപ്പുകളിലെ കായിക മത്സരങ്ങളില്‍ ധാര്‍മികത പുലര്‍ത്തിയും കഠിനാധ്വാനം ചെയ്തും പങ്കെടുത്തതിന്‍െറ പ്രതിഫലമാണ് ഇപ്പോള്‍ കിട്ടുന്നതെന്നും ഇതില്‍ വലിയ ആശ്വാസമുണ്ടെന്നും അഞ്ജു പറഞ്ഞു. 2005ലെ ഐ.എ.എ.എഫ് ലോക അത്ലറ്റിക്സ് ഫൈനലില്‍ രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും സ്വര്‍ണ മെഡല്‍ ജേതാവ് അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്ന് സ്വര്‍ണമെഡല്‍ ലഭിച്ചതിനെ സൂചിപ്പിച്ച് അഞ്ജു പറഞ്ഞു. ലോക കായിക മത്സരങ്ങളില്‍ വരെ കാശും പിടിപാടുമുണ്ടെങ്കില്‍ വെട്ടിപ്പ് നടത്താമെന്നതിന്‍െറ തെളിവുകളാണിത്. എങ്കിലും ധാര്‍മിക നിലപാട് സ്വീകരിച്ചതിനാല്‍ രാജ്യത്തിനും ജനങ്ങള്‍ക്കും അപമാനിതരാകേണ്ടിവന്നില്ളെന്നും പില്‍ക്കാലത്ത് ചിലപ്പോള്‍ അംഗീകരിക്കപ്പെട്ടേക്കാമെന്നും അഞ്ജു പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.