ദോഹ: കഴിഞ്ഞ ഒരു വർഷത്തിലേറെയായി ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന രാജ്യത്തെ പരിഷ്ക്കരിച്ച തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു. അന്താരാഷ്ട്ര തൊഴിൽ നിയമങ്ങൾ അവലംബിച്ചും രാജ്യത്തെ നിലവിലുള്ള നിയമം മുൻപിൽ വെച്ചും പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമാകുന്ന നിരവധി ഖണ്ഡികകളാണ് പുതിയ നിയമത്തിൽ ഉള്ളതെന്ന് സാമൂഹിക ക്ഷേമ–തൊഴിൽ വകുപ്പ് മന്ത്രി ഡോ.ഈസ ബിൻ സഅദ് അൽഒഫാലി അന്നുഐമി വ്യക്തമാക്കി. തൊഴിലാളികളുടെ ക്ഷേമവും അഭിവൃദ്ധിയും ലക്ഷ്യം വെച്ച് നിരവധി ക്ഷേമ പ്രവർത്തനങ്ങളാണ് രാജ്യം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മേൽ നോട്ടത്തിൽ നടപ്പിൽ വരുത്തി വരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പുതുക്കിയ നിയമം കുറ്റമറ്റ രീതിയിൽ നടപ്പിൽ വരുന്നുണ്ടോയെന്ന് അന്വേഷിക്കാൻ പ്രത്യേക സംവിധാനം ഇതിനകം തന്നെ ഏർപ്പെടുത്തി കഴിഞ്ഞു.
കഴിഞ്ഞ ആറ് മാസത്തിനകം എട്ട് ബില്യൻ ഡോളറാണ് (28.9 മില്യൻ റിയാൽ)വിദേശികൾ തങ്ങളുടെ രാജ്യത്തേക്ക് അയച്ചിട്ടുള്ളത്. അവർക്ക് ലഭിക്കുന്ന ശമ്പളത്തിൽ നിന്ന് ഒരു റിയാൽ പോലും നികുതി ഇനത്തിൽ ഗവൺമെൻ്റ് ഈടാക്കുന്നില്ലയെന്ന പ്രത്യേകം ഓർക്കണമെന്ന് മന്ത്രി ഓർമിപ്പിച്ചു. ലഭിക്കുന്ന ശമ്പളം അങ്ങിനെ തന്നെ തങ്ങളുടെ രാജ്യത്തേക്ക് സ്വതന്ത്രമായി അയക്കാനുള്ള സാഹചര്യമാണ് ഗവൺമെൻറ് ഒരുക്കി കൊടുക്കുന്നത്. മന്ത്രി വിശദീകരിച്ചു. തൊഴിലാളിക്ക് വിയർപ്പ് വറ്റുന്നതിന് മുൻപ് വേതനം നൽകണമെന്ന പ്രവാചകൻ മുഹമ്മദിെൻ്റ പാതയാണ് രാജ്യം പിന്തുടരുന്നത്. അതുകൊണ്ട് ഏതെങ്കിലും തൊഴിലാളിക്ക് തനിക്ക് അർഹതപ്പെട്ട വേതനമോ മറ്റ് ആനുകൂല്യങ്ങളോ അവകാശങ്ങളോ കൃത്യ സമയത്ത് ലഭിക്കുന്നില്ലെന്ന പരാതി ലഭിച്ചാൽ മന്ത്രാലയം കമ്പനിക്കെതിരായി ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. തൊഴിലാളികൾക്ക് കമ്പ്യൂട്ടർ ഉപയോഗം, എ.ടി.എം ഉപയോഗം തുടങ്ങിയ പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് വിവിര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി മന്ത്രി അറിയിച്ചു.
പുതുക്കിയ തൊഴിൽ നിയമം ഇന്നലെ മുതൽ തന്നെ പ്രബല്യത്തിൽ വന്നതായി പാസ്പോട്ട് അതോറിറ്റി ഡലറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അത്വീഖ് അറിയിച്ചു. പുതിയ തൊഴിലുടമയിലേക്ക് മാറാൻ ഇത് വരെ നിലവിലെ തൊഴിലുടമയുടെ അനുമതി വേണമെന്ന കർശന നിയമമായിരുന്നു നിലവിലുണ്ടായിരുന്നത്. ഇനി മുതൽ ഈ അനുമതി ആവശ്യമില്ലന്ന് മേജർ ജനറൽ വ്യക്തമാക്കി. ഇതനുസരിച്ച് രാജ്യത്ത് ഏത് തൊഴിലുടമയുടെ കീഴിലാണോ ഇഖാമയുള്ളത് അതേ തൊഴിലുടമയുടെ കീഴിൽ തന്നെ നിലകൊള്ളാൻ തൊഴിലാളി നിർബന്ധിതനായിരുന്നു. എന്നാൽ പുതുക്കിയ നിയമം അനുസരിച്ച് പുതിയ തൊഴിൽ കണ്ടെത്തിയാൽ പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറാൻ നിലവിലെ ഉടമയുടെ അനുമതി ആവശ്യമില്ല. ഇതിന് വെച്ചിരിക്കുന്ന നിബന്ധന നിലവിലെ തൊഴിലുടമയുമായി ഉണ്ടാക്കിയ തൊഴിൽ കരാർ കാലാവധി പൂർത്തീകരിക്കണമെന്നത് മാത്രമാണ്. കാലാവധി അവസാനിക്കുന്നതിന് മുൻപ് മാറണമെന്നുണ്ടെങ്കിൽ മാത്രമാണ് നിലവിലെ ഉടമയിൽ നിന്ന് അനുമതി വാങ്ങേണ്ടത്.
വിദഗ്ധ തൊഴിലാളികളെ സംബന്ധിച്ച് വിശാലമായ അവസരമാണ് ഈ നിയമം മുഖേനെ കൈവരുന്നത്. പലരും നേരത്തെ കുറഞ്ഞ ശമ്പളത്തിൽ തിനക്ക് യോജിച്ചതല്ലാത്ത ജോലിയിൽ ഇഖാമ മാറ്റം നടക്കാത്തതിനാൽ മാത്രം തുടരുന്നവരാണ്. ഇങ്ങനെയുള്ളവർക്ക് പുതിയ സാഹചര്യത്തിൽ യോഗ്യതക്കനുസരിച്ച തൊഴിൽ കണ്ടെത്താൻ ഏറെ സഹായകമാകും. നിലവിലെ വിസ റദ്ദ് ചെയ്ത് പോകുന്നവർക്ക് മറ്റൊരു തൊഴിൽ വിസയിൽ രാജ്യത്തേക്ക് വരാൻ ഇത് വരെ രണ്ട് വർഷം കാത്തിരിക്കണമായിരുന്നു. എന്നാൽ പുതിയ നിയമം അനുസരിച്ച് വിസ കാൻസൽ ചെയ്ത് പുതിയ തൊഴിൽ വിസ കിട്ടുന്ന മുറക്ക് പിറ്റേ ദിവസം തന്നെ വേണമെങ്കിൽ തിരിച്ച് വരാൻ സാധിക്കും. സ്പോൺസർഷിപ്പ് മാറാൻ കഴിയാതെ പ്രയാസപ്പെടുന്നവർക്ക് ഈ നിയമവും ഏറെ പ്രയോജനം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. തൊഴിലാളിയുടെ പാസ്പോർട്ട് കൈവശം വെക്കുന്ന തൊഴലുടമ 25000 റിയാൽ പിഴ നൽകേണ്ടി വരുമെന്ന് മേജർ ജനറൽ അറിയിച്ചു. രാജ്യത്ത് തൊഴിൽ തേടി വരുന്ന തൊഴിലാളികൾ തങ്ങളുടെ തൊഴിൽ കരാർ നേരത്തെ അറിഞ്ഞിരിക്കണമെന്ന് തൊഴിൽ വകുപ്പ് ആവശ്യപ്പെട്ടു. പിന്നീട് ഉണ്ടാകാൻ ഇടയുളള തൊഴിൽ തർക്കങ്ങൾ ഇല്ലാതാക്കാൻ ഒരു പരിധി വരെ ഇത് മുഖേനെ സാധിക്കും.
തൊഴിലാളികളുടെ പുതുക്കിയ എക്സിറ്റ് പെർമിറ്റ് നിയമവും ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് പ്രത്യേക കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുകയോ സാമ്പത്തിക ബാധ്യത ഇല്ലാത്തവരോ ആണെങ്കിൽ എക്സിറ്റ് പെർമിറ്റ് നിഷേധിക്കാൻ തൊഴിലുടമക്ക് സാധിക്കില്ല. അങ്ങിനെ നിഷേധിക്കുന്ന പക്ഷം മദീന ഖലിഫ നോർത്തിൽ പഴയ ട്രാഫിക് വകുപ്പ് ഓഫീസിൽ ഇതിന് വേണ്ടി പ്രവർത്തിക്കുന്ന പ്രശ്ന പരിഹാര കമ്മിറ്റി മുഖേനെ എക്സിറ്റ് പെർമിറ്റ് എടുക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.