ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയവും മത്താഫും ‘ഓസ്കാര്‍’ പരിഗണനയില്‍

ദോഹ: കലാ-പുരാവസ്തു രംഗത്തെ ‘ഓസ്കാര്‍’ എന്നറിയപ്പെടുന്ന എല്‍.സി.ഡി അവാര്‍ഡിന്‍െറ പരിഗണനക്കായി ഖത്തറിലെ രണ്ട് ചരിത്ര മ്യൂസിയങ്ങളും. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്,  അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട് (മത്താഫ്) എന്നീ രണ്ട് പ്രധാന സാംസ്കാരിക-കലാ പ്രദര്‍ശന കേന്ദ്രങ്ങളാണ് ‘ലീഡിങ് കള്‍ച്ചറല്‍ ഡെസ്റ്റിനേഷന്‍സ് -എല്‍.സി.ഡി’ അവാര്‍ഡുകള്‍ക്കുള്ള പരിഗണനക്ക് നാമനിര്‍ദേശം ചെയ്തത്. 
ലോകത്തെ പ്രധാന സഞ്ചാരകേന്ദ്രങ്ങളെയും യാത്രാ സംബന്ധിയായ അനുഭവങ്ങളെയും വിഷയമാക്കുന്ന ത്രൈമാസിക പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് ‘ലീഡിങ് കള്‍ച്ചറല്‍ ഡെസ്റ്റിനേഷന്‍സ്’. 15 വര്‍ഷമായി മേഖലയിലുള്ള എല്‍.സി.ഡിയുടെ പുരസ്കാരം ഈ മേഖലയില്‍ വളരെ വിലമതിക്കപ്പെടുന്നതാണ്.
രൂപകല്‍പനയിലെയും നിര്‍മിതിയിലെയും ഉദാത്ത മാതൃകയെന്ന നിലക്കാണ് മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് അവാര്‍ഡിന്‍െറ പരിഗണനക്കുള്ള പട്ടികയില്‍ ഇടംപിടിച്ചത്. ഉത്തമ സാംസ്കാരിക കേന്ദ്രങ്ങള്‍ക്കുള്ള പുരസ്കാരത്തിനാണ് ‘മത്താഫ്’ പരിഗണക്കപ്പെടുന്നത്. 
വിവിധ നാടുകളില്‍നിന്ന് ഓരോവര്‍ഷവും അവാര്‍ഡുകള്‍ക്കുള്ള മ്യൂസിയങ്ങളെ എല്‍.സി.ഡി നിര്‍ദേശിക്കാറാണ് പതിവ്. പ്രദര്‍ശനവും നടത്തിപ്പും, രൂപകല്‍പനയും കാലാന്തരത്തിനനുയോജ്യമായ നിര്‍മിതി, ഭക്ഷണ കേന്ദ്രങ്ങള്‍, ഷോപ്പിങ് ആന്‍റ് ഡിജിറ്റല്‍ എക്സ്പീരിയന്‍സ് എന്നീ അഞ്ച് വ്യത്യസ്ത മേഖലകളും അവാര്‍ഡ് നിര്‍ണയത്തിന്‍െറ പരിഗണനക്ക് വരുന്നുണ്ട്.
ഈ വര്‍ഷത്തെ പട്ടികയിലുണ്ടായിരുന്ന പാരീസിലെ ലോവ്റെ മ്യൂസിയം, ന്യൂയോര്‍ക്ക് മ്യൂസിയം ഫോര്‍ മോഡേണ്‍ ആര്‍ട്ട്, ഫ്ളോറന്‍സ് ഗലേറിയ ഡെഗ്ളി ഉഫിസ്സി, മാഡ്രിഡ് റെയ്ന സോഫിയ എന്നീ മ്യൂസിയങ്ങളെല്ലാം ആദ്യഘട്ടത്തില്‍ പിന്തള്ളപ്പെട്ടിട്ടുണ്ട്. പാരമ്പര്യകലാ ശക്തികേന്ദ്രങ്ങളില്‍നിന്ന് മാറി ഭൂമിശാസ്ത്രപരമായി ഇനിയും കണ്ടത്തെിയിട്ടില്ലാത്ത ഇടങ്ങളിലെ  സാംസ്കാരിക കേന്ദ്രങ്ങളെ പരിചയപ്പെടുത്തുകയാണ് പുതിയ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിന്‍െറ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് മാത്രമാണ് മിഡീലിസ്റ്റില്‍ നിന്ന് ആര്‍ക്കിടെക്ചറല്‍  അവാര്‍ഡ് പരിഗണനക്ക് വന്ന ഏക മ്യൂസിയം. 
ഇത് മല്‍സരിക്കുന്നതാവട്ടെ ന്യൂയോര്‍ക്കിലെ ഗുഗന്‍ഹീം മ്യൂസിയത്തിനോടും ബില്‍ബാഒയോടുമാണ്. എന്നാല്‍, ദുബൈയിലെ മൂവിങ് ഇമേജ് മ്യൂസിയവും സല്‍സാലി പ്രൈവറ്റ് മ്യൂസിയവും, ഒമാന്‍െറ മസ്കത്ത് നാഷനല്‍ മ്യൂസിയവും ഖത്തറിന്‍െറ മത്താഫിനോടൊപ്പം മല്‍സരരംഗത്തുണ്ട്. ഏറ്റവും നല്ല സാംസ്കാരിക കേന്ദ്രങ്ങള്‍ക്കുള്ള അവാര്‍ഡിന്‍െറ പരിഗണനയിലാണ് ഇവയുള്ളത്. ലോക സഞ്ചാരരംഗത്തെ പ്രഗല്‍ഭരായ 74ഓളം സാംസ്കാരിക അംബാഡര്‍മാരുടെ സംഘമാണ് ജേതാക്കളെ കണ്ടത്തെുക. 
നവീന സാങ്കേതികവിദ്യകളെ ഉള്‍ക്കൊള്ളിച്ച് നിര്‍മിച്ചതും കാഴ്ചക്കാര്‍ക്ക് വിസ്മയാനുഭവങ്ങള്‍ നല്‍കുന്നതുമായ മ്യൂസിയങ്ങളും, രൂപകല്‍പനയിലും ഷോപ്പിങ്, രുചി അനുഭവങ്ങളിലെ വ്യത്യസ്തതയും നൂതനവുമായ സാങ്കേതികതയുമൊക്കെയായിരിക്കും ജൂറിയുടെ മുന്‍ഗണനകളെന്ന് എല്‍.സി.ഡി വെബ് സൈറ്റ് പറയുന്നു. ഒക്ടോബര്‍ ഒമ്പതിന് ലണ്ടനില്‍ വെച്ചാണ് വിജയികളെ പ്രഖ്യാപിക്കുക. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.