രണ്ട് വര്‍ഷത്തിനകം പുതിയ  200 സിനിമ സ്ക്രീനുകള്‍ കൂടി

ദോഹ: രണ്ടുവര്‍ഷത്തിനകം രാജ്യത്ത് പുതിയ 200 സിനിമ സ്ക്രീനുകള്‍ കൂടി. 2018ന്‍െറ ആരംഭത്തോടെ 23 ഇടങ്ങളിലായി ഇരുനൂറോളം തിയേറ്ററുകളെങ്കിലും നിലവില്‍വരുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ദോഹയിലും പരിസരങ്ങളിലും നിര്‍മാണം പൂര്‍ത്തിയാക്കുന്ന വിവിധ മാളുകളിലായിരിക്കും പുതിയ 131 തിയേറ്ററുകള്‍ ഉയരുക. അബൂഹാമൂര്‍, വെസ്റ്റ് ബേ, അല്‍ വാബ്, ലുസൈല്‍, ഗറാഫ, ദയാന്‍, അല്‍ തുമാമ, മിര്‍ഖബ് എന്നിവിടങ്ങളിലെല്ലാം മള്‍ട്ടിപ്ളക്സുകളുള്ള മാളുകളാണ് നിര്‍മാണം പുരോഗമിക്കുന്നത്.
അല്‍ ഖോര്‍ മാളില്‍ മൂന്നു സ്ക്രീനുകള്‍ കൂടി തുറന്നതോടെ നിലവില്‍ ഖത്തറിലെ സിനിമാ സ്ക്രീനുകളുടെ എണ്ണം 54 ആയിട്ടുണ്ട്. പേള്‍ ഖത്തറില്‍ കഴിഞ്ഞ വര്‍ഷം 12 സ്ക്രീനുകളുള്ള തയേറ്റര്‍ സമുച്ചയം തുറന്നിരുന്നു. ഇതിനുപുറമേ സിറ്റി സെന്‍ററില്‍ 14, വില്ലാജിയോ മാളില്‍ 12, ദി മാള്‍, ലാന്‍ഡ് മാര്‍ക്ക്, റോയല്‍ പ്ളാസ എന്നിവിടങ്ങളില്‍ മൂന്ന് വീതം ഏഷ്യന്‍ ടൗണില്‍ നാല് എന്നിങ്ങനെയാണ് മറ്റു സിനിമ സ്ക്രീനുകള്‍. ഈ വര്‍ഷം തുറക്കുന്ന നാലു മാളുകളിലായി 59 സിനിമ സ്ക്രീനുകള്‍ കൂടി വരുന്നതോടെ സ്ക്രീനുകളുടെ എണ്ണം 113 ആകും. എസ്ദാന് സമീപം പുതുതായി തുറക്കുന്ന ഗള്‍ഫ് മാളില്‍ 13 സ്ക്രീനുകളുണ്ട്. മര്‍ഖിയ സ്ട്രീറ്റില്‍ പണി പുരോഗമിക്കുന്ന ത്വാര്‍ മാളില്‍ 12 സ്ക്രീനുകളുണ്ട്. 
റയ്യാന്‍ സ്റ്റേഡിയത്തിന് സമീപമുള്ള മാള്‍ ഓഫ് ഖത്തറില്‍ 19 സ്ക്രീനുകളാണുണ്ടാകുകയെന്നു മാനേജ്മെന്‍റ് അറിയിച്ചിട്ടുണ്ട്.നിര്‍മാണം പുരോഗമിക്കുന്ന ദോഹ ഫെസ്റ്റിവല്‍ സിറ്റിയും സിനിമാ പ്രേമികള്‍ക്കായി വിപുലമായ സൗകര്യമാണ് ഒരുക്കുന്നത്. 
ആദ്യ 4ഡി തിയേറ്റര്‍ ഉള്‍പ്പെടെ 15 തിയേറ്ററുകളുള്ള കോംപ്ളസ്കാണ് ഇവിടെ സജ്ജമാകുന്നത്. സ്ക്രീനിലെ ദൃശ്യങ്ങള്‍ക്കൊപ്പം മഴയും മഞ്ഞും കാറ്റും സുഗന്ധവും പ്രകമ്പനങ്ങളുമൊക്കെ കാണികള്‍ക്കു നേരിട്ട് അനുഭവവേദ്യമാകുന്ന അത്ഭുതമാണ് ഇവിടെ ഒരുങ്ങുന്നത്.
ഖത്തറിന്‍െറ ആദ്യകാല സിനിമാ തീയേറ്ററായ ഗള്‍ഫ് സിനിമ  ഇനിയും തുറന്നിട്ടില്ല. നവീകരണത്തിന്‍െറ ഭാഗമായി മൂന്നുവര്‍ഷം മുമ്പാണ് അടച്ചത്. 
ഇവിടെയുള്ള രണ്ട് തിയേറ്ററും അറ്റകുറ്റപ്പണികള്‍ക്കു ശേഷം ഉടന്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
വിനോദ വ്യവസായത്തിന് നല്ല അവസരങ്ങളാണ് ദോഹയിലുള്ളതെന്നും, നഗരവല്‍കരണം പുരോഗമിക്കുന്ന റയ്യാന്‍ ഭാഗത്ത് 20 തിയേറ്ററുകള്‍ സജ്ജമാകുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ നിരീക്ഷിക്കുന്നു. 
എന്നാല്‍, ഈ തിയേറ്ററുകളില്‍ നിറയാന്‍ മാത്രമുള്ള കാണികളുടെ പങ്കാളിത്തം രാജ്യത്തുണ്ടോ എന്നും ഇവര്‍ ആശങ്കപ്പെടുന്നു. വില്ലാജിയോ, സിറ്റി സെന്‍റര്‍ ദോഹ എന്നീ  മാളുകളിലടക്കം വ്യാഴം, വെള്ളി ദിവസങ്ങളില്‍ സിനിമ കാണാനത്തെുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. പുതിയ ഹോളിവുഡ്, ബോളിവുഡ്, മലയാളം ചിത്രങ്ങളുടെ റിലീസിങ് സമയങ്ങളില്‍ ടിക്കറ്റ് ലഭിക്കാതെ മടങ്ങുന്ന അവസ്ഥയും ഇവിടങ്ങളിലുണ്ട്. എന്നാല്‍, മറ്റു ദിവസങ്ങളില്‍ കാണികളുടെ എണ്ണം ശുഷ്കമാണ്.
ടിക്കറ്റ് നിരക്ക് കൂടുതലായതിനാല്‍ സാധാരണ തൊഴിലാളികള്‍ക്ക് മള്‍ട്ടിപ്ളക്സുകള്‍ പലപ്പോഴും അപ്രാപ്യമാണ്. ഇടത്തരം സിനിമ തിയറ്ററുകള്‍ക്കാണ് രാജ്യത്ത് ഭാവിയുള്ളതെന്ന് ഇതുമായി ബന്ധപ്പെട്ട് ഖത്തറിലെ ഒരു സര്‍വകലാശാല നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ 75 ശതമാനവും സാധാരണ തൊഴിലാളികളാണെന്ന വസ്തുത കണക്കിലെടുത്താണിത്. ടിക്കറ്റ് നിരക്ക് കുറഞ്ഞ ഏഷ്യന്‍ ടൗണിലെ മിക്ക തിയേറ്ററുകളിലെയും വ്യാഴം, വെള്ളി ദിവസങ്ങളിലെ ജനത്തിരക്ക് ഈ കണ്ടത്തെല്‍ ശരിവെക്കുന്നതാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.